“ജനങ്ങൾ നൽകിയ വിശ്വാസത്തിന് അനുസരിച്ച് എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചു”: മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് തെരഞ്ഞെടുപ്പിന്റെ നിർണായകത മനസിലായിട്ടുണ്ടെന്നും, 2016-ൽ എൽഡിഎഫ് നൽകിയ വാഗ്ദാനങ്ങളിൽ ജനങ്ങൾ പ്രതീക്ഷ അർപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ നൽകിയ വിശ്വാസത്തിന് അനുസരിച്ച് എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചുവെന്നും അതിന്റെ ഫലങ്ങൾ എല്ലാ മേഖലകളിലും പ്രകടമായതായും മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ലെന്ന് കരുതപ്പെട്ട പല പദ്ധതികളും സർക്കാർ യാഥാർഥ്യമാക്കിയതായും പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനായതായും അദ്ദേഹം കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവ് മണ്ഡലം പൊതുയോഗത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

2016 വരെ ഉണ്ടായിരുന്ന സാഹചര്യങ്ങൾ മാറ്റിമറിച്ചാണ് 2021-ൽ ജനങ്ങൾ തുടർഭരണം സമ്മാനിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം പരിശോധിക്കുമ്പോൾ കേരളം ആധുനിക കാലത്തിനനുസരിച്ചുള്ള വികസനം കൈവരിച്ച നാടായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത വികസനം യാഥാർഥ്യമായതും, രണ്ട് ഹൈവേകൾക്കായി കിഫ്ബി വഴി പതിനായിരം കോടി രൂപ കണ്ടെത്തിയതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത അവസാനഘട്ടത്തിലാണെന്നും, ലോകശ്രദ്ധ നേടിയ വിഴിഞ്ഞം പോർട്ട് പൂർത്തിയാക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഇത് കേരളത്തിന്റെയും രാജ്യത്തിന്റെയും ഏറ്റവും വലിയ പോർട്ടായി മാറാൻ സാധ്യതയുണ്ടെന്നും അനന്തമായ വികസന സാധ്യതകൾ തുറക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത സൗകര്യങ്ങളിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയെ രാജ്യത്തെ ഏറ്റവും മികച്ചതാക്കാൻ കഴിഞ്ഞതായും നിരവധി പുരസ്കാരങ്ങൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Also read : ‘കോൺഗ്രസിൻ്റ വീട് നിർമ്മാണം ഇനി എന്ന് നടക്കാനാണ് ? പിരിച്ച പണം എവിടെ ?’; ഒരു കാര്യവും നടത്താതെ ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ

ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ ആറായിരം കോടി രൂപ ചെലവഴിച്ചതായും, കേരളത്തെ ഉയർന്ന വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. അക്കാദമിക് വിദഗ്ധരെ ഉൾപ്പെടുത്തി കമ്മീഷൻ പ്രവർത്തനം ആരംഭിച്ചതും, നാല് വർഷ ഡിഗ്രി കോഴ്സ് നടപ്പിലാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവേഷണാധിഷ്ഠിത പഠനരീതിയിലേക്ക് മാറ്റം കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ആറു മികച്ച സർവകലാശാലകളിൽ രണ്ടെണ്ണം കേരളത്തിലാണെന്നും, നൂറ് മികച്ച കോളേജുകളിൽ പതിനെട്ട് കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് പഠനത്തിനനുസരിച്ചുള്ള തൊഴിൽ അവസരങ്ങൾ ഉറപ്പാക്കിയതായും, ബഹുരാഷ്ട്ര കമ്പനികൾ കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യരംഗത്തും വലിയ മാറ്റങ്ങൾ കൈവരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 2016-ൽ ആരംഭിച്ച ആർദ്രം മിഷൻ വഴി പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയതായും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകശ്രദ്ധ നേടുന്ന രീതിയിൽ പൊതുജനാരോഗ്യ രംഗം മെച്ചപ്പെട്ടതായും, 2021-ന് ശേഷവും അത് കൂടുതൽ ശക്തിപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നവജാത ശിശുമരണ നിരക്ക് ഗണ്യമായി കുറഞ്ഞതായും, ചില മേഖലകളിൽ അമേരിക്കയെ പോലും മറികടക്കുന്ന നേട്ടങ്ങൾ കൈവരിച്ചതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News