
കഴിഞ്ഞ കുറച്ചുനാളുകളായി പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണ്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളിൽ നിരവധി പേരുടെ ജീവനാണ് ഇതിനോടകം നഷ്ടപ്പെട്ടിരിക്കുന്നത്. യുദ്ധം ഇത്തരത്തിൽ കലുഷിതമായാൽ അത് മറ്റു രാജ്യങ്ങളെയും സാമ്പത്തികമായി ബാധിക്കും. ഈ അവസരത്തിലാണ് ഒരു ചൈനീസ് പ്രൊഫസറുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ജിയാങ് സ്യൂക്കിൻ (Jiang Xueqin) എന്ന ഈ അധ്യാപകനെ അദ്ദേഹത്തിന്റെ കൃത്യമായ നിരീക്ഷണങ്ങൾ കാരണം “ചൈനീസ് നോസ്ട്രഡാമസ്” എന്നാണ് വിളിക്കുന്നത്.
2024-ൽ നൽകിയ ഒരു ഓൺലൈൻ ലക്ചറിലാണ് ജിയാങ് സ്യൂക്കിൻ പ്രധാനമായും മൂന്ന് കാര്യങ്ങൾ പറഞ്ഞത്.
- ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി അധികാരത്തിൽ തിരിച്ചെത്തും.
- അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം ആരംഭിക്കും.
- ഈ യുദ്ധത്തിൽ അമേരിക്ക പരാജയപ്പെടും.
ഇതിൽ ആദ്യത്തെ രണ്ട് കാര്യങ്ങളും ഇപ്പോൾ സംഭവിച്ചു കഴിഞ്ഞു എന്നതാണ് സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. അദ്ദേഹം പറഞ്ഞത് ശരിയാണെങ്കിൽ ഇനിയുള്ള ലോകത്തിന്റെ യാത്ര മൂന്നാമത്തെ കാര്യത്തിലേക്കാണ്. ജിയാങ് സ്യൂക്കിൻ വെറുതെ അല്ല ഈ കാര്യങ്ങൾ സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് പിന്നിൽ കൃത്യമായ വിശകലനങ്ങളുണ്ട്.
ഈ യുദ്ധത്തെ വിലയിരുത്താൻ ജിയാങ് ഉപയോഗിക്കുന്നത് ‘അസമമിതി നിയമം’ എന്ന ഗെയിം തിയറി ആശയമാണ്. ഇതിനർത്ഥം ഒരു ശക്തമായ സാമ്രാജ്യം എല്ലായ്പ്പോഴും ദുർബലമായ രാജ്യത്തെ തോൽപ്പിക്കണമെന്നില്ല എന്നാണ്. ചരിത്രപരമായി പലപ്പോഴും പിന്നോക്കം നിൽക്കുന്നവർ വിജയിച്ച കഥകളും നമ്മൾ കേട്ടിട്ടുണ്ട്. അതിനു ഉദാഹരണമാണ് പേർഷ്യക്കെതിരായ ഗ്രീക്കുകാരുടെ വിജയവും റോമൻ സാമ്രാജ്യത്തിന്റെ വളർച്ചയും. സാമ്രാജ്യങ്ങൾക്ക് തുടക്കത്തിൽ ഗുണകരമായി തോന്നുന്ന ജനശക്തിയും സംഘടനയും പിന്നീട് അവരുടെ തന്നെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ആണ് അദ്ദേഹം നിരീക്ഷിക്കുന്നത്.
ALSO READ: ‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും’; ട്രംപിന് മറുപടിയുമായി ടെഹ്‌റാൻ
അമേരിക്കൻ സാമ്രാജ്യം ഇന്ന് നേരിടുന്ന ചില ആന്തരിക പ്രശ്നങ്ങൾ എന്താണെന്ന് അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക അസമത്വവും വിഭവങ്ങളുടെ ദുരുപയോഗവും ആഭ്യന്തര കലഹങ്ങളിലേക്കും വലിയ കടബാധ്യതയിലേക്കും നയിക്കുന്നു. അധികാരത്തിനായി മത്സരിക്കുന്ന വരേണ്യവർഗം കൂടുകയും അവർ ഡെമോക്രാറ്റ്-റിപ്പബ്ലിക്കൻ ധ്രുവീകരണത്തിലൂടെ ഭരണസംവിധാനത്തെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. സ്വന്തം ശക്തിയിലുള്ള അന്ധമായ വിശ്വാസം മൂലം തെറ്റുകളിൽ നിന്ന് പഠിക്കാനുള്ള കഴിവിനെ അമേരിക്കയ്ക്ക് നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നുണ്ട്.
