‘കേന്ദ്രത്തിനാകാം, സംസ്ഥാനം ചെയ്യരുതെന്നാണ്’; വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കേരളം പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

വികസനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിനാകാം, എന്നാല്‍ സംസ്ഥാനം ചെയ്യരുതെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം സ്വീകരിക്കുന്നത് ബദല്‍ നയങ്ങളാണ്. അതാണ് കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് കാരണം. സ്വാഭാവിക കേന്ദ്ര വിഹിതം പോലും നല്‍കാത്ത സാഹചര്യമുണ്ട്. സാമ്പത്തികമായി കേന്ദ്രം ബുദ്ധിമുട്ടിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കേരളം പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകം ഒരേ മനസോടെയാണ് കേരളത്തിന്റെ മികവ് നോക്കി കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ആരോഗ്യ രംഗത്ത് ഒരുക്കിയ സംവിധാനങ്ങളെ മറികടന്നു പോകാന്‍ കൊവിഡിന് പോലും ആയില്ല. കൊവിഡ് വരുമെന്ന് കണ്ടല്ല ആരോഗ്യരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നത്. സാധാരണക്കാരെ മുന്നില്‍ കണ്ടാണ് കേരളം മുന്നോട്ട് പോകുന്നത്. സ്‌കൂളുകളില്‍ മനോഹരമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. സ്‌കൂളുകള്‍ സ്മാര്‍ട്ട് സ്‌കൂളുകളായി. കഴിഞ്ഞ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ പുതുതായി വന്നു ചേര്‍ന്നത് 10 ലക്ഷം കുട്ടികലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ 62 ലക്ഷം പേര്‍ക്ക് നല്‍കുന്നുണ്ട്. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രണ്ട് വര്‍ഷത്തെ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ത്തു. ലൈഫ് മിഷനിലൂടെ 3.70 ലക്ഷം വീടുകളാണ് ഇതുവരെ നല്‍കിയത്. പതിനാല് ലക്ഷം പേര്‍ക്കാണ് സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിഞ്ഞത്. 41000 വീട് പൂര്‍ത്തീകരിക്കാന്‍ കരാറില്‍ ഒപ്പുവെച്ചു. ഇതൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരുന്നില്ലെങ്കില്‍ ചിന്തിക്കാന്‍ കഴിയില്ല. അതിദരിദ്രരെ ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2025 നവംബര്‍ 1 ന് അത് സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here