രാജ്യതലസ്ഥാനത്തെ യുവജന പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം 33-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജന്തർ മന്തറിലേക്ക് എത്തുന്നത് ആയിരങ്ങളാണ്. കേന്ദ്രം ജന്തർ മന്ദിരത്തിൽ എത്തി ചർച്ച നടത്താതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സിജെപി നേതാക്കൾ നിലപാടെടുത്തതോടെ കേന്ദ്രത്തിന്റെ അനുനയനീക്കങ്ങൾ പാളി. അതേസമയം സിജെപിയുടെ പാർലിമെന്റ് മാർച്ചിലെ പൊലീസ് അതിക്രമത്തിനെതിരെ നൽകിയ പൊതു താല്പര്യ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി നിരവധി പേരാണ് ദില്ലി ജന്തർ മന്തറിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നത്. കൂടുതൽ പ്രതിഷേധക്കാർ എത്താതിരിക്കാൻ കേന്ദ്രസർക്കാർ സുരക്ഷാനിയന്ത്രണങ്ങൾ ശക്തമാക്കി. ദില്ലിയിലെ തിരക്കേറിയ 16 മെട്രോ സ്റ്റേഷനുകൾ മുന്നറിയിപ്പില്ലാതെ അടച്ചതോടെ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.
ജന്തർ മന്തറിലേക്കുള്ള റോഡുകളിൽ പ്രതിഷേധത്തിന്റെ ഭാഗമാകാൻ എത്തുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തി മടക്കി അയക്കുകയാണ്. രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗാളിൽ നിന്ന് 20 കമ്പനി സിആർപിഎഫ് ഉദ്യോഗസ്ഥരെയും ദില്ലിയിൽ എത്തിച്ചു. അതേസമയം കഴിഞ്ഞദിവസം പ്രതിഷേധക്കാർക്ക് നേരെ നടത്തിയ പൊലീസ് അതിക്രമത്തിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നു പറഞ്ഞ ഹർജിക്കാരനോട് അത് കാണാൻ താല്പര്യം ഇല്ലെന്നും സമയം പാഴാക്കരുത് എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ മറുപടി. പ്രതിഷേധക്കാരുമായി അനുനയ ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചെങ്കിലും ജന്തർ മന്തറിൽ നിന്ന് പുറത്തുപോയി ഒരു ചർച്ചക്ക് ഇല്ലെന്ന് സിജെപി വക്താക്കാർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

