‘മോദിയിലുള്ള വിശ്വാസം ഇരട്ടിച്ചു, ബിജെപി ഭരണം വേണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നു’, കെ സുരേന്ദ്രൻ

കേരളത്തിൽ ബിജെപി ഭരണം വേണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം ക്രൈസ്തവർക്ക് ഇരട്ടിച്ചെന്നും ബിജെപി ഭരണത്തിൽ തങ്ങൾ പൂർണ്ണ സുരക്ഷിതരായിരിക്കുമെന്ന് ക്രൈസ്തവർക്ക് ഉറപ്പുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

‘ കേരളത്തിൽ ബിജെപി ഭരണം വരണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നുണ്ട്. അവർ വലിയ പിന്തുണയാണ് നൽകുന്നത്. ഈ പിന്തുണ കണ്ടിട്ട് ഇരു മുന്നണികൾക്കും ഹാലിളകിയിരിക്കുകയാണ് ‘, സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ഈസ്റ്റർ ദിനത്തിൽ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്മാരെയും ബിജെപി നേതാക്കൾ സന്ദർശിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ സഭാ ആസ്ഥാനത്തെത്തി കണ്ടു. അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടെങ്കിലും സൗഹൃദസന്ദര്‍ശനം എന്നത് മാത്രമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ബിജെപി ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ക്രൈസ്തവരുടെ വീടുകളും സന്ദര്‍ശിച്ചു.

കണ്ണൂരില്‍ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പിയെ അനുകൂലിച്ചുള്ള ബിഷപ്പിന്റെ പ്രസ്താവനയിലുള്ള പ്രതീക്ഷ പി.കെ കൃഷ്ണദാസ് പങ്കുവച്ചത് കൂടിക്കാഴ്ചയുടെ രാഷ്ട്രീയ മുഖം തുറന്നുകാട്ടി.

കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെയും ബി.ജെ.പി നേതാക്കളുടെ സംഘം സന്ദര്‍ശിച്ചു. ദീര്‍ഘനേരം നേതാക്കളും ബിഷപ്പുമായി കൂടിക്കാഴ്ച്ച നീണ്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവരെ കൈപ്പിടിയിലാക്കാനുള്ള ഒരു നീക്കം കൂടിയാണ് ബിജെപി ഈസ്റ്റര്‍ ദിനത്തില്‍ നടത്തുന്നത് എന്നതാണ് രാഷ്ട്രീയ വിലയിരുത്തല്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here