
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് കോക്രോച്ച് ജനത പാര്‍ട്ടിക്ക് അനുമതി നൽകി ദില്ലി പൊലീസ്. വലിയ നാടകീയ നീക്കങ്ങൾക്കൊടുവിൽ ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് പോലീസിന്റെ അനുമതി പത്രം ലഭിച്ചത്. നിലവില്‍ സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ ജന്തര്‍ മന്ദറില്‍ എത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ യുഎസിൽ നിന്നും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഭിജീത് പുറത്തിറങ്ങിയത്.
ALSO READ: സിബിഎസ്ഇ പുനർ മൂല്യനിർണയം: പ്രതിഷേധങ്ങൾക്കൊടുവിൽ അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി
നേരത്തെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി അനുമതി വാങ്ങാനായിരുന്നു പാർട്ടി തീരുമാനിച്ചിരുന്നതെങ്കിലും, പോലീസ് അനുമതി മുൻകൂട്ടി ലഭ്യമാക്കിയതോടെ പ്രവർത്തകർ നേരിട്ട് ജന്തർ മന്ദറിലേക്ക് എത്തണമെന്ന് പാർട്ടി വക്താവ് സൗരവ് ദാസ് എക്സിലൂടെ അറിയിച്ചു.
പുസ്തകവും ത്രിവർണ പതാകയുമായി സമരത്തിനെത്തണമെന്ന് ദീപ്‌കെ ട്വീറ്റ് ചെയ്തു. കരുണയുടേയും കൃതജ്ഞതയുടേയും അടയാളമായി പോലീസുകാർക്ക് പൂക്കൾ സമർപ്പിക്കണം. എസ്എഫ്ഐ, ഐസ ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

