
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മഹത്തായ ചില കരിയറുകളുടെ അവസാന അധ്യായങ്ങളാണ് ഇപ്പോൾ നമ്മുടെ കണ്ണുമുന്നിൽ എഴുതപ്പെടുന്നതെന്ന് സികെ വിനീത്. മെസ്സിയും റൊണാൾഡോയും എന്ന ഈ തലമുറയുടെ രണ്ട് അത്ഭുതങ്ങൾ ഇനി അധികകാലം ഈ മൈതാനങ്ങളെ തീപിടിപ്പിക്കില്ലെന്ന് സികെ വിനീത് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഓരോ കളി കഴിയുമ്പോഴും, ഒരുപക്ഷേ അടുത്തത് അവസാനത്തേതായിരിക്കാം എന്ന ഭയമാണെന്നും അദ്ദേഹം പറയുന്നു.
മെസ്സിയുടേയോ റൊണാൾഡോയുടേയോ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന തർക്കങ്ങളേയും അദ്ദേഹം വിമർശിച്ചു. ഇത്തരം തർക്കങ്ങളിൽ മുഴുകി നമ്മൾ നഷ്ടപ്പെടുത്തുന്നത്, നമ്മുടെ ജീവിതകാലത്ത് ഇനി ഒരിക്കലും വീണുകിട്ടാൻ സാധ്യതയില്ലാത്ത സുവർണ്ണദിവസങ്ങളാണെന്നും അദ്ദേഹം പറയുന്നു.
നമ്മുടെ മുൻതലമുറ പെലെയെക്കുറിച്ചും മറഡോണയെക്കുറിച്ചും ക്രൈഫിനെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ നമ്മൾ കേട്ടിരുന്നത് അത്ഭുതത്തോടെയായിരുന്നെന്നും അവരുടെ കളി നേരിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്നൊരു ആഗ്രഹം എപ്പോഴും മനസ്സിൽ ബാക്കിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ ജീവിക്കുന്നത് മെസ്സിയുടെയും റൊണാൾഡോയുടേയും കാലത്താണെന്നും പെലെയും മറഡോണയും മുൻതലമുറയ്ക്ക് എന്തായിരുന്നോ, അതിനേക്കാൾ തീവ്രതയോടെയാണ് നമ്മുടെ തലമുറ ഈ യുഗത്തെ നെഞ്ചിലേറ്റിയതെന്നും വിനീത് പറഞ്ഞു. മെസ്സിയും റൊണാൾഡോയും ഒരേ കാലഘട്ടത്തിൽ, ഒരേ ലീഗിൽ, പരസ്പരം മത്സരിച്ച് കരിയറിന്റെ പരകോടിയിൽ നിൽക്കുന്നത് ആഴ്ചതോറും കാണാനുള്ള ഭാഗ്യം നമുക്കുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഇനി വരുന്ന തലമുറയ്ക്ക് മെസ്സിയും റൊണാൾഡോയുമൊക്കെ വെറും വീഡിയോ ക്ലിപ്പുകളും ഡോക്യുമെന്ററികളും മാത്രമായിരിക്കും. പക്ഷേ, ഓരോ വാരാന്ത്യത്തിലും അവർ റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നത് കണ്ട് നമ്മൾ അത്ഭുതപ്പെട്ടതും, ഓരോ ആഴ്ചയും ഇവർ കളത്തിലിറങ്ങുന്നത് കാണാൻ നമ്മൾ ഉറക്കമിളച്ചിരുന്ന രാത്രികളും, ടിവിയുടെ മുന്നിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന നിമിഷങ്ങളും അവർക്ക് ഒരിക്കലും അനുഭവിക്കാൻ കഴിയില്ലെന്നും വിനീത് പറഞ്ഞു. അവരുടെ ഓരോ ഗോളും, ഓരോ സെലിബ്രേഷനും, വിജയവും തോൽവിയും പുഞ്ചിരിയും കണ്ണീരും, ഓരോ തിരിച്ചുവരവുകളും നമ്മൾ തൊട്ടറിഞ്ഞവരാണെന്നും ആ അനുഭവമാണ് നമ്മളെ ഭാഗ്യവാന്മാരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: “നിങ്ങളെ ഓർത്ത് അഭിമാനിക്കും,” വൈറലായി വൊസീഞ്ഞയോട് മെസ്സി പറഞ്ഞ വാക്കുകൾ
വേൾഡ്കപ്പ് റൗണ്ട് ഓഫ് 16 ലേക്ക് കടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സങ്കടം വന്നു നിറയുന്നുണ്ടെന്നും അത് ലോകകപ്പ് മത്സരങ്ങളെക്കുറിച്ചോ ട്രോഫിയെക്കുറിച്ചോ ഉള്ള ആശങ്കയല്ല, മറിച്ച് ഒരു യുഗം പതുക്കെ അവസാനിക്കുകയാണ് എന്ന തിരിച്ചറിവാണെന്നും വിനീത് പറഞ്ഞു. ഒരുദിവസം മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മറിന്റെയുമൊക്കെ ബൂട്ടിന്റെ ശബ്ദം മൈതാനത്തു നിലയ്ക്കുമ്പോൾ, അന്നായിരിക്കും ഇന്ന് നമ്മൾ എത്ര വലിയൊരു ചരിത്ര നിമിഷങ്ങളുടെ ഭാഗമായിരുന്നു എന്ന് മനസ്സിലാകുകയെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് മികച്ചത് എന്ന വാദങ്ങൾ നമുക്ക് കുറച്ചു നേരത്തേക്ക് മാറ്റി വെക്കാമെന്നും നമ്മൾ കാണുന്നത് പരസ്പരം മത്സരിച്ച എതിരാളികളെയോ, തർക്കവിതർക്കങ്ങളിലെ ബൈനറികളോ മാത്രമല്ല, ഫുട്ബോളിന്റെ വിലാസം തന്നെ മാറ്റിയെഴുതിയ പരസ്പരം ബഹുമാനിക്കുന്ന ഇതിഹാസങ്ങളുടെ ഫുട്ബോൾ മൈതാനത്തെ അവസാന നൃത്തമാണെന്നും സികെ വിനീത് കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

