‘ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായി ഒരുമയോടെ മുന്നോട്ടു പോകാം’, കേരളപ്പിറവി ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി

എല്ലാ കേരളീയർക്കും കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായി ഒരുമയോടെ മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും ആശംസകൾ പങ്കുവെക്കുന്നതിനിടെ മുഖ്യമന്ത്രി കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ALSO READ: ‘വര്‍ഗീയതയ്ക്ക് വേരില്ലാത്ത നാട്’, വിദ്വേഷരാഷ്ട്രീയം രാജ്യം ഭരിക്കുമ്പോള്‍ കേരളം പോലെ രാജ്യം പിന്തുടരേണ്ട മറ്റേത് മാതൃകയുണ്ട്

മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്

ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

ALSO READ: ’67ൻ്റെ നിറവിൽ എൻ്റെ കേരളം’, വർഗീയ ശക്തികളെ വേരോടെ പിഴുതെറിഞ്ഞ ചരിത്രം, ഇന്ത്യയുടെ അഭിമാന സംസ്ഥാനം

ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയത്. എന്നാല്‍ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം.

ആ ശ്രമങ്ങൾക്ക് ഊർജ്ജം പകരും വിധം നമ്മുടെ നാടിനെ അതിന്റെ സമസ്ത നേട്ടങ്ങളോടും കൂടി ലോകത്തിന്റെയാകെ മുന്നിൽ അവതരിപ്പിക്കാനുള്ള വലിയ ഒരു ശ്രമം കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സർഗാത്മകതയുടെ ആവിഷ്കാരം കൂടിയാണ് കേരളീയം. ജനമനസ്സുകളുടെ ഒരുമ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താം. എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News