
2016-ന് മുൻപ് കേരളം എല്ലാ മേഖലകളിലും കടുത്ത തകർച്ച നേരിട്ട ഒരു കാലഘട്ടമായിരുന്നുവെന്നും എന്നാൽ എൽഡിഎഫ് അധികാരത്തിൽ വന്നതോടെ നാട് വലിയ പുരോഗതി കൈവരിച്ചുവെന്നും മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസവും ആരോഗ്യ മേഖലയും പൂർണമായി തകർന്ന അവസ്ഥയിൽ നിന്നാണ് കഴിഞ്ഞ പത്ത് വർഷം കൊണ്ട് നാട് മാറിയത്. കൊട്ടാരക്കരയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതു യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ നിത്യജീവിതത്തിൽ ഉണ്ടായ ഈ പുരോഗതി തിരിച്ചറിഞ്ഞാണ് കേരളം എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത യാഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലയോര ഹൈവേയ്ക്കും തീരദേശ ഹൈവേയ്ക്കുമായി പതിനായിരം കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന ബിജെപി-കോൺഗ്രസ് നയങ്ങളിൽ നിന്ന് വ്യത്യസ്തമായി അതിദരിദ്രരെ പരിഗണിക്കുന്ന ജനപക്ഷ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പ്രകൃതി ദുരന്തങ്ങളിലും പ്രത്യേകിച്ച് വയനാട് ദുരന്തത്തിലും കേന്ദ്രം കേരളത്തെ സഹായിക്കാതെ കൈവിട്ടു. കേന്ദ്രം കേരളത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം പോലും പറയാതെ ബിജെപി മനസ്സ് കലുഷിതമാകരുത് എന്ന നിർബന്ധമാണ് പ്രതിപക്ഷത്തിനുള്ളത്. കേരളം തകർന്നു കാണാൻ ആഗ്രഹിച്ച പ്രതിപക്ഷത്തെ മറികടന്ന് ജനങ്ങൾ ഒത്തൊരുമയോടെ പ്രതിസന്ധികളെ അതിജീവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

