
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. ഇറാന്റെ തുറമുഖങ്ങളില്‍ നാവിക ഉപരോധമാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ ഉപരോധത്തെ പ്രതിരോധിക്കാന്‍ ഇറാനു സാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കയുടെ തന്നെ ചാരസംഘടനയായ സി.ഐ.എ. മാസങ്ങളോളം ഉപരോധം പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് സി.ഐ.എ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തുവില കൊടുത്തും ഇറാനെ ചൊല്‍പ്പടിക്ക് നിര്‍ത്തുമെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു തിരിച്ചടിയാണ് ഇക്കാര്യം. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇസ്രായേലിന്റെ കൂടെ ചേര്‍ന്ന് ഇറാനെതിരെ അമേരിക്ക നടത്തുന്ന യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. വെള്ളിയാഴ്ച ഇരുവിഭാഗവും തമ്മില്‍ വെടിവെപ്പ് നടന്നു. ഉപരോധങ്ങള്‍ പിന്‍വലിക്കാതെ യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് ഇറാന്‍. യുദ്ധം നിര്‍ത്തുന്നതു സംബന്ധിച്ച് ഇറാന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയത്. എന്നാല്‍ തങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് വിഷയമെന്ന് മാത്രമാണ് ഇറാന്‍ പ്രതികരിച്ചത്. വിഷയത്തില്‍ ഔദ്യോഗികമായി മറുപടി നല്‍കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല. അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കില്ലെന്ന സൂചനയാണ് ഇതുവഴി ഇറാന്‍ നല്‍കുന്നത്.
Also Read: ഖുംബു താഴ്വരയിൽ നിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; എവറസ്റ്റ് കീഴടക്കിയ ടെൻസിങ് എന്ന ‘മഞ്ഞിലെ കടുവ’
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ ഇപ്പോഴും അശാന്തമായി തുടരുകയാണ്. ഹോര്‍മൂസ് കടലിടുക്കിലും യു.എ.ഇ.യും വീണ്ടും ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍നിന്നെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ഹോര്‍മൂസില്‍ ഇറാന്റെ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടു കപ്പലുകളുടെ നേര്‍ക്ക് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മൂസില്‍ ഇറാനും അമേരിക്കയും നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

