
വിമാനത്തിൽ കൊണ്ട് പോകാൻ കഴിയുന്ന ലഗേജിന്റെ ഭാരം കൂടിയാൽ അധികമായി പണം അടയ്‌ക്കേണ്ടി വരും. അതിനാൽ പലരും പെട്ടി പല തവണ തൂക്കി നോക്കിയാവും കൊണ്ട് വരുന്നത് തന്നെ. ഇപ്പോഴിതാ ലഗേജിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിമാനത്താവളത്തിൽ നിലത്ത് കിടന്ന് കരിയുന്ന യുവതിയുടെ വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഇറ്റലിയിലെ മിലാൻ മാൽപെൻസ വിമാനത്താവളത്തിൽ ഒരു ചൈനീസ് യുവതി നടത്തിയ വൈകാരിക പ്രകടനമാണ് ഇത്. യുവതിയുടെ പക്കലുള്ള ലഗേജിന്റെ ഭാരം അനുവദിക്കപ്പെട്ടതിനേക്കാൾ കൂടുതലാണ്. ലഗേജ് കൊണ്ടുപോകണമെങ്കിൽ അധികനിരക്ക് അടയ്ക്കുകയോ, അല്ലെങ്കിൽ ലഗേജിൽ നിന്നും കുറച്ച് സാധനങ്ങൾ എടുത്ത് മാറ്റുകയോ വേണമെന്ന് ഉദ്യോഗസ്ഥർ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിനു പിന്നാലെ ആണ് ഇവരുടെ ഭാവം മാറിയത്.
ആദ്യം ബഹളം ഉണ്ടാക്കി, പിന്നീട് പ്രതിഷേധ സൂചകമായി തറയിൽ കിടക്കുകയും ചെയ്തു. കയ്യുംകാലുമെല്ലാം നിലത്തിട്ടടിക്കുന്നതായി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ കാണാം. റിപ്പോർട്ടുകളനുസരിച്ച്, വിമാനത്താവള അധികൃതർ യുവതിയെ ശാന്തയാക്കാൻ ശ്രമിച്ചു. ആറ് മില്യനിലധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. ‘ഒരു കുട്ടിയെ പോലെയാണ് യുവതി പെരുമാറുന്നത്. മുതിർന്നവർ പൊതുസ്ഥലത്ത് പെരുമാറേണ്ടത് ഇങ്ങനെയല്ല’, എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here