ഭൂപ്രശ്നമേറ്റെടുത്ത് സമരം ചെയ്തതിന് കൊലചെയ്യപ്പെട്ട സിപിഐ എം എംഎൽഎ: സഖാവ് അജിത് സർക്കാർ‍ രക്തസാക്ഷിത്വ ദിനം

Comrade Ajith Sarkar

നാലുവട്ടം തുടർച്ചയായി ബീഹാർ നിയമസഭയിൽ സിപിഐ എമ്മിനെ പ്രതിനിധീകരിച്ച സഖാവ് അജിത് സർക്കാരിന്റെ രക്തസാക്ഷിത്വ ദിനമാണിന്ന്. നിലമ്പൂരിലെ സഖാവ് കുഞ്ഞാലിയെപ്പോലെ എംഎൽഎ ആയിരിക്കുമ്പോൾ രാഷ്ട്രീയ എതിരാളികളാൽ കൊല ചെയ്യപ്പെട്ട മറ്റൊരു അനശ്വര രക്തസാക്ഷിയുടെ സ്മരണദിനം.

സ്വത്വവാദി ഗ്രൂപ്പുകളോ അവരുടെ രാഷ്ട്രീയ പാർടികളോ ആയിരുന്നില്ല ബീഹാറിൽ ഭൂപ്രശ്നമേറ്റെടുത്ത് സമരം ചെയ്തിരുന്നത്. കമ്മ്യൂണിസ്റ്റ് പാർടികളായിരുന്നു മറ്റ് പലയിടങ്ങളിലെയും പോലെ അവിടെ ഭൂബന്ധങ്ങളിലെ മാറ്റങ്ങൾക്കായി ദളിതരെയും കർഷകരെയും സംഘടിപ്പിച്ചത്. ലോഹ്യാ സോഷ്യലിസ്റ്റുകൾ അധികാരത്തിലെത്തിയപ്പോൾ പോലും ബീഹാറിൽ ഭൂപരിഷ്കരണത്തിലേക്ക് ചെറിയ കാൽവെപ്പുകൾപോലും ഉണ്ടായില്ല. ഐഡന്റിറ്റി അസർഷനും റെട്ടറിക്കൽ സംസാരവും തെരഞ്ഞെടുപ്പ് വിജയത്തിന്റെ രൂപത്തിൽ അവരെ തുണച്ചെങ്കിലും തങ്ങളുടെ വോട്ട് ബാങ്കുകളായ ജനവിഭാഗങ്ങളെ അധികാരമേറ്റ ശേഷം ഇക്കൂട്ടർ വഞ്ചിച്ചു. മണ്ഡൽ അനുകൂല നിലപാടെടുത്ത ഈ മുൻകാല സോഷ്യലിസ്റ്റുകൾ ഭൂമി വിഷയത്തിൽ പക്ഷേ “രൺബീർ സേന”കൾക്കുമുന്നിൽ മുട്ടുമടക്കി.

1996ൽ ബീഹാറിലെ ലക്ഷ്മൺപൂർ ബാത്തെയിലും ബഥാനി തോലെയിലും സവർണ ഭൂവുടമകളുടെ അക്രമിസംഘമായ രൺബീർ സേനക്കാർ കൊന്നൊടുക്കിയത് ദളിതരും ഭൂരഹിതരുമായിരുന്ന കർഷകരെയായിരുന്നു. ലക്ഷ്മൺപൂർ ബാത്തെയിലും ബഥാനി തോലയിലും ഭൂമിയായിരുന്നു വിഷയം. രണ്ടിടത്തും ദളിത്‌ കൂട്ടക്കൊല നടത്തിയ അക്രമി സംഘങ്ങളെ സംരക്ഷിക്കാനാണ് ലാലുവായാലും നിതീഷായാലും കൂട്ടുനിന്നത്. എന്നാൽ അന്നും കമ്മ്യൂണിസ്റ്റുകാർ ബീഹാറിലെ അടിസ്‌ഥാനവർഗ്ഗത്തോടൊപ്പം അവരെ നയിച്ചു സമരരംഗത്തുണ്ടായിരുന്നു. ഭൂമിയായിരുന്നു എന്നും ബിഹാറിലെ ദളിത്‌-കർഷക പോരാട്ടങ്ങളുടെ കേന്ദ്രവിഷയം. ഭൂപരിഷ്കരണവും മിച്ചഭൂമി വിതരണവുമായിരുന്നു കമ്യൂണിസ്റ്റ് പാർടികളുടെ നേതൃത്വത്തിൽ നടന്ന ദളിത് – കർഷക സമരങ്ങളിലുയർന്നുകേട്ട മുദ്രാവാക്യങ്ങളും.

