മുഖ്യമന്ത്രി ഏപ്രില്‍ 24ന് കോന്നി ഗവ.മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തും: ജനീഷ് കുമാര്‍ എംഎല്‍എ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 24ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി എം.എല്‍.എ മെഡിക്കല്‍ കോളേജിലെത്തി വിലയിരുത്തി.

ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാന്‍ ഏപ്രില്‍ 24ന് മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളേജിലേക്ക് ആദ്യമായി എത്തുന്ന മുഖ്യമന്ത്രിയെ കോന്നി നാട് ഒന്നാകെ സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി മെഡിക്കല്‍ കോളേജിലെത്തിയ എം.എല്‍.എ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി.

രണ്ടാം ഘട്ട വികസനം

മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടു പോകുന്നതായി എം.എല്‍.എ പറഞ്ഞു. കിഫ്ബി യില്‍ നിന്നും അനുവദിച്ച 352 കോടിയുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പ്രധാനമായും നിര്‍മ്മിക്കുന്നത് 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടമാണ്.നിര്‍മ്മാണം പൂര്‍ത്തിയായാല്‍ നിലവിലുള്ള 300 കിടക്കകളുള്ള നിലവിലെ കെട്ടിടവുമായി പുതിയ കെട്ടിടം ബന്ധിപ്പിക്കും. അതോടെ 500 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കല്‍ കോളേജ് മാറും.

രണ്ടാം ഘട്ടത്തില്‍ ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍ നിര്‍മ്മാണവും നടക്കുകയാണ്.ജൂണ്‍ മാസത്തില്‍ ഹോസ്റ്റലില്‍ കുട്ടികളുടെ പ്രവേശനം സാധ്യമാക്കത്തക്ക നിലയില്‍ വേഗത്തിലാണ് ഹോസ്റ്റല്‍ നിര്‍മ്മാണം നടക്കുന്നത്. ആണ്‍ കുട്ടികള്‍ക്ക് 5 നിലയിലും, പെണ്‍കുട്ടികള്‍ക്ക് 6 നിലയിലുമുള്ള ഹോസ്റ്റലാണ് പൂര്‍ത്തിയാകുന്നത്.

ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് 11 നിലകളുള്ള ഫ്‌ലാറ്റിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്.നാല് ടവറുകളായാണ് ഫ്‌ലാറ്റ് നിര്‍മ്മിക്കുന്നത്.160 ജീവനക്കാക്കും, കുടുംബാംഗങ്ങള്‍ക്കും ഫ്‌ലാറ്റില്‍ താമസ സൗകര്യമുണ്ടായിരിക്കും. ലോണ്‍ട്രി ബ്ലോക്കിന്റെ നിര്‍മ്മാണവും 80 ശതമാനം പൂര്‍ത്തിയായി.

മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, മോര്‍ച്ചറി, ആയിരം പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയം, പ്രിന്‍സിപ്പാളിനു താമസിക്കുന്നതിനുള്ള ഡീന്‍ വില്ല എന്നിവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിര്‍മ്മിക്കുകയാണ്.

നിലവിലുള്ള ആശുപത്രി കെട്ടിടത്തില്‍ ലക്ഷ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഗൈനക്കോളജി ഓപ്പറേഷന്‍ തീയറ്റര്‍, ഡലിവറി റൂം, വാര്‍ഡ് തുടങ്ങിയവ അത്യന്താധുനിക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി എന്‍.എച്ച്.എമ്മില്‍ നിന്നും 3.3 കോടി രൂപയാണ് ചെലവഴിച്ചത്.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാക്കോസ് ആണ് നിര്‍മ്മാണം നടത്തിയത്.

ഐ.സി.യു

പീഡിയാട്രിക്ക് ഐ.സി.യു നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.എല്‍.എച്ച്.എം ഫണ്ടില്‍ നിന്നും 16 ലക്ഷം ഉപയോഗിച്ച് എച്ച്.എല്‍.എല്‍.ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

സര്‍ജിക്കല്‍ ഐ.സി.യുവിന്റെ ഇന്റീരിയല്‍ വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കെ.എം.എസ്.സി.ല്‍ നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.മെഡിക്കല്‍ ഐ.സി.യു.വിന്റെ നിര്‍മ്മാണവും കെ.എം.എസ്.സി.ല്‍ ആണ് നടത്തുന്നത്.

മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്റര്‍

അഞ്ച് മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്ററുകള്‍ കെ.എം.എസ്.സി.ല്‍ ആണ് ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുന്നത്. 50 ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനിയും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാനല്‍ എത്തിച്ചേരാനുണ്ട്. അതിനു ശേഷം ഒ.റ്റി.ഇന്റഗ്രേഷന്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തനസജ്ജമാകും.

മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍

മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മ്മാണം 90 ശതമാനവും പൂര്‍ത്തിയായി.ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നും പൈപ്പ് ലൈനിലൂടെയാണ് ഓക്‌സിജന്‍ ഓപ്പറേഷല്‍ തീയറ്ററിലും, ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലും എത്തിക്കുന്നത്.

മോഡുലാര്‍ രക്ത ബാങ്ക്

മോഡുലാര്‍ രക്ത ബാങ്കിന്റെ നിര്‍മ്മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. രക്ത ബാങ്കിനുള്ള എന്‍.ഒ.സി ലഭ്യമായി. ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരളാ ഡ്രഗ് കണ്‍ട്രോളര്‍ ഓഫീസില്‍ നിന്നുമാണ് ലൈസന്‍സ് ലഭിക്കേണ്ടത്. കിഫ്ബിയില്‍ നിന്നും 1.28 കോടി രൂപയുടെ ഉപകരണങ്ങളാണ് മോഡുലാര്‍ രക്ത ബാങ്കില്‍ സ്ഥാപിക്കുന്നത്. രക്തത്തില്‍ നിന്നും ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിന് 45 ലക്ഷം വിലവരുന്ന ക്രയോ ഫ്യൂജ് , എലിസ പ്രൊസസര്‍ ഉള്‍പ്പടെ 22 ഉപകരണങ്ങളാണ് കഫ്ബി ധന സഹായത്തില്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വാങ്ങാന്‍ സപ്ലെളെ ഓര്‍ഡര്‍ നല്കിയിട്ടുള്ളത്. രക്തം ശേഖരിക്കുന്നതിനുള്ള ഫ്രിഡ്ജ്, ഫ്രീസര്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.

സപ്‌ളെ ഓര്‍ഡര്‍ നല്കിയ 22 ഉപകരണങ്ങളില്‍ മള്‍ട്ടി ഫങ്ങ്ഷണല്‍ കൗച്ച് മൂന്ന് എണ്ണം ലഭ്യമായിട്ടുണ്ട്. ക്രോസ് മാച്ച് ചെയ്യുന്നതിനുള്ള ജെല്‍ കാര്‍ഡ് സെന്‍ട്രി ഫ്യൂജ് 2 എണ്ണവും, ബ്ലഡ് എടുക്കാന്‍ ഉപയോഗിക്കുന്ന ബ്ലഡ് കളക്ഷന്‍ മോണിട്ടേഴ്‌സ് 3 എണ്ണവും കമ്പനികള്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്.മറ്റു കമ്പനികളും ഉപകരണങ്ങള്‍ ഉടന്‍ തന്നെ എത്തിച്ചു നല്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഫെഡറല്‍ ബാങ്ക് 8.5 ലക്ഷം രൂപയുടെ സഹായവും നല്കിയിട്ടുണ്ട്.ഉപകരണങ്ങള്‍ ലഭ്യമായാല്‍ ഉടന്‍ തന്നെ ലൈസന്‍സ് ലഭ്യമാക്കാന്‍ കഴിയും. ഒരു മാസത്തിനുള്ളില്‍ രക്ത ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

സി.ടി.സ്‌കാന്‍

സി.റ്റി.സ്‌കാന്‍ പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമായി. 5 കോടി ചെലവഴിച്ചാണ് ജി.ഇ.ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ അത്യാധുനിക സി .ടി .സ്‌കാന്‍ സംവിധാനം മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയത്.ഇതോടെ രോഗനിര്‍ണ്ണയം വേഗത്തില്‍ നടത്തി ആധുനിക ചികിത്സ രോഗികള്‍ക്ക് ഉറപ്പാക്കാന്‍ കഴിയും. സി.ടി.സ്‌കാന്‍ മുറി, സി.ടി. പ്രിപ്പറേഷന്‍ മുറി, സി.ടി.കണ്‍സോള്‍, സി.ടി. റിപ്പോര്‍ട്ടിംഗ് മുറി, റേഡിയോളജി സ്റ്റോര്‍ മുറി,. യു.പി.എസ് മുറി, ഡോക്ടര്‍മാര്‍ക്കും, നേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള മുറികള്‍ തുടങ്ങിയ സംവിധാനങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി കൂടി മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനും, സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു.ആരോഗ്യ മന്ത്രി ഒന്നാം പരിഗണന നല്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മെഡിക്കല്‍ കോളേജിനെ വേഗത്തില്‍ പൂര്‍ണ്ണ സജ്ജമാക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.

എം.എല്‍.എയോടൊപ്പം പ്രിന്‍സിപ്പാള്‍ ഡോ:മെറിയം വര്‍ക്കി, സൂപ്രണ്ട് ഇന്‍ചാര്‍ജ്ജ് ഡോ: ഷാജി അങ്കന്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ: റൂബി മേരി പയസ്,എച്ച്.എല്‍.എല്‍ സീനിയര്‍ മാനേജര്‍ രതീഷ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News