
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം അതേപോലെ തിരിച്ച് ചുമത്തി ചൈന. അമേരിക്കയ്ക്ക് മേല്‍ 125 ശതമാനം ഇറക്കുമതി തീരുവയാണ് ചൈന ഇന്ന് പ്രഖ്യാപിച്ചത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന നേരത്തേ ഏര്‍പ്പെടുത്തിയ 84 ശതമാനത്തില്‍ നിന്ന് 125 ശതമാനമായി വര്‍ധിപ്പിച്ച തീരുവ ഏപ്രില്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, തീരുവ ഇനിയും ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബീജിങ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി എ പി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക ഇനിയും താരിഫ് ചുമത്തിയാല്‍ അത് സാമ്പത്തികമായി അര്‍ഥശൂന്യമാകും. മാത്രമല്ല, ലോക സമ്പദ് വ്യവസ്ഥയുടെ ചരിത്രത്തില്‍ തമാശയായി മാറുമെന്നും ചൈനീസ് ധനമന്ത്രാലയം വ്യക്തമാക്കി. ലോകത്തെ രണ്ട് മുന്‍നിര സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തിന് തുടക്കമിട്ട്, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതിയുടെ തീരുവ 145 ശതമാനമായി വര്‍ധിപ്പിച്ചതിന് ശേഷമാണ് പുതിയ നീക്കവുമായി ചൈന രംഗത്തെത്തിയത്.
‘ചൈനയ്ക്ക് മേല്‍ അസാധാരണമായി ഉയര്‍ന്ന തീരുവ ചുമത്തുന്ന യു എസ് നടപടി അന്താരാഷ്ട്ര, സാമ്പത്തിക വ്യാപാര നിയമങ്ങളുടെയും അടിസ്ഥാന സാമ്പത്തിക നിയമങ്ങളുടെയും സാമാന്യബുദ്ധിയുടെയും ഗുരുതരമായ ലംഘനമാണ്. ഇത് പൂര്‍ണമായും ഏകപക്ഷീയ ഭീഷണിപ്പെടുത്തലുമാണ്. അത്തരം ഭീഷണികള്‍ക്കൊന്നും ചൈന വഴങ്ങില്ല’- ചൈനീസ് ധനകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 125 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിന് പ്രതികാരമായി ചൈന യുഎസ് ഇറക്കുമതിക്ക് 84 ശതമാനം തീരുവ ചുമത്തി. പിന്നീട്, പുതുതായി പ്രഖ്യാപിച്ച 125 ശതമാനം തീരുവ നിലവിലുള്ള 20 ശതമാനം തീരുവയ്ക്ക് പുറമെയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇതോടെ അമേരിക്ക ചൈനയ്ക്ക് മേല്‍ ചുമത്തിയ തീരുവ 145 ശതമാനമായി.
അതേസമയം, അമേരിക്കയുടെ തീരുവ വര്‍ധിപ്പിക്കുന്ന പ്രശ്‌നത്തില്‍ ചൈന യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തേടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നേരിട്ടാണ് യൂറോപ്യന്‍ യൂണിയനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈനയും യൂറോപ്പും അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ നടപടികളെ സംയുക്തമായി ചെറുക്കുകയും വേണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായുള്ള ബീജിങിലെ കൂടിക്കാഴ്ചയില്‍ ഷി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here