
കേരളത്തിന്റെ മലയോര മേഖലയുടെ വികസനത്തിൽ നിർണ്ണായകമായ മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി – കക്കാടംപൊയിൽ റീച്ചിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. വികസനത്തിലൂടെ മാറുന്ന കേരളത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് മലയോര ഹൈവേ.
കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടം, ഉറുമി വെള്ളച്ചാട്ടം, ആനക്കല്ലംപാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ എന്നിവയുടെ സമീപത്തു കൂടി കടന്നു പോകുന്ന ഈ റോഡ് വിനോദ സഞ്ചാര മേഖലയുടെ വൻ കുതിച്ചു ചാട്ടത്തിനും കാർഷിക വാണിജ്യ വ്യാവസായിക മേഖലയുടെ പുരോഗതിക്കും ഊർജ്ജം പകരുമെന്ന പ്രത്യാശയും മലയോഹ ഹൈവേയുടെ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഇതുവരെ കണ്ടിട്ടില്ലാത്ത മാറ്റങ്ങളാണ് കഴിഞ്ഞ 8 വർഷത്തിനിടയിൽ കേരളത്തിലെ റോഡുകളുടെ വികസനത്തിൽ ഉണ്ടായത്. അസാധ്യമെന്ന് കരുതി എഴുതിത്തള്ളിയ ദേശീയ പാത വികസനം ഇന്ന് അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം സ്ഥലമേറ്റെടുപ്പിന്റെ 25% സംസ്ഥാന സർക്കാർ വഹിച്ചുകൊണ്ടാണ് ഈ നേട്ടം സാധ്യമാക്കിയത്.
അതേ സമയം, ദേശീയ പാതയും മറ്റു സംസ്ഥാന പാതകളും എത്താത്ത മേഖലകളിലെ റോഡുകളുടെ വികസനം ഉറപ്പു വരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി രൂപകല്പന ചെയ്ത ബൃഹദ് പദ്ധതികളിൽ ഒന്നായ മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലുള്ള കോടഞ്ചേരി – കക്കാടംപൊയിൽ റീച്ചിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടം, ഉറുമി വെള്ളച്ചാട്ടം, ആനക്കല്ലംപാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ എന്നിവയുടെ സമീപത്തു കൂടി കടന്നു പോകുന്ന ഈ റോഡ് വിനോദ സഞ്ചാര മേഖലയുടെ വൻ കുതിച്ചു ചാട്ടത്തിനും കാർഷിക വാണിജ്യ വ്യാവസായിക മേഖലയുടെ പുരോഗതിക്കും ഊർജ്ജം പകരും.
കാസർഗോഡ് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ നീളുന്ന മലയോര ഹൈവേ കേരളത്തിന്റെ മലയോര മേഖലയുടെ വികസനത്തിൽ നിർണ്ണായകമായ പദ്ധതിയാണ്. ആ പ്രദേശങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുവാനും ടൂറിസം, കാർഷിക, വ്യാവസായിക മേഖലകളെ പരിപോഷിപ്പിക്കാനും സഹായകമാകുന്ന ഈ പദ്ധതി ആ പ്രദേശങ്ങളിലെ ജനജീവിതത്തെ ഏറെ മെച്ചപ്പെടുത്തും. കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്താണ് സർക്കാർ മുന്നോട്ടു നീങ്ങുന്നത്. അവ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നത് ജനങ്ങളുടെ സഹകരണവും പിന്തുണയും കാരണമാണ്. സർക്കാരും ജനങ്ങളും തമ്മിലുള്ള സുദൃഢമായ ഈ ബന്ധത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളിലൊന്നാണ് കേരളത്തിന്റെ അഭിമാനമായ മലയോര ഹൈവേ എന്ന് നിസ്സംശയം പറയാം. ഈ നേട്ടത്തിൽ നമുക്കേവർക്കും അഭിമാനിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



