‘നവകേരള നിര്‍മിതിക്ക് എല്ലാവരും ഒന്നിച്ച് നില്‍ക്കണം’; മുഖ്യമന്ത്രി എഴുതുന്നു

രണ്ടു കൈകളുമില്ലാത്ത ഒരു പെണ്‍കുട്ടി നേടിയ വിസ്മയകരമായ നൈപുണ്യത്തിന് അംഗീകാരം നല്‍കിയ ചടങ്ങോടെയാണ് ശനിയാഴ്ച പാലക്കാട്ട് നവകേരള സദസ്സ് പ്രഭാത യോഗം ആരംഭിച്ചത്. ഡിസംബര്‍ മൂന്ന് ഭിന്നശേഷി ദിനമാണ്. അതിന്റെ ഭാഗമായാണ് ജിലുമോള്‍ എന്ന തൊടുപുഴക്കാരിക്ക് ഫോര്‍വീല്‍ ഡ്രൈവിങ് ലൈസന്‍സ് കൊടുക്കുന്ന ചടങ്ങ് പാലക്കാട്ട് നടത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമീഷന്‍ അഭ്യര്‍ഥിച്ചത്. കാലുകൊണ്ട് ഡ്രൈവ് ചെയ്യാന്‍ പരിശീലിക്കുകയും വാഹനത്തിന് അതിനനുസൃതമായ മാറ്റം വരുത്തുകയും ചെയ്തശേഷമാണ് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ജിലു ലൈസന്‍സ് നേടിയത്. അതിന് സഹായം നല്‍കിയ ആര്‍ടിഒ അധികൃതരും എത്തിയിരുന്നു.

പാലക്കാട് ജില്ലയിലെ രണ്ടാം ദിവസം പാലക്കാട് നഗരത്തില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. കൊടുംചൂടില്‍ ഉച്ചനേരത്ത് നഗരത്തിലുണ്ടായ ജനക്കൂട്ടം നവകേരള സദസ്സിന്റെ സ്വീകാര്യതയുടെ വ്യാപ്തി തെളിയിക്കുന്നതായിരുന്നു. അതിന്റെ പ്രതിഫലനമാണ് പ്രഭാത സദസ്സിലുമുണ്ടായത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ വി ഗോപിനാഥ് പ്രഭാത സദസ്സിന് എത്തിയിരുന്നു. ‘എല്ലായിടത്തും നവകേരള സദസ്സാണ് ചര്‍ച്ച. ഇതുപോലെ ഒരു സംഭവം കേരള രാഷ്ട്രീയ ചരിത്രത്തിലുണ്ടായിട്ടില്ല. നവകേരള നിര്‍മിതിക്ക് എല്ലാവരും ഒന്നിച്ചുപോകണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്. ഇതിനോട് മുഖം തിരിച്ചത് ശരിയായില്ല’ -താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. മറഞ്ഞുനിന്ന് കാര്യം പറയാതെ നേരിട്ട് കാര്യങ്ങള്‍ പറയാനാണ് താനിവിടെ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ടെ കര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയില്‍ വലിയ പ്രതീക്ഷയുണ്ടൈന്നും കര്‍ഷകരെ രക്ഷിക്കണമെന്ന് പറയാനാണ് എത്തിയതെന്നും പാലക്കാട്ടെ ജനാവലി സര്‍ക്കാരിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

READ ALSO:രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്‍തൂക്കം

നവകേരള സദസ്സുകൊണ്ട് ഒരു പാര്‍ടിയിലും പ്രശ്നം ഉണ്ടാക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും നാടിന്റെ വികാരത്തിനൊപ്പം ചേര്‍ന്നുനിന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പ്രതികരിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട പണം ലഭിക്കാത്തതും പൊതുവായ സാമ്പത്തിക പ്രയാസവുമാണ് തടസ്സം. സാങ്കേതികമായ ചില കുരുക്കുകളുമുണ്ട്. ഇതെല്ലാം പരിഹരിച്ച് സര്‍ക്കാര്‍ കര്‍ഷകരോടൊപ്പം തന്നെയുണ്ടാകും. നാളികേര സംഭരണം ശക്തിപ്പെടുത്തുമെന്നും തൊഴിലുറപ്പ് തൊഴിലാളികളെ കാര്‍ഷികമേഖലയില്‍ ലഭ്യമാക്കുന്നതിന് കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും യോഗത്തില്‍ വ്യക്തമാക്കി.

ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയുള്ള പരിഹാര ശ്രമം അഭിനന്ദനീയമാണെന്ന് മുജാഹിദീന്‍ നേതാവ് ഉണ്ണീന്‍കുട്ടി മൗലവി പറഞ്ഞു. രാജ്യത്തെ അനിഷ്ടകരമായ സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ലഹരിമുക്ത ഭാരതം എന്ന രാഷ്ട്രപിതാവിന്റെ കാഴ്ചപ്പാട് നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ചു. രാജ്യമൊന്നാകെ അരക്ഷിതാവസ്ഥയുണ്ടെന്നും ഇത്രയും നാള്‍ ജീവിച്ചപോലെ ഇനി ജീവിക്കാനാകുമോ എന്ന് വലിയ വിഭാഗം ആശങ്കപ്പെടുന്നുണ്ടെന്നും അതിന് മറുപടിയായി പറഞ്ഞു. ലഹരിമാഫിയയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുന്നുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും ഈ വിഷയത്തില്‍ നിലവില്‍ കാണിക്കുന്ന ജാഗ്രത തുടരണമെന്നും യോഗത്തില്‍ വിശദീകരിച്ചു. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ലത്തീന്‍ സമുദായത്തിന് സര്‍ക്കാര്‍ പിന്തുണ ആവശ്യമാണെന്ന് പാലക്കാട് ലത്തീന്‍ രൂപത ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റര്‍ പറഞ്ഞു.

READ ALSO:തെലങ്കാനയില്‍ ആദ്യ ഫലസൂചനയില്‍ കോണ്‍ഗ്രസ് മുന്നില്‍

നവകേരള സദസ്സ് ശ്രദ്ധേയമായ പരിപാടിയാണെന്നും ഭാവിയിലെ ഭരണകൂടങ്ങള്‍ക്ക് മാതൃകയാണെന്നും പാലക്കാട് ജില്ലാ മഹല്ല് സംയുക്ത ഖാളി കെ പി മുഹമ്മദ് മുസ്ലിയാര്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജ് പൂര്‍ണമായി സജ്ജമാക്കാന്‍ നടപടിയെടുക്കണം, പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നത് തടയണം, അട്ടപ്പാടിയിലേക്ക് മികച്ച റോഡൊരുക്കണം എന്നീ ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട പ്രശ്നം ഗൗരവമായി കാണുന്നുണ്ടെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും ഉറപ്പു നല്‍കി. പോക്സോ നിയമം കുട്ടികള്‍ക്ക് മികച്ച സംരക്ഷണം നല്‍കുന്ന നിയമമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കരുത്. അട്ടപ്പാടിയിലേക്കുള്ള റോഡ് വികസനത്തിന് കിഫ്ബി പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് മറുപടി നല്‍കി.

പാലക്കാട് കോടതി സമുച്ചയത്തിന്റെ നിര്‍മാണ തടസ്സം നീക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് 97 വയസ്സുകാരനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. പി ബി മേനോന്‍ ആവശ്യപ്പെട്ടത്. കേന്ദ്ര ആര്‍ക്കിയോളജിവകുപ്പാണ് നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നതെന്നും കൂട്ടായി ഇത് പരിഹരിക്കാന്‍ ശ്രമിക്കാമെന്നും മറുപടി പറഞ്ഞു. ചിന്മയമിഷനു സമീപമുള്ള സ്പോര്‍ട്സ് കോംപ്ലക്സും ഇന്‍ഡോര്‍ സ്റ്റേഡിയവും പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇടപെടണമെന്നാണ് സ്വാമി അശേഷാനന്ദ് ആവശ്യപ്പെട്ടത്. ഇത് പരിശോധിച്ച് നടപടിയെടുക്കും. മറ്റു സംസ്ഥാനങ്ങള്‍ക്കും വിദേശരാജ്യങ്ങള്‍ക്കുംവരെ അനുകരിക്കാവുന്ന മാതൃകയാണ് നവകേരള സദസ്സെന്ന് മുണ്ടൂര്‍ സേതുമാധവന്‍ അഭിപ്രായപ്പെട്ടു.

