
കുഞ്ഞ് ആഞ്ചലോയുടെ ലോകം ഇത്രയും നാൾ നിശബ്ദമായിരുന്നു. എന്നാൽ ഇന്നലെ ആഞ്ചലോയെ തേടി ഒരു ശബ്ദമെത്തി. മോനേ… ആഞ്ചലോ… സ്നേഹ വാത്സ്യല്ലങ്ങളോടെ ആ ശബ്ദം അവൻ്റെ കർണപടങ്ങളെ തലോടി. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂക്കയുടെ ശബ്ദമായിരുന്നു അത്. കേൾവി ശക്തിയില്ലാത്ത ആഞ്ചലോ എന്ന കുരുന്ന് ആദ്യം കേട്ട ശബ്ദം അങ്ങനെ മലയാളത്തിൻ്റെ പ്രിയതാരത്തിൻ്റേതായി. ഇടുക്കി ചെമ്മണ്ണാർ സ്വദേശികളായ ജെയ്‌സൺ– ആൻഷ ദമ്പതികളുടെ മകനാണ് ആഞ്ചലോ.
ജന്മനാ കേൾവിയില്ലാത്ത് കുട്ടിക്ക് മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടപ്പാക്കുന്ന ‘കാതോട് കാതോരം’ പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തുകയും കേൾവി ശക്തി ലഭിക്കുകയുമായിരുന്നു. അതിന് ശേഷമുള്ള സ്വച്ച് ഓൺ ചടങ്ങിലാണ് കുരുന്നിനെത്തേടി മമ്മൂക്കയുടെ ശബ്ദമെത്തിയത്.
മോനേ ആഞ്ചലോ ഇത് ഞാനാ മമ്മൂട്ടി, മോൻ സിനിമയിലൊക്കെ കണ്ടു കാണും. മോൻ നന്നായി പഠിക്കണം, അച്ഛനേയും അമ്മയേയും സ്നേഹിക്കണം, നന്നായി വളരണം ഇങ്ങനെയായിരുന്നു മമ്മൂക്ക ആഞ്ചെലോയോട് പറഞ്ഞത്. ആദ്യമായി കേട്ട ശബ്ദത്തിൻ്റെ അമ്പരപ്പിലായിരുന്നു ആദ്യം ആഞ്ചലോ പിന്നെയവന്റെ മുഖത്ത് ഒരു ചിരി പടർന്നു. കേൾവിയുടെ സുഖമറിഞ്ഞ മനോഹരമായൊരു ചിരി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