തൊണ്ണൂറുകളുടെ അവസാനത്തോടെ ബീഹാറിൽ സിപിഐഎം നേതൃത്വത്തിൽ ഭൂസമരങ്ങൾ കൂടുതൽ ശക്തിയാർജ്ജിച്ചു. ഇതിന്റെ ഭാഗമായി ബീഹാറിലെ പുരുണിയ നിയമസഭാ മണ്ഡലത്തിൽ 1980 മുതൽ തുടർച്ചയായി നാലുവട്ടം സിപിഐ എം നേതാവ് അജിത് സർക്കാർ വിജയിച്ചു.
1998 ജൂൺ 13 ന് അഖിലേന്ത്യാ കിസാൻ സഭയുടെയും അഖിലന്ത്യാ കർഷക തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിൽ പുരുണിയയിൽ സിപിഐ എം ഒരു ഭൂസമര കൺവെൻഷൻ നടത്തുകയുണ്ടായി.

സ്വാഭാവികമായും സിപിഐഎം നേതാവും സ്ഥലം എംഎൽഎയുമായിരുന്ന അജിത് സർക്കാരായിരുന്നു കൺവെൻഷന്റെ മുഖ്യ സംഘാടകൻ. മാസാവസാനത്തോടെ ഭൂമി പിടിച്ചെടുക്കൽ സമരം ആരംഭിക്കാനുള്ള തീരുമാനം കൈകൊണ്ടാണ് കൺവെൻഷൻ അവസാനിച്ചത്.
എന്നാൽ ഭൂ ഉടമകളുടെ മാഫിയാ സംഘങ്ങൾക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു അത്‌. സമരപ്രഖ്യാപന കൺവെൻഷന്റെ പിറ്റേന്ന്, 1998 ജൂൺ 14 ന്, സഖാവ് അജിത് സർക്കാർ എംഎൽഎയെ അവർ വകവരുത്തി. പട്ടാപ്പകൽ കാറിൽ സഞ്ചരിച്ചിരുന്ന സഖാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൂടെ സഞ്ചരിച്ചിരുന്ന മറ്റ് രണ്ട് സഖാക്കൾ കൂടി കൊല ചെയ്യപ്പെട്ടു.

അജിത് സർക്കാരിന്റെ കൊലയാളികളിൽ ഒരാൾ മുൻ ആർജെഡി എംപി പപ്പു യാദവായിരുന്നു. ബീഹാറിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പ്രതീകമായ പപ്പു യാദവിനൊപ്പം അജിത് സർക്കാരിന്റെ കൊലപാതകത്തിൽ പങ്കുചേർന്ന രാജൻ തിവാരിയെന്ന മറ്റൊരു പ്രതി അന്ന് അഭയം തേടിയത് ഡൽഹിയിലെ ബിജെപി എംപിയുടെ വസതിയിലായിരുന്നു.