ഇ- -ഗ്രാന്റ്‌സുപോലുള്ളവ മുടങ്ങിക്കിടക്കുന്നത് സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കോളേജ് വിദ്യാര്‍ഥിനി കാവ്യ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ വീഴ്ച ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും സ്‌കോളര്‍ഷിപ് വിതരണം കൃത്യമായി കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനോട് പ്രതികരിച്ചു.

ദേശീയ -അന്തര്‍ദേശീയ സംസ്ഥാനതല മത്സരങ്ങളില്‍ മെഡല്‍ നേടി വരുന്ന കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒഴിവുള്ള കായികാധ്യാപകരുടെ തസ്തിക നികത്തണമെന്നും ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ ആവശ്യപ്പെട്ടു. കായികതാരങ്ങള്‍ക്ക് ഏറ്റവും അധികം ജോലി നല്‍കുന്നത് കേരളത്തിലാണ് എന്ന വസ്തുത ചൂണ്ടിക്കാട്ടി, അക്കാര്യത്തില്‍ അതീവ താല്‍പ്പര്യത്തോടെതന്നെ ഇടപെടുമെന്ന് അതിനോട് പ്രതികരിച്ചു. ക്ഷേമ പെന്‍ഷന്‍ വേഗം കൊടുത്തുതീര്‍ക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും സാമൂഹിക പെന്‍ഷനുകള്‍ ഓരോ മാസവും കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്നും റിട്ട. അധ്യാപകന്‍ നാരായണന്‍കുട്ടി ഉന്നയിച്ച പരാതിക്ക് മറുപടിയായി പറഞ്ഞു. അട്ടപ്പാടിയില്‍ ടൂറിസം വികസനത്തിനുള്ള പിന്തുണയാണ് ഫാദര്‍ സജി ആവശ്യപ്പെട്ടത്.

കേരളത്തിലെ ഏറ്റവും വലിയ റിസര്‍വോയറായ മലമ്പുഴയിലെ തുരുത്തുകള്‍ ഇക്കോ-ടൂറിസത്തിന്റെ ഭാഗമാക്കണമെന്നും റിസര്‍വോയറില്‍ ഹൗസ് ബോട്ട് സംവിധാനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഡോ. പി ആര്‍ ശ്രീമഹാദേവന്‍ പിള്ള അഭിപ്രായപ്പെട്ടു. വാളയാര്‍ കേന്ദ്രീകരിച്ച് ഗതാഗത വികസനം, പ്രൊഫഷണലുകളെ സമൂഹത്തിനായി പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ അഭിപ്രായങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. പ്രൊഫഷണലുകളുടെ സേവനം നാടിന് എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്ന് പരിശോധിക്കുമെന്ന് മറുപടി നല്‍കി.

വ്യവസായമേഖലയെ വിദ്യാഭ്യാസമേഖലയുമായി ബന്ധിപ്പിക്കണം, പ്രവാസികള്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിച്ച നല്ല അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദി ഉണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നു. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കോങ്ങാട് പാമ്പന്‍തോട് കോളനിയില്‍ 92 വീട് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കിയതിന് ഊരുമൂപ്പന്‍ നാഗന്‍ യോഗത്തില്‍ സര്‍ക്കാരിന് നന്ദി അറിയിച്ചു. വളരെയേറെ പ്രസക്തിയുള്ളതും സ്വാനുഭവങ്ങളുടെ ചൂടുള്ളതുമായ നിര്‍ദേശങ്ങളായിരുന്നു ഏറെയും. ഇതുപോലുള്ള കൂടിച്ചേരലുകള്‍ കൂടുതല്‍ വിപുലമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഓരോ ചര്‍ച്ചയിലും വ്യക്തമാകുന്നത്.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News