വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണം; 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നൽകണം: മന്ത്രി വീണാ ജോര്‍ജ്

വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി വരുന്നു. ഈ വര്‍ഷം ഫെബ്രുവരി 8നാണ് വിരവിമുക്ത ദിനമായി ആചരിക്കുന്നത്. ആ ദിവസം സ്‌കൂളുകളിലെത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും സ്‌കൂളുകളിലെത്താത്ത 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴിയും ഗുളിക നല്‍കുന്നതാണ്. എന്തെങ്കിലും കാരണത്താല്‍ ഫെബ്രുവരി 8ന് ഗുളിക കഴിക്കുവാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് ഗുളിക നല്‍കുന്നതാണ്. എല്ലാവരും കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ALSO READ: പതിമൂന്ന്‌ രാജ്യങ്ങളിലേക്ക് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായം

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ്സ് വരെയുള്ള 64% കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വിര നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ഈ വര്‍ഷം 1 മുതല്‍ 19 വയസ് വരെയുള്ള 77,44,054 കുട്ടികള്‍ക്ക് ഗുളിക നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. 1 മുതല്‍ 2 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മി.ഗ്രാം) 2 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും (400 മി.ഗ്രാം) ആണ് നല്‍കുന്നത്. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ച് നല്‍കണം. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല. ഗുളിക കഴിച്ചതിന് ശേഷം സാധാരണയായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല. എന്നാല്‍ വിരയുടെ തോത് കൂടുതലുള്ള കുട്ടികളില്‍ ഗുളിക കഴിക്കുമ്പോള്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായേക്കാം.

ALSO READ: വിദ്യാഭ്യാസമേഖലയെ സാമൂഹ്യനിയന്ത്രണത്തിന് വിധേയമാക്കും; എല്ലാത്തിനും മേൽ സർക്കാരിന്റെ നിയന്ത്രണമുണ്ടാകും: എം വി ഗോവിന്ദൻ മാസ്റ്റർ

ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി സംയോജിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്കാവശ്യമായ ആല്‍ബന്‍ഡസോള്‍ ഗുളിക എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്.

വിരബാധ

വിരബാധ എല്ലാവരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. മണ്ണില്‍ കളിക്കുകയും പാദരക്ഷകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ വിരബാധയുണ്ടാകാന്‍ സാധ്യത കൂടും. സാധാരണയായി കുടലുകളിലാണ് വിരകള്‍ കാണപ്പെടുന്നത്.

മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍, മലത്തില്‍ വിരകള്‍ കാണപ്പെടുക, ഛര്‍ദ്ദിലില്‍ വിരകള്‍ കാണപ്പെടുക, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന തുടങ്ങിയവയാണ് വിരബാധയുടെ ലക്ഷണങ്ങള്‍. വിരബാധയുള്ള ഒരാളില്‍ ഉത്സാഹക്കുറവ്, ക്ഷീണം, വിളര്‍ച്ച, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, പോഷകക്കുറവ്, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം. കുട്ടികളില്‍ വിരകളുടെ തോത് വളരെ കൂടുതലാണെങ്കില്‍ കുടലിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കില്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.

വിരബാധ പകരുന്നതെങ്ങനെ?

വിസര്‍ജ്യം കലര്‍ന്ന മണ്ണില്‍ കളിക്കുമ്പോള്‍ കുട്ടികളുടെ കൈകളിലുടെയും കാലുകളിലൂടെയും വിരകളും മുട്ടകളും കുടലിലെത്തുന്നു. മലദ്വാരത്തിന് ചുറ്റും നഖം കൊണ്ട് ചൊറിയുമ്പോള്‍ മുട്ടകളും വിരകളും നഖത്തിലെത്തുകയും കുട്ടികള്‍ നഖങ്ങള്‍ കടിക്കുകയോ കൈകള്‍ കഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോള്‍ വിരകള്‍ കുടലിലെത്താം. ഈച്ചകള്‍ വഴി വിരകളും മുട്ടയും ഭക്ഷണത്തിലെത്തുകയും കുടലിലെത്തുകയും ചെയ്യാം. വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിച്ചാലും വിരബാധയുണ്ടാകാം.

ALSO READ: പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം; ഹാള്‍ടിക്കറ്റ് പരിശോധനക്കിടെ പരീക്ഷയെഴുതാനെത്തിയ ആള്‍ ഇറങ്ങിയോടി

വിരബാധ എങ്ങനെ തടയാം?

· ഭക്ഷണത്തിന് മുന്‍പും മലവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
· പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യങ്ങള്‍ ശരിയായി സംസ്‌കരിക്കുക.
· മാംസം നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക.
· കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ വെട്ടി കൈകള്‍ വൃത്തിയായി സൂക്ഷിക്കുക.
· വീടിന് പുറത്തുപോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക.
· ഭക്ഷണം അടച്ച് സൂക്ഷിക്കുക.
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
· തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
· വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക.
· 6 മാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ഗുളിക കഴിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News