
കൊടിയത്തൂരില്‍ ആവേശം വാനോളമുയര്‍ത്തി ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം. മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കാണികള്‍ക്കും മത്സരരാർഥികള്‍ക്കും ഒരുപോലെ ആവേശം പകരാന്‍ ലിന്റോ ജോസഫ് എം എല്‍ എയും.
ചെറുവാടി പടിക്കംപാടത്തു സംഘടിപ്പിച്ച ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം ആവേശമായി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 30 ഓളം വാഹനങ്ങളാണ് ചെളിയുത്സവത്തിന്റെ ഭാഗമായത്. ജൂലൈ 24, 25, 26, 27 കോടഞ്ചേരി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച വണ്ടിപ്പൂട്ട് മത്സരത്തിന് വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.
മത്സരത്തിന്റെ സമ്മാനദാനത്തിനെത്തിയ ലിന്റോ ജോസഫ് എം എല്‍ എക്ക് മത്സരം കണ്ടപ്പോള്‍ ചളിയിലൂടെ വാഹനം ഓടിക്കണമെന്ന് ആഗ്രഹം. വെള്ളത്തുണിയും ഷര്‍ട്ടും മാറ്റി കള്ളിമുണ്ടും ടി ഷര്‍ട്ടും ധരിച്ചു നേരെ എം എല്‍ എയും ചളിയിലേക്ക്. മത്സരാര്‍ഥികളോട് കിടപിടിക്കുന്ന രീതിയിൽ എം എല്‍ എയും ജീപ്പ് ഓടിച്ചു.
വിജയികള്‍ക്ക് സമ്മാനം നല്‍കിയ ശേഷമാണ് ലിന്റോ ജോസഫ് എം എല്‍ എ മടങ്ങിയത്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്, ചെറുവാടി അഡ്വഞ്ചര്‍ ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. കേരളത്തില്‍ ആദ്യമായിട്ടാണ് സര്‍ക്കാര്‍ അംഗീകാരത്തോടെ വണ്ടിപ്പൂട്ട് മത്സരം സംഘടിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here