ബീഹാർ നിയമസഭയിൽ അജിത് സർക്കാർ 18 വർഷം പ്രതിനിധീകരിച്ചിരുന്ന പുരുണിയയിൽ 1998 ലെ ഉപതെരഞ്ഞെടുപ്പിൽ അജിത് സർക്കാരിന്റെ ജീവിതപങ്കാളിയും പാർടി നേതാവുമായ മണ്ഡലം നിലനിർത്തി. എന്നാൽ 2000 മുതൽ പപ്പു യാദവിനെ അനുകൂലിക്കുന്ന വിവിധ പാർടികളിൽ പെട്ട ഭൂഉടമാ സംഘങ്ങൾ സിപിഐഎം സ്ഥാനാർഥികളെ തോൽപ്പിക്കാൻ ഭിന്നതകൾ മറന്ന് ഒന്നിച്ചു. 2010 ൽ അജിത് സർക്കാരിന്റെ മകൻ അമിത് സർക്കാരിനെയും തെരഞ്ഞെടുപ്പിൽ ഇതേ കൂട്ടർ തോൽപ്പിച്ചു.

ജയിലിലായ പപ്പു യാദവിനെ പുറത്തിറക്കാൻ പരിശ്രമിച്ച ഭാര്യ രഞ്ജീത രഞ്ജന്റെ ശ്രമങ്ങൾ 2013 ൽ ഫലം കണ്ടു. ജയിൽ മോചിതനായ പപ്പു യാദവിനെ ബീഹാർ രാഷ്ട്രീയത്തിലെ ഭൂ മാഫിയ വേണ്ടവിധം സ്വീകരിച്ചു. 2014 ൽ കോൺഗ്രസ് പാർടി പപ്പു യാദവിന്റെ ഭാര്യയെ ലോക്സഭയിലേക്ക് മത്സരിപ്പിച്ച് എംപിയാക്കി. കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തിയ രഞ്ജീത രഞ്ജൻ പക്ഷേ 2019 ൽ പരാജയപ്പെട്ടു. എന്നാൽ കോൺഗ്രസ് പാർടി അവരെ എഐസിസി സെക്രട്ടറിയും ദേശീയ വക്താവുമാക്കി.

ബിജെപിയും കോൺഗ്രസ്സും മാത്രമല്ല, അജിത് സർക്കാരിന്റെ കൊലയാളിയെ ആശ്ലേശിച്ചത്. കേരളത്തിലെ ജമാഅത്ത് പരിവാറിന്റെ കൺകണ്ട ദൈവം ചന്ദ്ര ശേഖർ ആസാദ് രാവൺ 2020 ൽ പപ്പു യാദവിനൊപ്പം കൈകോർത്തു. പപ്പു യാദവിന്റെ ജൻ അധികാർ പാർടിയും ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർടിയും ചേർന്ന് പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് അലയൻസ് എന്ന പേരിൽ സഖ്യമുണ്ടാക്കിയാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. മഹാസഖ്യത്തിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തി ബിജെപിക്ക്‌ സഹായം ചെയ്യുക എന്നതായിരുന്നു പപ്പു യാദവിൽ നിക്ഷിപ്തമായിരുന്ന ജോലി. അതയാൾ ആസാദിനൊപ്പം ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.

എന്നാൽ 2024 ലോകസഭ തെരഞ്ഞെടുപ്പിനു മുന്നേ പപ്പു യാദവ് തന്റെ ജൻ അധികാർ പാർടിയെ കോൺഗ്രസ്സിൽ ലയിപ്പിച്ചു. 2024 മാർച്ച്‌ 20 ന് എഐസിസി ആസ്ഥാനത്തുവെച്ച് പപ്പു യാദവിനെയും മകനെയും കോൺഗ്രസ്സിലേക്ക് ആനയിച്ചു. ഭാര്യ രഞ്ജിത അപ്പോഴേക്കും ഛത്തീസ്‌ഗഡിൽ നിന്നും 2022 ൽ കോൺഗ്രസ്സ് ടിക്കറ്റിൽ രാജ്യസഭയിലേക്ക് “എതിരില്ലാതെ” ജയിച്ചിരുന്നു. നിലവിലെ ഐഐസിസി ജനറൽ സെക്രട്ടറിയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ചെയർമാനുമായ രാജീവ് ശുക്ലയും (2024 ൽ കോൺഗ്രസ്സ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിൽ ദേശീയ നേതാവ് മനു അഭിഷേക് സിംഗ്‌വി പരാജയപ്പെട്ടപ്പോൾ ഹിമാചൽ പ്രദേശിലെ എഐസിസി ഇൻചാർജായിരുന്ന അതേ രാജീവ് ശുക്ല!) രഞ്ജിതക്കൊപ്പം അന്ന് കോൺഗ്രസ്സിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എന്താല്ലേ? ഒരു മത്സരം പോലും കൊടുക്കാതെ ബിജെപി, മുഖ്യ എതിരാളികളായ കോൺഗ്രസ്സിന്റെ ദേശീയ വക്താക്കൾ കൂടിയായ രണ്ടുപേരെ രാജ്യസഭയിൽ എത്തിക്കുന്ന മധുര മനോജ്ഞമായ കിണാശ്ശേരി.