ഇറാന് യുദ്ധത്തിൽ മേൽക്കൈ നൽകുന്നത് മൂന്ന് പ്രധാന ഘടകങ്ങൾ ആണെന്ന് ജിയാങ് പറയുന്നു. അതിലൊന്നാണ് വിശ്വാസം ഷിയാ വിശ്വാസത്തിലെ രക്തസാക്ഷിത്വ ബോധം സൈനികർക്ക് വലിയ കരുത്ത് നൽകുന്നു. മറ്റൊന്ന് ഇറാന്റെ ഭൂപ്രകൃതിയാണ്. ഇറാന്റെ പർവതനിരകൾ നിറഞ്ഞ ഭൂപ്രകൃതി ഒരു ‘കോട്ട’ പോലെയാണ്. ഇറാഖിനേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ഇവിടെ ഒരു കരയുദ്ധം അമേരിക്കയ്ക്ക് ആത്മഹത്യാപരമായിരിക്കും. മറ്റൊന്ന് അവരുടെ ദേശീയതയാണ്. 5000 വർഷം പഴക്കമുള്ള പേർഷ്യൻ നാഗരികതയുടെ അഭിമാനം ജനങ്ങളെ ഒന്നിപ്പിച്ച് നിർത്തുന്ന ഘടകമാണ്.
അമേരിക്ക സാങ്കേതികമായി മുന്നിലാണെങ്കിലും ചില പ്രതിസന്ധികൾ അവർ നേരിടുന്നുണ്ട്. അതിലൊന്നാണ് അവരുടെ ഉല്പാദന ശേഷി. മിക്ക ഫാക്ടറികളും ചൈനയിലായതിനാൽ ദീർഘകാല യുദ്ധത്തിന് ആവശ്യമായ ആയുധങ്ങൾ നിർമ്മിക്കാൻ അമേരിക്ക ബുദ്ധിമുട്ടും. വിയറ്റ്നാം യുദ്ധത്തിലേതുപോലെ സൈനികരുടെ മരണം അമേരിക്കൻ ജനതയെ ഭരണകൂടത്തിനെതിരെ തിരിക്കാൻ സാധ്യതയുണ്ട്. മറ്റൊന്ന് അട്ടിമറി ശ്രമങ്ങളാണ്. അതായത്, നേരിട്ടുള്ള യുദ്ധത്തേക്കാൾ, കുർദുകൾ, അസാരികൾ തുടങ്ങിയ ന്യൂനപക്ഷങ്ങളെ ഉപയോഗിച്ച് ഇറാനിൽ ആഭ്യന്തര ലഹളകൾ ഉണ്ടാക്കി രാജ്യത്തെ അകത്തുനിന്ന് തകർക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
ഈ യുദ്ധത്തിന് പിന്നിൽ വിചിത്രമായ ഒരു മതപരമായ വശം കൂടിയുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നുണ്ട്. അമേരിക്കൻ സൈന്യത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ ഇത് ‘യേശുവിന്റെ രണ്ടാം വരവിനായുള്ള’ യുദ്ധമാണെന്ന് വിശ്വസിക്കുന്നു. ട്രംപിനെ ഒരു മിശിഹയായി കാണുന്ന ഇവർ, ഇറാൻ യുദ്ധത്തിലൂടെ ‘അർമ്മഗെദ്ദോൺ’ (ലോകാവസാനം) എന്ന ദൈവിക പദ്ധതി നടപ്പിലാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചിലർ പറയുന്നു.
അവസാനമായി, ഇതൊരു കേവല രാഷ്ട്രീയ യുദ്ധമല്ല, മറിച്ച് മനുഷ്യബോധത്തെ നിയന്ത്രിക്കാനുള്ള യുദ്ധമാണെന്ന് ജിയാങ് പറയുന്നു. ലോകത്തിലെ യഥാർത്ഥ കറൻസി പണമല്ല, മറിച്ച് മനുഷ്യന്റെ ശ്രദ്ധയും ബോധവുമാണ്. ആ ആത്മാവിനെ നിയന്ത്രിക്കാനാണ് ഈ അന്തിമ യുദ്ധം നടക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. ഇറാന്റെ പ്രോക്സി ഗ്രൂപ്പുകളായ ഹൂതികൾ, ഹിസ്ബുള്ള തുടങ്ങിയവർ അമേരിക്കൻ സാമ്രാജ്യത്തെ തകർക്കാൻ കൃത്യമായ തന്ത്രങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ബീജിംഗിൽ ഫിലോസഫിയും ചരിത്രവും പഠിപ്പിക്കുന്ന പ്രൊഫസറാണ് ജിയാങ് സ്യൂക്കിൻ. പ്രശസ്തമായ യേൽ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, വിദ്യാഭ്യാസ പരിഷ്കരണ രംഗത്തും സജീവമാണ്. അദ്ദേഹത്തിന്റെ ‘Predictive History’ എന്ന യൂട്യൂബ് ചാനലിന് 15 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുണ്ട്. ചരിത്രത്തിലെ ആവർത്തനങ്ങൾ വിശകലനം ചെയ്യുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. ഈ യുദ്ധം അവസാനിക്കുമ്പോഴേക്കും ലോകക്രമത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ജിയാങ്ങിന്റെ പുതിയ മുന്നറിയിപ്പ്. ഇദ്ദേഹം പറഞ്ഞുവെച്ചിട്ടുള്ള ബാക്കി കാര്യങ്ങൾ കൂടി സത്യമാകുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

