
പാലക്കാട് മേനോൻ പാറയിലെ മലബാർ ഡിസ്റ്റിലറിയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യ യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം ജൂലൈ 7 (നാളെ) രാവിലെ 11.30 നു തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷനാവും. എംപിമാരായ വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, എ പ്രഭാകരൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത, പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, മലബാർ ഡിസ്റ്റിലറീസ് സിഎംഡി ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പാലക്കാട് ജില്ലയുടെ വ്യവസായക്കുതിപ്പിനു ഊർജമേകുന്ന പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എട്ട് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ബോട്ട്‌ലിംഗ് ലൈൻ ആണ് സ്ഥാപിക്കുന്നത്. നിലവിൽ തിരുവല്ല ട്രാവൻകൂർ ഡിസ്റ്റിലറിയിൽ നാല് ലൈനാണ് ഉള്ളത്. മലബാർ ഡിസ്റ്റിലറിയിൽ ഒരു ദിവസം 13,500 കേസ് അഥവാ 1,21,500 ലിറ്റർ മദ്യം ഉൽപ്പാദിപ്പിക്കാനാകും. നേരിട്ടും അല്ലാതെയുമായി 250 ഓളം പേർക്ക് തൊഴിൽ ലഭിക്കും. 125 ഓളം കുടുംബശ്രീ പ്രവർത്തകർക്ക് ബോട്ട്‌ലിംഗ് യൂണിറ്റിലാകും ജോലി. നിലവിലുള്ള മുപ്പതോളം ജീവനക്കാരുണ്ട്. ലോഡിംഗ് അൺലോഡിംഗ് തൊഴിലാളികളുൾപ്പെടെ ആകെ 250ഓളം തൊഴിൽ സൃഷ്ടിക്കപ്പെടും. കേരള ഇലക്ട്രിക് ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. കമ്പനിയിൽ ലഭ്യമായ ബാക്കി സ്ഥലം ഉപയോഗിച്ച് ഭാവിയിൽ പഴവർഗങ്ങളിൽ നിന്നും മൂല്യവർധിത വസ്തുക്കൾ ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്. കമ്പനിയിൽ മഴവെള്ള സംഭരണിയും സ്ഥാപിക്കും.
1952 ൽ ചിറ്റൂർ സഹകരണ പഞ്ചസാര ഫാക്ടറി (ചിക്കോപ്സ്) സ്ഥാപിക്കപ്പെട്ടു. 1974 ൽ പഞ്ചസാരയുടെ ഉപോത്പന്നമായ മൊളാസസിൽ നിന്ന് സ്പിരിറ്റ് ഉല്പാദിപ്പിക്കുന്ന ഡിസ്റ്റിലറിയും സ്ഥാപിച്ചു. 1996 ലെ ചാരായ നിരോധനം മൂലം കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലാവുകയും 2000 ൽ പഞ്ചസാര ഉത്പാദനവും, 2001 ൽ സ്പിരിറ്റ് നിർമ്മാണവും അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് സർക്കാർ നടപ്പിലാക്കിയ പദ്ധതി പ്രകാരം 536 തൊഴിലാളികൾ പിരിഞ്ഞുപോയി. 2007 ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗത്തിലാണ് ചിറ്റൂർ ഷുഗേഴ്സിനെ പുനരുദ്ധരിക്കാനും, സ്ഥലവും കെട്ടിടവും ഉപയോഗിച്ച് വിദേശമദ്യ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും തീരുമാനിച്ചത്. ഇങ്ങനെ 2009 ൽ മലബാർ ഡിസ്റ്റിലറീസ് എന്ന സർക്കാർ സ്ഥാപനം ആരംഭിച്ചു. ചിക്കോപ്സിൽ നിലവിലുണ്ടായിരുന്ന 101 തൊഴിലാളികളെ അതെ സേവനവേതനവ്യവസ്ഥകളോടെ മലബാർ ഡിസ്റ്റിലറീസിൽ നിയമിച്ചു. ഇപ്പോൾ കമ്പനിയിൽ 26 തൊഴിലാളികളാണുള്ളത്. 20 പേർ ബെവ്റിജസ് കോർപറേഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നു. 2024 ജൂലൈ 10 ന് ഭരണാനുമതിയും 2025 മാർച്ച് 28 ന് സാങ്കേതികാനുമതിയും ലഭിച്ച പദ്ധതിയുടെ നിർമ്മാണോദ്ഘടനമാണ് നാളെ നടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here