നിരവധി സൗകര്യങ്ങളുമായി മലബാർ കാൻസർ സെന്‍റർ പ്രവർത്തനം ആരംഭിച്ചു

നിരവധി പുതിയ സൗകര്യങ്ങളുമായി ഇന്ന് മലബാർ കാൻസർ സെന്‍റർ പ്രവർത്തനം ആരംഭിച്ച സന്തോഷ വിവരം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക് ബ്ലോക്ക്, നവീകരിച്ച ലാബുകൾ, ബ്ലഡ് ബാങ്ക്, ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനം, ഡിപ്രോ ഉപയോഗിച്ചുള്ള വയർലെസ്സ് ഇൻഫ്യൂഷൻ മോണിട്ടറിംഗ് സംവിധാനം എന്നിവ സെന്ററിന്റെ ഭൗതിക സൗകര്യങ്ങളെ കൂടുതൽ വിപുലമാക്കിയിരിക്കുന്നു എന്നും മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. 2016 മുതൽ മലബാർ കാൻസർ സെന്ററിന്റെ ആധുനികവൽക്കരണവും വിപുലീകരണവും മികച്ച രീതിയിൽ നടപ്പാക്കി വരികയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

നാലു നിലകളിലായി 97,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 98 കോടി രൂപയാണ് ചിലവഴിച്ചത്. ഒ പി ബ്ലോക്കിന്റെ നവീകരണത്തിന്റെ ഭാഗമായി പുതിയ ഓപ്പറേഷൻ തിയേറ്റർ, നവീകരിച്ച ലാബുകൾ, ബ്ലഡ് ബാങ്ക് എന്നിവയും ഉദ്ഘാടനം ചെയ്തു . റോബോട്ടിക് സർജ്ജറി സംവിധാനത്തിനായി 30 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഇതുകൂടാതെ ഉപകരണങ്ങൾ സ്റ്റെർലൈസ് ചെയ്യുന്നതിനുള്ള പ്ലാസ്മാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

also read:സ്പിരിറ്റ് നിർമാണശാല; ഒരു തുള്ളി ഭൂഗർഭജലം പോലും എടുക്കില്ല: മന്ത്രി എം ബി രാജേഷ്

നവ തലമുറ സംരഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും ആരോഗ്യമേഖലയിൽ നൂതനാശയങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനും ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക്ക് ബ്ലോക്കിൽ ഒരു ഇൻക്യുബേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അതുവഴി കാൻസർ ചികിത്സയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ നൽകാൻ സാധിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളിലേയും അർബുദ രോഗികൾക്ക് ഒരു പോലെ മികച്ച കാൻസർ ചികിത്സ ഉറപ്പുവരുത്തുന്നതിനായി പൊതുമേഖല ആരോഗ്യസ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News