
ഈ കാലഘട്ടം പലതരത്തിലുള്ള പ്രശ്നങ്ങൾ ഉയർന്നു വരുന്നൊരു കാലഘട്ടമാണെന്നും എല്ലാ കാലത്തും ലോകത്ത് പ്രശ്നം സൃഷ്ടിക്കുന്നത് സാമ്രാജ്യത്വമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക പൊലീസ് എന്ന ഭാവത്തിലാണ് അമേരിക്ക പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഒരു ദിവസം പെട്ടെന്നാണ് ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. പ്രത്യേക കാരണങ്ങൾ ഇല്ലാതെയാണ് ഇറാനെ ആക്രമിച്ചത്.
ആക്രമിക്കാനുള്ള ഊർജ്ജം ഇസ്രയേലിന് ലഭിച്ചത് അമേരിക്കയില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇസ്രയേലിന്‍റെ ആക്രമണങ്ങളെ ലോകം അപലപിക്കുമ്പോൾ അമേരിക്കയാണ് ഇസ്രയേലിനെ സംരക്ഷിക്കാൻ വരുന്നതെന്നും വ്യക്തമാക്കി.
ALSO READ; ജമാഅത്തെ ഇസ്ലാമിക്കെതിരെ കാന്തപുരം വിഭാഗം എസ്.എസ്.എഫിന്റെ രിസാല വീക്ക്ലി
ഇറാന് നേരെ നടത്തിയ ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. സമാധാനം ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തിനും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യക്കാര്‍ നിര്‍ഭാഗ്യകരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഇന്ത്യക്ക് ഇസ്രയേൽ വിഷയത്തില്‍ കൃത്യം നിലപാടുണ്ടായിരുന്നു. മുമ്പ് പലസ്തീനെ മാത്രമാണ് ഇന്ത്യ അംഗീകരിച്ചിരുന്നത്. ഇസ്രയേലിന്‍റെ നടപടികളെ അംഗീകരിക്കാത്ത രാജ്യമായിരുന്നു മുമ്പ് ഇന്ത്യ. എന്നാൽ ഇസ്രയേലിനോടുള്ള സമീപനത്തിൽ മാറ്റം കൊണ്ടുവന്നത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ചേരി ചേരാ നയമാണ് നമ്മുടെ നയമെങ്കിലും അതിന്‍റെ സത്ത സാമ്രാജ്യത്വ വിരുദ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. നെഹ്റുവിന്‍റെ ഉൾപ്പടെയുള്ള വാക്കുകൾക്ക് ലോകം കാതോര്‍ത്തിരുന്നു. അന്ന് ഇന്ത്യയെ വലിയ ആദരവോടെയാണ് മറ്റ് രാജ്യങ്ങൾ കണ്ടിരുന്നത്. നമ്മുടെ നയമായിരുന്നു അതിന് കാരണം. ഇന്ന് അമേരിക്കൻ സാമ്രാജ്യത്വവുമായി കൂടുതല്‍ അടുക്കുന്ന സാഹചര്യമാണ്. അതിന്റെ തുടര്‍ച്ചയാണ് ഇസ്രയേലിനോടുള്ള നയമാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് തുടങ്ങി വച്ച നയംമാറ്റം പിന്നീടെത്തിയ ബിജെപി ശക്തമായി മുന്നോട്ടു കൊണ്ടുപോയി. ആര്‍ എസ് എസും സയണിസ്റ്റുകളും ഇരട്ടപെറ്റ സഹോദരൻമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രയേലില്‍ നിന്ന് ആയുധം വാങ്ങുമ്പോൾ അതിന് കൊടുക്കുന്ന വിലയിലൂടെ ആക്രമണോത്സുകതയാണ് വര്‍ധിക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുഖം മുഷിയാതിരിക്കാനാണ് ഇന്ത്യ ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിക്കുന്നത്.
ഇത് അപമാനകരമാണെന്നും ഇതല്ല നമ്മുടെ രാജ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ തനിമ ഉയര്‍ത്തിപ്പിടിക്കാൻ സാധിക്കണം. ബിജെപി നയം തിരുത്താനുള്ള ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നമ്മൾ അറിയാതെ നമ്മൾ പോലും യുദ്ധത്തില്‍ പങ്കുചേരുന്ന സാഹചര്യമുണ്ടാവും. ഇടതുപക്ഷം എല്ലാ കാലത്തും ശക്തമായ നിലപാട് ഈ കാര്യത്തില്‍ സ്വീകരിച്ചു വന്നിട്ടുണ്ട്. ബിജെപി സര്‍ക്കാർ ജനവിരുദ്ധത നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here