“രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വർധിക്കുന്നു, രണ്ടു വർഷത്തിനിടെ കർണാടകയിൽ 70 വർഗീയ സംഘർഷങ്ങൾ ഉണ്ടായി”: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്

prakash karat cpim

രാജ്യത്താകെ വർഗീയ ലഹളകൾ വർധിച്ചുവരുന്നതായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മതപരമായ ചടങ്ങുകൾ നടക്കുമ്പോഴെല്ലാം രാജ്യത്ത് സംഘർഷാവസ്ഥ ഉണ്ടാകുന്നുവെന്നും മതന്യൂനപക്ഷങ്ങൾക്ക് മേൽ കടന്നാക്രമണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാമനവമി ആഘോഷങ്ങളുടെയും വിനായക ചതുർഥി ചടങ്ങുകളുടെയും ഭാഗമായി പല ഇടങ്ങളിലും കലാപങ്ങൾ ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Also read : ‘കേരളം കഴിഞ്ഞ 10 വർഷം കണ്ടത് ജനപക്ഷ വികസനത്തിൻ്റെ ബദൽ മാതൃക’: ബൃന്ദാ കാരാട്ട്

അതേസമയം കഴിഞ്ഞ 10 വർഷമായി കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കോൺഗ്രസ് അധികാരത്തിൽ ഉള്ളത് മൂന്ന് സംസ്ഥാനങ്ങളിലാണെന്നും, കഴിഞ്ഞ രണ്ടു വർഷത്തിനിടെ കർണാടകയിൽ 70 വർഗീയ സംഘർഷങ്ങൾ ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. തെലങ്കാനയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 7 സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായസ്വാതന്ത്ര്യം നിലനിൽക്കുന്നത് പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ മാത്രമാണെന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാരിനെതിരായി എഴുതുകയോ പ്രവർത്തിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താൽ ഭരണഘടനാവിരുദ്ധമായി കണ്ട് ശത്രുതാപരമായ സമീപനമായാണ് ഭരണകൂടത്തിൽ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ രാഷ്ട്രീയമായ പോരാട്ടങ്ങളാണ് നടക്കുന്നതെന്നും അതിനുള്ള എല്ലാ അവകാശങ്ങളും ഇവിടെ നിലനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് കേരളത്തിൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിൽ ബിജെപി ഭരണമാണ് നിലനിൽക്കുന്നതെന്നും അവിടെ സർക്കാരിനെയോ ബിജെപി നേതാക്കളെയോ വിമർശിച്ചാൽ വീടുകൾ പൊളിച്ചുനീക്കുന്ന ബുൾഡോസർ രാജ് ആണ് നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയും ഇതേ രീതികൾ പിന്തുടരുന്നതായും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News