ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ ചിത്രീകരിച്ച് സംപ്രേഷണം നടത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. വ്യാജവാര്‍ത്തകള്‍ ചമയ്ക്കുകയോ തെറ്റായ സന്ദേശങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയില്‍ വരണം.

30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജ വാര്‍ത്ത നിര്‍മ്മിതി ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. വാര്‍ത്താമാധ്യമങ്ങള്‍ പ്രത്യേകമായ ശ്രദ്ധ നേടിയെടുക്കാന്‍ നിയമലംഘനം നടത്തുന്നത് ആശാസ്യകരമല്ലെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടി ആവശ്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം കേസിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസുഖം കാരണം ബുധനാഴ്ച ഹാജരാകാൻ കഴിയില്ലെന്ന് സിന്ധു സൂര്യകുമാർ അറിയിച്ചു. വ്യാജ വീഡിയോ കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടീസിന് നൽകിയ മറുപടിയിലാണ് സിന്ധു സൂര്യകുമാർ അസൗകര്യം അറിയിച്ചത്.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് റിജിയണൽ എഡിറ്റർ ഷാജഹാനെ അന്വേഷണസംഘം ചൊവ്വാഴ്ച രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു.വീഡിയോ ചിത്രികരിച്ചതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പൊലിസിന് ലഭിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണം, ഉദ്യോസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നും ഉത്തരവിലുണ്ട്. കേസ് എടുത്ത ശേഷം പ്രതികളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ആരും എത്തിയിരുന്നില്ല. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ വി സുരേഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here