2024 ലെ ലോകസഭ തെരഞ്ഞെടുപ്പിനു മുൻപ് പപ്പു യാദവ് കോൺഗ്രസ്സിൽ തിരിച്ചെത്തി എന്നു പറഞ്ഞല്ലോ, എന്നാൽ ബീഹാറിലെ ഇന്ത്യ കൂട്ടായ്മയെ തകർക്കുന്ന നിലപാടാണ് പപ്പു യാദവും കോൺഗ്രസ്സും പിന്നീട് കാണിച്ചത്. ഇന്ത്യ കൂട്ടായ്മയിലെ ധാരണ പ്രകാരം പുരുണിയ ലോകസഭാ സീറ്റ് ആർജെഡിക്ക് നൽകുകയുണ്ടായി. എന്നാൽ കോൺഗ്രസ്സ് ഇത്‌ അംഗീകരിക്കാൻ തയ്യാറായില്ല. പപ്പു യാദവിനായി ബീഹാർ കോൺഗ്രസ്സ് വാശി പിടിച്ചു. എന്നാൽ മറ്റു കക്ഷികൾ വഴങ്ങിയില്ല. ഒടുവിൽ റിബൽ സ്ഥാനാർഥിയായി പപ്പു യാദവ് മത്സരിച്ചു. “ആർജെഡി വല്യേട്ടൻ കളിക്കണ്ടാ” എന്നു പറഞ്ഞായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പ് പത്രിക ഫയൽ ചെയ്തത്.

പപ്പു യാദവിന്റെ സ്ഥാനാർഥിത്വം ഇന്ത്യ കൂട്ടായ്മയിൽ വ്യാപകമായ അനൈക്യമുണ്ടാക്കി. ബീഹാറിൽ മാത്രമായിരുന്നു ഇന്ത്യ കൂട്ടായ്മ തകർന്നടിഞ്ഞത്. യുപിയിൽ ഉൾപ്പെടെ തകർന്ന എൻഡിഎ സഖ്യം ബീഹാറിൽ ആകെയുള്ള 40 ൽ 30 സീറ്റും നേടി. ജെഡിയു നേടിയ സീറ്റുകൾക്കാണ് എൻഡിഎ ഭരണം ഉറപ്പിച്ചതുതന്നെ. ഇന്ത്യ സഖ്യം നേടിയത് ആകെ 9 സീറ്റുകൾ മാത്രം. ബാക്കിയുള്ള ഒരു സീറ്റ് ജയിച്ചതാരാണ് എന്നറിയുമ്പോഴാണ് അന്തർധാര പൂർണ്ണമായും അറിയുക.

മറ്റാരുമല്ല, കോൺഗ്രസ്സ് റിബലായി മത്സരിച്ച പപ്പു യാദവ് പുരുണിയയിൽ വിജയിച്ചു. എങ്ങനെ ജയിച്ചു എന്നതിന് കൂടുതൽ ഗവേഷണം ഒന്നും വേണ്ടതില്ലല്ലോ? ഭൂഉടമകളും സവർണ കോമരങ്ങളും അയാൾക്കായി ഒരുമിച്ചു. കോൺഗ്രസ്സും വോട്ടു മറിച്ചു. ആർജെഡി ജയിക്കേണ്ട സീറ്റിൽ അങ്ങനെ പപ്പു യാദവ് ജയിച്ചു.

