‘യുഡിഎഫ് അനുഭവിക്കുന്നത് ദുഷ്‌ചെയ്തികളുടെ ഫലം; യുഡിഎഫ് സംസ്‌കാരമുള്ളവരല്ല ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്’: മുഖ്യമന്ത്രി

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത, ഫലപ്രാപ്തി,സുതാര്യത എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഇ ഗവേര്‍ണന്‍സ് സംവിധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ അഴിമതി കുറയ്ക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി കെജിഒഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഇന്ത്യയില്‍ കേരളമാണ് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനം എന്ന പേര് കേരളത്തിന് നേടാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സേവനം പൗരകേന്ദ്രീകൃതമാക്കണം. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്ക് ഫയല്‍ അദാലത്തിന്റെ കാലഘട്ടത്തില്‍ മാത്രം ജാഗ്രത ഉണ്ടായാല്‍ പോര. സര്‍വ്വീസ് കാലയളവില്‍ മുഴുവന്‍ ആ ജാഗ്രത ഉണ്ടാവണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പടെ നടക്കില്ലെന്ന് കരുതിയ പല പദ്ധതികളും സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായി. 2016 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ഇത്തരം വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകില്ലായിരുന്നു. അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടറിയരുതെന്ന് ഒരു കൂട്ടര്‍ക്ക് വലിയ നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിന് വേണ്ടി ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ രാഷ്ട്രീയമായി എല്‍ഡിഎഫിനെ നേരിടുന്നവരാണ്. കള്ള പ്രചരണം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ കളങ്കപ്പെടുത്താനാകില്ല. യുഡിഎഫ് അനുഭവിക്കുന്നത് അവരുടെ ദുഷ്‌ചെയ്തികളുടെ ഫലമാണ്. പ്രതിപക്ഷത്തിന്റെ ദുരാരോപണങ്ങളും ഇല്ലാക്കഥകളും ഇവിടെ ഏശില്ല. യുഡിഎഫിന്റെ സംസ്‌കാരമുള്ളവരല്ല ഇപ്പോള്‍ അധികാരത്തിലിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here