35 എസ്എഫ്ഐ പ്രവർത്തകരാണ് ഈ നാട്ടിൽ കൊലചെയ്യപ്പെട്ടത്, ഈ സാഹചര്യം കെഎസ് യുവിന് പറയാനുണ്ടോ? മുഖ്യമന്ത്രി

തെറ്റായ രീതികൾ പ്രചരണത്തിന് വേണ്ടി കോൺഗ്രസ് ഉപയോഗിക്കാറുണ്ടെന്ന് മുഖ്യമന്ത്രി. വയനാട്ടിൽ ഗാന്ധി ചിത്രം തകർത്തതും എ. കെ. ജി സെൻ്റർ ആക്രമണവും ഉദാഹരണം ആണെന്നും അദ്ദേഹം എടുത്തുകാട്ടി. ഇതൊക്കെ ആരാണ് ചെയ്തതെന്ന് പിന്നീട് ബോധ്യമായല്ലോ. ഏതാനും വർഷം മുമ്പ് ചാപ്പകുത്തൽ സംഭവം എസ്എഫ് ഐക്കെതിരെ ഉപയോഗിച്ചു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിനിടെ 35 എസ്എഫ്ഐക്കാർ കൊല ചെയ്യപ്പെട്ടു. ഇത്തരം ഒന്ന് കെ.എസ് യുവിന് പറയാനുണ്ടോ. ധീരജ് കൊല്ലപ്പെട്ടപ്പോൾ ഇരന്നു വാങ്ങിയ കൊലപാതകം എന്ന് പറഞ്ഞതാരാ- കൊലനടത്തുക – നിർലജ്ജം അതിനെ ന്യായീകരിക്കുക – സംരക്ഷണം നൽകുക – ഇതാണ് നിങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന അവസ്ഥ തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഇതുണ്ടാകാന്‍ പാടില്ലായെന്ന വ്യക്തമായ അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി പോലീസ് ആവശ്യമായ ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. ക്യാമ്പസുകളില്‍ സംഘര്‍ഷാവസ്ഥ സംജാതമാകുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ആവശ്യമായ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.

സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പോടോടുകൂടി മാത്രം കണ്ടുകൊണ്ട് ഒരു പ്രത്യേക വിദ്യാര്‍ത്ഥി സംഘടനയെ താറടിക്കാനുള്ള തത്രപ്പാടാണ് പ്രശ്‌നങ്ങളെ ഒന്നുകൂടി വഷളാക്കുന്നത്. സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ആരാണെന്നും സംഭവങ്ങളുടെ നിജസ്ഥിതി എന്താണെന്നും അന്വേഷിച്ചു കണ്ടെത്തുന്നതിനു മുമ്പുതന്നെ പക്ഷപാതപരമായ വിധിയെഴുത്ത് നടത്തുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളെ തുരങ്കംവയ്ക്കുന്ന സമീപനമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ നല്ല ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ‘നാക്’ അക്രെഡിറ്റേഷനിലും എന്‍.ഐ.ആര്‍.എഫ് റാങ്കിംഗിലും കേരളത്തിലെ സര്‍വകലാശാലകളും കോളേജുകളും മുന്‍നിരയില്‍ നില്‍ക്കുന്നു എന്ന അഭിമാനകരമായ വസ്തുതയെ തമസ്‌ക്കരിച്ചു കൊണ്ടാണ് ക്യാമ്പസുകളിലാകെ ഗുണ്ടാവിളയാട്ടമാണെന്ന പ്രചാരണം നടത്തുന്നത്. ഇത് മരം കണ്ടു, കാട് കണ്ടില്ല എന്ന അവസ്ഥയാണ്.

ഇവിടെ ഒരിടയ്ക്ക് ക്യാമ്പസുകളില്‍ രാഷ്ട്രീയം പാടില്ലായെന്നുവരെ ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം അധികാരത്തില്‍ വന്ന ആദ്യത്തെ ഗവണ്‍മെന്റ് നടപ്പില്‍ വരുത്തിയ പുരോഗമനപരമായ പല പരിഷ്‌ക്കരണങ്ങള്‍ക്കുമെതിരെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കിയത് ചരിത്രത്തിന്റെ ഭാഗമാണ്. അപ്രകാരം പിന്തിരപ്പന്‍ ശക്തികളുടെ അജണ്ട നടപ്പിലാക്കാന്‍ സര്‍വ്വാത്മനാ പിന്തുണ നല്‍കിയവരാണ് അവരുടെ ആശയങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അംഗീകാരം ലഭിക്കാതെ വന്നപ്പോള്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വാളോങ്ങിയത്.

ALSO READ: കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

ക്യാമ്പസിലെ സംഘട്ടനങ്ങള്‍ അപലപനീയവും അനഭിലഷണീയവുമാണ്. ഇക്കാര്യത്തില്‍ ഉത്തരവാദികളായവര്‍ നടപടികള്‍ നേരിടുകയും വേണം. പക്ഷെ, ഒരു പ്രത്യേക സംഘടനയില്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തി വസ്തുതകളെ വക്രീകരിക്കുന്ന നടപടി ഉണ്ടാകാന്‍ പാടില്ല. ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി സംഘടനയുടെ ലേബല്‍ അടിസ്ഥാനപ്പെടുത്തി ‘മരണം ഇരന്നുവാങ്ങി’യതാണെന്ന അഭിപ്രായം ഒരു മുതിര്‍ന്ന നേതാവ് പറയുകയുണ്ടായി. അതിനെ ചെറിയ തോതിലെങ്കിലും അപലപിക്കാന്‍ നിങ്ങള്‍ തയ്യാറായിട്ടുണ്ടോ? ഇത്തരം സമീപനങ്ങളാണ് ക്യാമ്പസുകളിലെ സംഘര്‍ഷങ്ങള്‍ക്ക് ത്വരകമായി മാറുന്നത്. പക്ഷപാതപരമായി മാത്രം കാര്യങ്ങളെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതിന് സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകാം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത്തരം ഒരു ഉദ്ദേശ്യവും അംഗീകരിക്കാന്‍ കഴിയില്ല.

വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ വഴിവിട്ടു പോകാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ക്രമസമാധാനപാലകരും ഒരുമിച്ച് പരിശ്രമങ്ങള്‍ നടത്തണം. അതിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഗുണമേന്മയുള്ളതാക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കേണ്ടത് പഠനത്തിന്റെയും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും സുഗമമായ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ഇത് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുകയാണ്.

ALSO READ: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ പീഡന കേസ്; സുപ്രീംകോടതിയെ സമീപിച്ച് പരാതിക്കാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News