
വഴിയോരക്കച്ചവടക്കാരുടെ ജീവിതം തകർക്കുന്ന കൊല്ലം കോർപറേഷന്റെ നടപടിക്കെതിരെ വഴിയോര തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കൊല്ലം മേയർക്കും യുഡിഎഫ് ഭരണ സമിതിക്കും പാവപ്പെട്ട തൊഴിലാളികളെക്കാൾ ബന്ധം മുതലാളിമാരോടെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു.
കൊല്ലം നഗരപരിസരങ്ങളിലെ നൂറുകണക്കിന് പാവപ്പെട്ട വഴിയോര കച്ചവട തൊഴിലാളികളാണ് തങ്ങളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. അധികാരികളുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ ഒഴിപ്പിക്കൽ നടപടികൾ അടിയന്തിരമായി നിർത്തിവയ്ക്കുക, ട്രേഡ് യൂണിയൻ പ്രതിനിധികളുമായി മുൻകൂട്ടി കൂടിയാലോചനകൾ നടത്താതെ യാതൊരുവിധ നടപടികളും സ്വീകരിക്കാതിരിക്കുക, ഓണക്കാലം വരാനിരിക്കെ കച്ചവടക്കാരെയും അവരുടെ ആശ്രിതരായ തൊഴിലാളി കുടുംബങ്ങളെയും പട്ടിണിയിലാക്കുന്ന നടപടികളിൽ നിന്ന് അധികാരികൾ പിന്മാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. കോർപ്പറേഷന് മുന്നിൽ നടന്ന ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു.
Also Read: കൊല്ലത്ത് സ്റ്റേഷനറികടയുടെ ഗ്ലാസ് അടിച്ചുതകർത്ത് കവർച്ച നടത്തി; രണ്ട് യുവാക്കൾ പിടിയിൽ
ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.കെ.എസ്. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

