കൊച്ചി മെട്രോയുടെ പ്രവർത്തന ലാഭം വികസനക്കുതിപ്പിന് ശക്തി പകരും; മുഖ്യമന്ത്രി പിണറായി വിജയൻ

2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ വരുമാനത്തിലുണ്ടായ ലാഭത്തെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2017 ജൂണിൽ സർവ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കൊവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടിയായാണ് ഉയർന്നിരിക്കുന്നത്. കൊച്ചി മെട്രോയുടെ പ്രവർത്തന ലാഭം നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരും എന്നും മുഖ്യമന്ത്രി കുറിച്ചു.

ALSO READ:സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഏതൊരു നാടിന്റെയും വികസനമുന്നേറ്റത്തിന് ഊർജ്ജം പകരുന്ന കാര്യമാണ് അവിടത്തെ പൊതുഗതാഗത രംഗത്തിന്റെ വളർച്ചയെന്നത്. കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലുണ്ടായ 145% വർദ്ധനവുവഴി പ്രവർത്തന ലാഭം നേടിയിരിക്കുന്നു. 2017 ജൂണിൽ സർവ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നത്.
കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നിരിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വന്ന വർദ്ധനവാണ് ഇതിനു കാരണം. കൊച്ചി മെട്രോ ആരംഭിച്ച 2017 ൽ 59,894 ആളുകളാണ് ഇതിലൂടെ യാത്ര ചെയ്തത്. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി (കെഎംആർഎൽ) ന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലേക്കുമെത്തുകയുണ്ടായി.
അത്യാധുനിക പശ്ചാത്തല സൗകര്യങ്ങൾ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാനും സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു. കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News