‘ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നു’; നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി

cm pinarayi vijayan

കേരളത്തിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനകത്തും പുറത്തും പരക്കേ അംഗീകാരമുള്ളതാണ് നമ്മുടെ ആരോഗ്യ സംവിധാനം. നമ്മുടെ ആരോഗ്യ മേഖല നല്ല നിലയിൽ മെച്ചപ്പെട്ടുനിൽക്കുന്നതാണ്. അത് നേരത്തെയുള്ളതുമായി താരതമ്യപ്പെടുത്തിയാൽ നല്ല നിലയ്ക്ക് അഭിവൃദ്ധിപ്പെട്ടുവന്നിട്ടുണ്ട്. ആ അഭിവൃദ്ധി യാദൃച്ഛികമായി ഉണ്ടായതല്ല, ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമായി തന്നെയാണ്. അതിന്റെ ഭാഗമായി ആര്യോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ല തോതിൽ വർധിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ കാണാൻ കഴിയുന്നത്, ഈ ആരോഗ്യമേഖലയെ എങ്ങിനെ തെറ്റായി ചിത്രീകരിക്കാൻ പറ്റും എന്ന ശ്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിന് കേന്ദ്രീകരിക്കുന്നത് മെഡിക്കൽ കോളേജുകളിലാണ്. നമ്മുടെ കേരളത്തിലെ പൊതു അഭിപ്രായം മെഡിക്കൽ കോളജുകളൊക്കെ നല്ല രീതിയിൽ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു എന്നതാണ്. പക്ഷേ, തെറ്റായ ഒരു ചിത്രം അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബോധപൂർവ്വം ദുർവ്യാഖ്യാനം ചെയ്യുകയും തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; കീം 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് ജോൺ ഷിനോജിന്; ഫാർമസി പരീക്ഷയിൽ അനഘ അനിൽ ഒന്നാമത്

നിർഭാഗ്യവശാൽ, വാർത്തകൾ കൊടുക്കേണ്ട മാധ്യമങ്ങളാണ് ഇപ്പോൾ അതിന് മുൻകൈ എടുക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾക്ക് ന്യൂസ് അവതരിപ്പിക്കാനല്ല, അവരുടേതായ വ്യൂസ് അവതരിപ്പിക്കാനാണ് താൽപര്യം. തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല.

പക്ഷേ നല്ല അർപ്പണ ബോധത്തോടെ ജോലി എടുക്കുന്ന, അഴിമതി തീണ്ടാത്ത, ആത്മാർഥതയോടെ ജോലി എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. പക്ഷേ, അത്തരം ഒരാൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നിൽ അനുഭവ പാഠമായിരിക്കണം. എല്ലാ കാര്യവും പൂർണമായിരിക്കും എന്ന് ആർക്കും പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ മെഡിക്കൽ കോളജുകളിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകൾക്കാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ആ ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങൾ ചിലപ്പോൾ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. അത് എല്ലാ കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്‌നത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്.

ALSO READ; വായനയാകട്ടെ ലഹരി: ഒൻപത് കേന്ദ്രങ്ങളിൽ ഗ്രന്ഥശാല നിർമ്മാണത്തിനൊരുങ്ങി റാന്നിയിലെ ഡിവൈഎഫ്ഐ

അതിന്റെ ഭാഗമായി ഒരു അതൃപ്തി ഉണ്ടായാൽ തന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം പുറത്തുവിട്ടാൽ അത് നാം നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി നേടുന്നതിന് നമ്മുടെ സംസ്ഥാനത്തിനായിട്ടുണ്ട്. എല്ലാ മേഖലയിലും കൂടിയാണത് വന്നിട്ടുള്ളത്. എന്നാൽ അഴിമതി തീരെ ഇല്ലാതായി എന്ന് നമുക്കാർക്കും ഇപ്പോൾ പറയാൻ കഴിയില്ല. അഴിമതി പൂർണമായി ഇല്ലാതാക്കാനുള്ള കൂട്ടായ ശ്രമമാണ് നടക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News