ടിക്കറ്റ് ഒൺലൈനിൽ റദ്ദായി; യാത്രക്കാരിയെ അർദ്ധരാത്രിയിൽ ട്രെയിനിൽ നിന്നും ഇറക്കിവിട്ടു

രാത്രിയിൽ യാത്രക്കാരിയെ ട്രെയിനിൽ നിന്നും ഇറക്കി വിട്ടതായി പരാതി. ട്രെയിൻ റിസർവേഷൻ ടിക്കറ്റ് റദ്ദാക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരിയെ അർധരാത്രി ആർപിഎഫും ടിക്കറ്റ് പരിശോധകരും ചേർന്ന് ഇറക്കി വിട്ടത്. തിരുവനന്തപുരത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ തൃശൂർ വടക്കഞ്ചേരി സ്വദേശിനി കെ.ജയ സ്മിതയാണ് തന്നെ ഇറക്കിവിട്ടെന്നാരോപിച്ചു റെയിൽവേ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർക്കു പരാതി നൽകിയത്.എന്നാൽ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടെന്ന ആരോപണം റെയിൽവേ നിഷേധിച്ചു. മംഗളൂരുവിൽ നിന്ന് ജൂലൈ 30 ന് പുറപ്പെട്ട തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിലാണു സംഭവം.

also read :കശുമാങ്ങ കഴിക്കൂ… ഉറക്കമില്ലായ്മയോട് പറയൂ ഗുഡ്‌ബൈ

‘‘ജൂലൈ 30 ന് വടക്കഞ്ചേരി സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരാൻ ജൂലൈ 22 ന് റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. സ്ലിപ്പിൽ വിവരങ്ങളെല്ലാം എഴുതി നൽകി ടിക്കറ്റ് വാങ്ങി. 30 നു രാത്രി ഒൻപതരയോടെ വടക്കഞ്ചേരിയിൽ നിന്ന് ട്രെയിനിൽ കയറി എസ്4 കംപാർട്മെന്റിലെ 41–ാം നമ്പർ സീറ്റിലെത്തിയപ്പോൾ അവിടെ മറ്റൊരാൾ കിടക്കുന്നതു കണ്ടു. ബുക്ക് ചെയ്ത സീറ്റ് ലഭിക്കാത്തതിനാൽ ടിടിഇയെ വിളിച്ചു. എന്റെ ടിക്കറ്റ് റദ്ദാക്കിയതായി കാണിക്കുന്നുവെന്നും യാത്ര തുടരണമെങ്കിൽ പിഴ അടയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. ടിക്കറ്റ് ഞാൻ റദ്ദാക്കിയിട്ടില്ലെന്നും പിഴ അടയ്ക്കാൻ തയാറല്ലെന്നും പറഞ്ഞു. തുടർന്ന് വേറെയും ടിടിഇമാരും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി എന്നോടു മോശമായി സംസാരിച്ചു. രാത്രി 11 മണി കഴിഞ്ഞ് ആലുവയിലെത്തിയപ്പോൾ ട്രെയിൻ പിടിച്ചിട്ടു. എന്നെ വലിച്ചിറക്കി സ്റ്റേഷനിൽ കൊണ്ടുപോയി അനധികൃത യാത്രക്കാരിയാണെന്ന് ആരോപിച്ചു കേസെടുത്തു. മാനസികമായി തളർന്ന ഞാൻ മറ്റൊരു ട്രെയിനിൽ തിരുവനന്തപുരത്തെത്തി. കഴിഞ്ഞ ദിവസം ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർക്കു പരാതി നൽകി. ഞാൻ എഴുതി നൽകിയ ഫോൺ നമ്പർ തെറ്റായി വായിച്ച് എന്റർ ചെയ്ത ജീവനക്കാരൻ 3 നു പകരം 5 ടൈപ്പ് ചെയ്തെന്നും ആ നമ്പറിലേക്കു ടിക്കറ്റ് കൺഫർമേഷൻ മെസേജ് എത്തിയപ്പോൾ ആ നമ്പറിന്റെ ഉടമ ടിക്കറ്റ് റദ്ദാക്കിയതാകാമെന്നുമാണ്. ഞാനെഴുതിയ സ്ലിപ് അവർ കാണിച്ചു തന്നു. അതിൽ വ്യക്തമായി നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഞാൻ കണ്ടതാണ്’’ -ജയ സ്മിത പറഞ്ഞു.

also read :സിനിമയെ വെല്ലുന്ന തരത്തിൽ മോഷണം; ധീരമായി നേരിട്ട് കുടുംബം

അതേസമയം ജയ സ്മിതയോടു മോശമായി പെരുമാറിയിട്ടില്ലെന്നും തിരുവനന്തപുരം ഡിവിഷൻ റെയിൽവേ അധികൃതർ പറഞ്ഞു. റദ്ദായ ടിക്കറ്റുമായി യാത്ര ചെയ്യാൻ കഴിയില്ലെന്ന് മാന്യമായി അറിയിക്കുകയും ഇതിന് ചെലവായ തുക പൂർണമായി തിരികെ നൽകാമെന്നും അറിയിച്ചുവെന്നും റെയിൽവേ അധികൃതർ അറിയിച്ചു. സ്ലിപ്പിൽ രേഖപ്പെടുത്തിയ നമ്പർ വ്യക്തമായിരുന്നില്ലെന്നും ടിക്കറ്റ് എടുക്കാൻ ഫോൺ നമ്പർ നൽകുമ്പോൾ അതു കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും കൂടാതെ യാത്രക്കാരുടെ സൗകര്യാർഥമാണ് നേരിട്ടെടുക്കുന്ന ടിക്കറ്റ് ഓൺലൈൻ ആയി റദ്ദാക്കാൻ അവസരം നൽകുന്നതെന്നും റെയിൽവേ വിശദീകരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News