
വ്യത്യസ്ത തരം മസാല ദോശകളെ പറ്റി കേട്ടിട്ടുണ്ടോ? ഇന്ത്യൻ കോഫീ ഹൌസ് സ്റ്റൈൽ ബീറ്റു റൂട്ട് മസാലദോശ, മൈസൂർ മസാല ദോശ അങ്ങനെ വെറൈറ്റി മസാല ദോശകൾ ഉണ്ട് . അക്കൂട്ടത്തിൽ രുചികളിൽ കേമനായ ചിക്കൻ മസാല ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ.
ആവശ്യമായവ
ദോശമാവ് -ആവശ്യത്തിന്
എല്ലില്ലാത്ത ചിക്കൻ – അരക്കിലോ
വെളിച്ചെണ്ണ – രണ്ട് ടേബിൾസ്പൂൺ
സവാള നീളത്തിൽ അരിഞ്ഞത് – 4
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – 5 അല്ലി
പച്ചമുളക്- 4
കറിവേപ്പില – രണ്ട് കതിർപ്പ്
തക്കാളി – ഒന്ന്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി – രണ്ട് ടീസ്പൂൺ
ഗരംമസാല – ഒരു ടീസ്പൂൺ
കട്ടി തേങ്ങാപ്പാൽ – കാൽ കപ്പ്
എങ്ങനെ തയ്യാറാക്കാം
- ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചെറുതായി അരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.
- സവാള വെന്തു നിറം മാറി തുടങ്ങുമ്പോൾ മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
- ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.
- ഇടത്തരം തീയിൽ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല ചിക്കനിലെ വെള്ളം കൊണ്ടു തന്നെ നന്നായി വെന്തു കിട്ടും.
- ചിക്കൻ വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ കട്ടി തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.
- ഒരു ദോശ കല്ല് ചൂടാക്കി, ദോശ കനം കുറച്ചു പരത്തി അല്പം നെയ്യൊഴിച്ച ശേഷം തയാറാക്കി വച്ച മസാല ചേർത്ത് മടക്കി എടുക്കാം.
- രുചികരമായ ചിക്കൻ മസാല ദോശ തയാർ.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here