
രമേശ് ചെന്നിത്തലയുടെ ഡീൽ ആരോപണത്തിൽ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി. ഇപ്പോൾ ഡീലുകളുടെ കാലമാണ്, ശുദ്ധ രാഷ്ട്രീയക്കാർക്ക് എതിരെയും ഡീൽ ആരോപണങ്ങൾ ഉണ്ടെന്നും ആരോപണം ഉന്നയിക്കുന്നവർ അമ്പലപ്പറമ്പിൽ പോക്കറ്റ് അടിച്ചിട്ട് കള്ളൻ കള്ളൻ എന്ന് നിലവിളിക്കുന്നത് പോലെ ആണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ കോൺഗ്രസിന് എത്ര വോട്ട് ലഭിച്ചെന്നും ഇത്തവണ മലമ്പുഴയിൽ എത്ര വോട്ട് കോൺഗ്രസ് ലഭിക്കും എന്ന് നോക്കി വച്ചേക്കണമെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ഡീൽ കണ്ടതാണ്, ഒ രാജഗോപാൽ വിജയിച്ച തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എത്ര വോട്ട് ലഭിച്ചു എന്ന് പരിശോധിച്ചാൽ ആരൊക്കെയാണ് ഡീൽ നടത്തിയത് എന്ന് മനസ്സിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ച വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം മറുപടി നൽകി. സഹകരണ സംഘങ്ങൾക്ക് പൊതുവായ സോഫ്റ്റ്‌വെയർ നടപ്പാക്കാനുള്ള ടെണ്ടർ നടപടികൾ 2021-ൽ പൂർത്തിയായി. 2024-ൽ റ്റി സി എസ് ഏകപക്ഷീയമായി പിന്മാറി, അന്ന് 45 കമ്പനികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നുണയാണ് പ്രതിപക്ഷത്തിന്റെ ആയുധം. പ്രതിപക്ഷത്തിന് ഹൈക്കോടതിയിൽ നിന്നും കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എൽ ഡി എഫ് പത്ത് വർഷത്തെ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രതിപക്ഷം നുണ പ്രചാരണമാണ് ആയുധമായെടുത്തിരിക്കുന്നത്. അവർ കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ നെല്ല് സംഭരണത്തിൽ വലിയ മാറ്റമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ നെല്ല് സംഭരണം വർധിച്ചുവെന്നും, കർഷകരുടെ വരുമാനം 50% വരെ ഉയർത്തിയതായും അദ്ദേഹം വ്യക്തമാക്കി. താങ്ങുവില ഘട്ടംഘട്ടമായി ഉയർത്തി, 2025-26-ൽ 30 രൂപയായി വർധിപ്പിച്ചതും സർക്കാരിന്റെ നേട്ടങ്ങളിൽ ഒന്നാണ് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് വെച്ച് നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം കേരളത്തിലെ കാർഷിക മേഖലയിലുണ്ടായ വികസനത്തെക്കുറിച്ച് കണക്കുകൾ നിരത്തി സംസാരിച്ചത്. സർക്കാർ കർഷകർക്ക് നൽകിയ ധനസഹായവും ഉയർന്നിട്ടുണ്ട്. 2016-26 കാലയളവിൽ സംസ്ഥാനത്തെ കാർഷിക മേഖല എൽഡിഎഫ് ഭരണത്തിൽ ചരിത്രപരമായ വളർച്ച കൈവരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
10 വർഷത്തെ വികസനം ഉണ്ട് ഭരണപക്ഷത്തിന് ചൂണ്ടിക്കാണിക്കാൻ അത് കൊണ്ടാണ് രണ്ടാംഘട്ടത്തിലും ജനങ്ങൾ എൽഡിഎഫിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് സർക്കാർ അമേരിക്കയെ പേടിച്ച് ഇറാനിൽ നിന്നും എണ്ണ വാങ്ങാനുള്ള കരാർ റദ്ദാക്കിയതുകൊണ്ടാണ് ഇപ്പോൾ ഇന്ധന പ്രതിസന്ധി ഉണ്ടാകുമ്പോൾ പ്രശ്നം കൂടുതൽ വഷളാകാൻ കാരണം. ആ നയമാണ് ബിജെപിയും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

