വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് പലഭാഗത്തായി നടക്കുന്നതെന്നും പശുവിന്‍റെ പേരില്‍ രാജ്യത്താകെ വര്‍ഗീയ കലാപം നടത്താൻ ശ്രമിക്കുന്ന അക്രമകാരികള്‍ക്ക് ഊര്‍ജം പകരുന്ന നിലപാടാണ് അവരെ സഹായിക്കുന്ന സര്‍ക്കാറുകള്‍ കൈകൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 60 ലേറെ കൊലപാതകങ്ങള്‍ ഗോ സംരക്ഷണത്തിന്‍റെ പേരില്‍ നടന്നിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് യുവജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിമര്‍ശിക്കുമ്പോള്‍ അത് ഒരു വിഭാഗത്തെ കുറിച്ചല്ല പറയുന്നത്. അത് അവര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയെ എതിര്‍ക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയത ചെയ്യുന്ന ക്രൂരകൃത്യങ്ങള്‍ ചില ന്യൂനപക്ഷ വര്‍ഗീയതക്ക് വഴി വെച്ചുവെന്ന് രാജ്യത്ത് നിന്ന് മനസ്സിലാവും. ഒരു വര്‍ഗീയതയെ മറുവര്‍ഗീയത കൊണ്ട് എതിര്‍ക്കാൻ കഴിയില്ല.
ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയത പരസ്പര പൂരകങ്ങളാണ്. എല്ലാ വര്‍ഗീയതയേയും എതിര്‍ക്കണം.
ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിട്ടാല്‍ ഫലം കൂരിരുട്ടാവും. വര്‍ഗീയതയെ നേരിടേണ്ടത് മതനിരപേക്ഷത കൊണ്ടാണ്. വര്‍ഗീയതയെ വര്‍ഗീയത കൊണ്ടല്ല എതിര്‍ക്കേണ്ടത്. വര്‍ഗീയത എത്ര ചെറിയ അളവിലായാലും അത് വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യണം. വര്‍ഗീയത വേറെ വിശ്വാസം വേറെ എന്ന ധാരണ എല്ലാവര്‍ക്കും ഉണ്ടാവണം. പൗരത്വ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത് കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം അനുഭവിക്കുന്ന അവകാശം ആരും ദയാപൂര്‍വ്വം തന്നതല്ല, നാം പൊരുതി നേടിയതാണ്. ഭരണഘടനയെ തകര്‍ക്കാൻ ഏത് കൊലകൊമ്പൻ വന്നാലും സമ്മതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലുമായി സര്‍ക്കാര്‍ രംഗത്തുവന്നത് എങ്ങോട്ടാണ് പോവുന്നത് എന്ന് മനസ്സിലാവും. വഖഫ് സ്വത്തുക്കള്‍ കണ്ടുപിടിക്കാനുള്ള ഗൂഢതന്ത്രത്തിന്‍റെ ഭാഗമാണിതെന്ന് ഘടകകക്ഷികള്‍ക്ക് പോലും പറയേണ്ടി വന്നു. മണിപ്പൂര്‍ കലാപം ആളിക്കത്തിക്കാനാണ് വര്‍ഗീയ കക്ഷികള്‍ ശ്രമിക്കുന്നത്. രാജ്യത്താകെ ഉയര്‍ന്നു വന്നിട്ടുള്ളത് വലിയ ആശങ്കയാണ്. അയോധ്യ കൊണ്ട് ഒന്നും അവസാനിക്കില്ലെന്നും രാജ്യത്താകെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ഇനിയും അക്രമമുണ്ടാകുമെന്നുമാണ് മുദ്രാവാക്യത്തില്‍ നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മതത്തെ മറയാക്കി വിദ്വോഷം പടര്‍ത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here