പപ്പുവും കൂട്ടാളികളും പല മണ്ഡലങ്ങളിലും ജെഡിയു-ബിജെപി സഖ്യത്തിന്റെ വിജയം ഉറപ്പുവരുത്തി. അന്ന് ബിജെപി വോട്ടിൽ ജയിച്ച പപ്പു യാദവ് ഇന്നും കോൺഗ്രസ്സിനൊപ്പം തന്നെയാണ് എന്നതും ശ്രദ്ധിക്കണം. ഇന്ത്യ സഖ്യത്തിന് നേതൃത്വം നൽകുന്ന ആർജെഡിയുടെ തേജസ്വി യാദവിനോട് “ഹെഡ് മാസ്റ്റർ കളി വേണ്ടാ” എന്നാണ് ഇന്ന് പപ്പു യാദവ് ഭീഷണി സ്വരത്തിൽ പറഞ്ഞത്. കോൺഗ്രസ്സിന് ഇതിലൊന്നും ഒരു പ്രശ്നവും ഇല്ലെന്നതാണ് മറ്റൊരു കാര്യം.

നേരത്തെ 2019 ൽ രഞ്ജിത രഞ്ജന്റെ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ തേജസ്വി യാദവ് ബഹിഷ്കരിച്ചിരുന്നത് വലിയ വാർത്തയായിരുന്നു. പപ്പു യാദവും ഭാര്യയും ആർജെഡിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന പരാതിയായിരുന്നു തേജസ്വിക്ക് അന്ന്.
രക്തസാക്ഷി സഖാവ് അജിത് സർക്കാരിനെക്കുറിച്ച് പറഞ്ഞാണ് തുടങ്ങിയത്. ദളിത്‌ – ഭൂമി വിഷയങ്ങളിൽ സിപിഐഎമ്മിനെ നിരന്തരം ആക്രമിക്കുന്ന ആസാദ് ഫാൻസിന് സഖാവ് അജിത് സർക്കാരിനെ അറിയാൻ സാധ്യതയില്ല. കാരണം അയാൾ മാർക്സിസ്റ്റായിരുന്നു, വാചാടോപങ്ങളിൽ അഭിരമിക്കാതെ നിയമസഭയിലും തെരുവിലും അടിസ്‌ഥാന വർഗ്ഗത്തിനൊപ്പം നിലകൊണ്ടതിന്റെ പേരിൽ കൊലചെയ്യപ്പെട്ട സിപിഐ എം നേതാവായിരുന്നു. ആസാദ് ഫാൻസിന് എൻജിഓ ആക്റ്റിവിസത്തിലും വാചാടോപങ്ങളിലുമാണല്ലോ താല്പര്യം.

ഇന്ന് സഖാവ് അജിത് സർക്കാരിന്റെ ഓർമ്മ ദിനം. രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ സ്മരണക്കുമുന്നിൽ മുഷ്ടി ചുരുട്ടുന്നു.
ഭൂഉടമകളുടെ കൊലയാളി ഗാങ്ങിലെ പപ്പു യാദവുരുടെയും കോർപ്പറേറ്റ് ബ്രോക്കർമാരായ രാജീവ് ശുക്ലമാരുടെയും പാർടിയാണ് കോൺഗ്രസ്സ്. അതിപ്പോൾ ബീഹാറിലായാലും നിലമ്പൂരിലായാലും വസ്തുതയാണ്. അതിനെ അകറ്റി നിർത്തുന്നയിടത്തേ ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയത്തിനു പ്രതീക്ഷയുള്ളൂ. സഖാവ് കുഞ്ഞാലിയെ കൊലപ്പെടുത്തിയവരുടെ രാഷ്ട്രീയത്തിനെതിരെയുള്ള ജനവിധിയിലൂടെ നിലമ്പൂർ വഴികാട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News