ബ്രിജ്ഭൂഷണെതിരെ ലൈംഗിക അതിക്രമ പരാതി; പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്

പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിത താരങ്ങൾ നൽകിയ പരാതിയിൽ രണ്ട് എഫ് ഐ ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി മാറ്റിയതായാണ് റിപ്പോർട്ടുകൾ. മൊഴി തിരുത്തി പരാതിക്കാരി മജിസ്ട്രേറ്റിന് മുന്നില്‍ പുതിയ മൊഴി നല്‍കിയെന്നാണ് വിവരം. ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ വിവരിച്ച് പെണ്‍കുട്ടി നേരത്തെ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. അതിനാൽ രണ്ട് മൊഴികളില്‍ ഏത് സ്വീകരിക്കണമെന്ന് കോടതി തന്നെ തീരുമാനിക്കും.

താരങ്ങളെ കൂടുതൽ സമ്മർദത്തിലാക്കി സമരത്തിൽ നിന്നും പിൻ തിരിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുവെന്നാണ് ആരോപണം. അതേ സമയം ഉത്തർപ്രദേശ് ഗോണ്ടയിലെ ബ്രിജ് ഭൂഷന്റെ വസതിയിൽ ദില്ലി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം എത്തി. ബ്രിജ് ഭൂഷന്റെ ബന്ധുക്കളെയും ജോലിക്കാരെയും ചോദ്യം ചെയ്ത് വരുകയാണ്. നിലവരിൽ 12 പേരുടെ മൊഴി രേഖപെടുത്തിയതായാണ് വിവരം. ബ്രിജ് ഭൂഷണിനെ ചോദ്യംചെയ്ത് അറസ്റ്റ് ഉൾപെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ആരും പരാതി പിൻവലിച്ചിട്ടില്ലെന്നും നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് താരങ്ങൾ പറയുന്നത്.

അതേ സമയം, ഗുസ്തി താരങ്ങളുടെ സമരത്തിൽ നിന്നും സാക്ഷി മാലിക് പിന്മാറിയെന്ന തരത്തിൽ പ്രചരിപ്പിച്ച വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്ന് പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി സാക്ഷി തന്നെ രംഗത്ത് വന്നിരുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തങ്ങൾ ആരും പിന്നോട്ടില്ലെന്ന് സാക്ഷി അറിയിച്ചു. സത്യാഗ്രഹത്തോടൊപ്പം റെയിൽവേയിലെ തൻ്റെ ഉത്തരവാദിത്വവും നിറവേറ്റുകയാണെന്നും സാക്ഷി വ്യക്തമാക്കി.നീതി ലഭിക്കും വരെ പോരാട്ടം തുടരും. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സാക്ഷി മാലിക് അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News