
രാജ്യത്തെ ആദ്യ ജെൻ സി കൂട്ടായ്മയുടെ പ്രതിഷേധമെന്നോണം സമൂഹമാധ്യമങ്ങളിൽ മാത്രം ഉണ്ടായിരുന്ന ക്രോക്രോച് ജനത പാർട്ടി ഇന്ന് പരസ്യ പ്രതിഷേധവുമായി രാജ്യ തലസ്ഥാനത്തേക്ക് ഇറങ്ങും. സി ബി എസ് ഇ പുനർമൂല്യനിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തർമന്ദറിലാണ് പ്രതിഷേധം നടത്തുക. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവർ ഒറ്റയ്ക്ക് വരരുതെന്നും ഗ്രൂപ്പുകളായി മാത്രമേ വരാവൂ എന്നുമുൾപ്പെടെയുള്ള നിർദ്ദേശമുണ്ട്. പ്രതിഷേധത്തിന് വരുന്നവർ കയ്യിൽ ഇന്ത്യൻ പതാകയും പുസ്തകവും കരുതണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിഷേധത്തിനിടയിൽ പൊലീസുകാരോട് മോശമായി പെരുമാറരുതെന്നും അവർക്ക് പൂക്കൾ നൽകി സമാധാനപരമായ രീതിയിൽ വിയോജിപ്പ് അറിയിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു. പങ്കെടുക്കുന്നവർ ഭക്ഷണം കഴിച്ച ശേഷമേ വരാൻ പാടുള്ളൂ എന്നും, പ്രതിഷേധ പരിപാടികൾ പൂർണമായും മൊബൈലിലോ ക്യാമറയിലോ ചിത്രീകരിക്കണമെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. രാവിലെ എട്ട് മണിക്ക് വിമാനത്താവളത്തിൽ ഇറങ്ങുന്ന അഭിജിത്ത് ദീപ്കെയ്ക്ക് സിജെപി പ്രവർത്തകർ സ്വീകരണം നൽകുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും തനിക്ക് സ്വീകരണം ഒരുക്കരുതെന്ന് അഭിജിത്ത് നിർദേശം നൽകിയിട്ടുണ്ട്.
Also read: വി.ഡി. സതീശന് കറുപ്പിനെ പേടിയോ? കറുത്ത ഫ്ലെക്സിന്റെ പേരിൽ കേരള ഹൗസ് ജീവനക്കാർക്ക് നോട്ടീസ്
വിവിധ വിദ്യാർഥി സംഘടനകളും ഇന്നത്തെ പ്രതിഷേധത്തിന് പിന്തുണ നൽകി രംഗത്തുണ്ട്. അതെ സമയം രാജ്യ തലസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ദില്ലി പൊലീസ് ഉന്നതതല യോഗം ചേർന്നിരുന്നു. നിലവിലെ സാഹചര്യങ്ങളും വിവിധ ഇന്റലിജൻസ് വിഭാഗങ്ങളിൽ നിന്ന് ലഭിച്ച സുരക്ഷാ വിവരങ്ങളും യോഗം വിശദമായി പരിശോധിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട തുടർനടപടികൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും പൊലീസ് രൂപം നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

