
വെറും അഞ്ചു മിനിറ്റു കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണ് ചിയ സീഡ് പുഡ്ഡിങ്. നാലു ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഈ വിഭവം ആരോഗ്യകരവും ഒപ്പം സ്വാദിഷ്ടവുമാണ്. ചിയ സീഡുകൾ പാലിൽ ഒരു രാത്രി മുഴുവൻ കുതിർത്താണ് ഈ പുഡ്ഡിങ് തയ്യാറാക്കുന്നത്. ചിയ വിത്തുകൾ പൊതുവെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. ഈ വിത്തുകൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഫൈബർ, കാൽസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടവുമാണ് ചിയ വിത്തുകൾ.
തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
2 ടേബിൾസ്പൂൺ ചിയ വിത്തുകൾ
¾ കപ്പ് തേങ്ങാപ്പാൽ
2 ടേബിൾസ്പൂൺ ശർക്കര പൊടി
പഴങ്ങൾ അരിഞ്ഞത്
നട്ട്സും ഡ്രൈ ഫ്രൂട്ട്സും ആവശ്യത്തിന്
Also read – ഉച്ചയ്ക്ക് ഊണ് കഴിക്കാൻ തോന്നുന്നില്ലേ? പഞ്ചാബി സ്റ്റൈൽ പനീർ പറാത്ത ട്രൈ ചെയ്യാം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു സൂപ്പർഫൈൻ സ്‌ട്രൈനറിൽ വെള്ളം ഉപയോഗിച്ച് വിത്തുകൾ കഴുകുക. ശേഷം ഒരു ഗ്ലാസിലോ ബൗളിലോ 2 ടേബിൾസ്പൂൺ ചിയ വിത്തുകൾ ചേർക്കുക. ¾ കപ്പ് ഇളം തേങ്ങാപ്പാൽ ചേർക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ ശർക്കര പൊടി ചേർക്കുക. കൂട്ടത്തിൽ നിങ്ങളുടെ ഇഷ്ടാനുസരണം ഏലയ്ക്ക പൊടിയോ, ചോക്കലേറ്റ് സിറപ്പോ,വാനില എസ്സെൻസോ ചേർക്കാം. ശർക്കര അലിഞ്ഞുപോകുന്നതുവരെ ചേരുവകൾ യോജിപ്പിക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് കട്ടകൾ ഇല്ലാതാകാം. ഗ്ലാസുകൾ അടച്ചുവെച്ച് കുറഞ്ഞത് 2 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക. ഇഷ്ടമുള്ള പഴങ്ങളും ഡ്രൈ ഫ്രൂട്സും നട്ട്സും ചേർത്ത് വിളമ്പാം. സ്വാദിഷ്ടമായ ചിയ സീഡ് പുഡ്ഡിങ് തയ്യാർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here