അധികാരമേറ്റ ഉടൻ സാധാരണക്കാരായ തൊഴിലാളികളെ വേട്ടയാടുന്നു; സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരത്തിനും പിരിച്ചുവിടലിനുമെതിരെ പ്രതിഷേധവുമായി സി.ഐ.ടി.യു

citu maharasthra

സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരത്തിനും പിരിച്ചുവിടലിനുമെതിരെ പ്രതിഷേധവുമായി സി.ഐ.ടി.യു. ഇതിന്റെ ഭാ​ഗമായി ജൂൺ 24-ന് സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച്.

സംസ്ഥാനത്ത് അധികാരത്തിൽ വന്ന നാൾ മുതൽ യു.ഡി.എഫ് സർക്കാർ അഴിച്ചുവിട്ടിരിക്കുന്ന കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങൾക്കും രാഷ്ട്രീയ പ്രതികാര നടപടികൾക്കുമെതിരെയും ജനക്ഷേമം മറന്ന് പാവപ്പെട്ട തൊഴിലാളികളെ പട്ടിണിക്കിട്ടും ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന ഭരണകൂടത്തിന് താക്കീതായി ജൂൺ 24ന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കാൻ തിരുവനന്തപുരത്ത് ചേർന്ന സമരപ്രഖ്യാപന സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചതായി സിഐടിയു പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

ജോലി നഷ്ടപ്പെട്ടവരും നിലവിൽ തൊഴിൽ ഭീഷണി നേരിടുന്നവരുമായ മുഴുവൻ ദിവസവേതന-കരാർ തൊഴിലാളികളും ഈ മാർച്ചിൽ അണിനിരക്കും. വരും ദിവസങ്ങളിൽ ദിവസ വേതന കരാർ തൊഴിലാളികളെ പിരിച്ചുവിട്ടാൽ ആ ഓഫീസിന് മുന്നിൽ ശക്തമായ സമരം സംഘടിപ്പിക്കാനും കൺവെൻഷൻ ആഹ്വാനം ചെയ്തു.

also read; മഴക്കാല പൂർവ ശുചീകരണം മുൻകാലങ്ങളിലേത് പോലെ നടന്നില്ല, പകർച്ചവ്യാധി വർധിച്ചു: തുറന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി

സംസ്ഥാനതല സമരപ്രഖ്യാപന കൺവെൻഷൻ സി.ഐ.ടി.യു നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അധികാരമേറ്റ ഉടൻ തന്നെ സാധാരണക്കാരായ തൊഴിലാളികളെ വേട്ടയാടാനാണ് സർക്കാർ മുൻഗണന നൽകിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ വിവിധ മേഖലകളിൽ വ്യാപകമായ കൂട്ടസ്ഥലംമാറ്റങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ വിവിധ സർക്കാർ പദ്ധതികളിലും ക്ഷേമനിധി ബോർഡുകളിലും വർഷങ്ങളായി ചോരയും നീരുമൊഴുക്കി പണിയെടുത്ത കരാർ-താൽക്കാലിക ജീവനക്കാരെ ശത്രുക്കളെപ്പോലെയാണ് ഈ സർക്കാർ കാണുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

നാട്ടിലെ പാവപ്പെട്ട സ്ത്രീകളുടെ ജീവനോപാധിയായ കുടുംബശ്രീ, ഭാരതീയ ആയുർവേദ ചികിത്സാ മിഷൻ, എൻ.എച്ച്.എം (NHM) തുടങ്ങിയ അത്യാവശ്യ പദ്ധതികളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കരാർ കാലാവധി പുതുക്കി നൽകാൻ ഈ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. സപ്ലൈകോ, നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് നിരവധി തൊഴിലാളികളെയാണ് ഇതിനകം ക്രൂരമായി പിരിച്ചുവിട്ടത്. കരാർ പുതുക്കാതിരിക്കുക, ജീവനക്കാരെ പിരിച്ചുവിടുക, അർഹമായ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുക എന്നിവയാണ് ഈ സർക്കാരിന്റെ വികസന നയമെന്നും, തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിയിടുന്ന ഇത്തരം ഫാസിസ്റ്റ് ശൈലികൾക്ക് മുന്നിൽ സി.ഐ.ടി.യു കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എ.ൽ.എയുമായ പി. പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. എൻ. ഗോപിനാഥ് തുടർപ്രക്ഷോഭങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അവതരിപ്പിച്ചു. കരാർ ഉടനടി പുതുക്കുക, രാഷ്ട്രീയ പ്രതികാര ബുദ്ധിയോടെയുള്ള കൂട്ടസ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, പിരിച്ചുവിടൽ നടപടികൾ നിർത്തലാക്കുക എന്നീ ആവശ്യങ്ങളിൽ കുറഞ്ഞ യാതൊരു ഒത്തുതീർപ്പിനും തൊഴിലാളി വർഗം തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കൺവെൻഷന് സി ഐ ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്. പുഷ്പലത സ്വാഗതം ആശംസിച്ചു. സി ഐ ടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം പുല്ലുവിള സ്റ്റാൻലി, വിവിധ സംഘടനകളുടെ സംസ്ഥാന നേതാക്കൾ എന്നിവർ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചടങ്ങിന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്. ഹരിലാൽ നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ യു.ഡി.എഫ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധതക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയ പ്രതിരോധം തീർക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News