സമരപോരാട്ടങ്ങൾക്ക് ആവേശോർജ്ജം പകർന്ന മഹാസൂര്യന് വിട; സഖാവ് പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ

കണ്ണൂർ: യുവതയുടെ സമരപോരാട്ടങ്ങൾക്ക് ആവേശോർജ്ജം പകർന്ന മഹാവിപ്ലവകാരി സഖാവ് പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ. കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് സമരനായകൻ പുഷ്പന്‍റെ സംസ്ക്കാരം ഇടമുറിയാത്ത മുദ്രാവാക്യങ്ങളാൽ മുഖരിതമായ വികാരഭരിതമായ അന്തരീക്ഷത്തിൽ ചൊക്ലിയിലെ വീട്ടുവളപ്പിൽ നടന്നു. കോഴിക്കോട് യൂത്ത് സെന്‍ററിലെ പൊതുദർശനത്തിനുശേഷം ഇന്ന് രാവിലെ എട്ട് മണിയോടെ വിലാപയാത്ര കണ്ണൂർ ജില്ലയിലേക്ക് തിരിച്ചു.

വഴിയിൽ ഉടനീളം പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ പതിനായിരങ്ങളാണ് കാത്തുനിന്നത്. കൊയിലാണ്ടി, വടകര, ഓഞ്ചിയം, നാദാപുരം, മാഹി എന്നിവിടങ്ങളിലെല്ലാം പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ജനസഞ്ചയം ഒഴുകിയെത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരധിയാളുകളാണ് കോഴിക്കോട് മുതലുള്ള വിവിധ കേന്ദ്രങ്ങളിൽ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ചത്.

ALSO READ: ‘പുഷ്പൻ ഉജ്ജ്വലനായ ധീരനായ പോരാളി’ ; അന്ത്യാഞ്ജലി അർപ്പിച്ച് മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള

തലശേരി ടൌൺഹാളിൽ എത്തിച്ച മൃതദേഹത്തിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ എന്നിവരുൾപ്പടെയുള്ള നേതാക്കൾ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. ഇതിനുശേഷം അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹീം മുതൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കൾ ചേർന്ന് പുഷ്പന്‍റെ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ഒരുമണിക്കൂറോളം ടൌൺഹാളിൽ പൊതുദർശനം. ഇവിടെ നിന്ന് വിലാപയാത്ര കൂത്തുപറമ്പിലേക്ക് പുറപ്പെടുമ്പോഴും അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധിയാളുകൾ അവശേഷിക്കുന്നുണ്ടായിരുന്നു.

കൂത്തുപറമ്പിലെ സമരഭൂമികയിൽ തങ്ങളുടെ പ്രിയസഖാവിനെ ഒരുനോക്ക് കാണാനായി ആയിരകണക്കിന് ആളുകളാണ് കാത്തുനിന്നത്. കൂത്തുപറമ്പിലെ രക്തനക്ഷത്രങ്ങളായി മൂന്ന് പതിറ്റാണ്ടോളമായി ജ്വലിച്ചുനിൽക്കുന്ന കെ. കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവർക്കൊപ്പം ആറാമനായി പുഷ്പൻ കൂടിചേരുന്ന അത്യന്തം വൈകാരികമായ നിമിഷങ്ങൾക്കാണ് വിപ്ലവഭൂമിക സാക്ഷ്യംവഹിച്ചത്.

കൂത്തുപറമ്പിലെ പൊതുദർശനത്തിനുശേഷം പുഷ്പന്‍റെ മൃതദേഹം ചൊക്ലിയിലെ രാമവിലാസം സ്കൂളിൽ എത്തിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പടെയുള്ള നേതാക്കൾ സഖാവ് പുഷ്പന്‍റെ മൃതദേഹം തോളിലേറ്റി. തുടർന്ന് രണ്ട് മണിക്കൂറോളം പൊതുദർശനം തുടർന്നു. പതിനായിരകണക്കിന് ആളുകൾ ഇവിടെയെത്തി സഖാവ് പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ചു. കൈരളി ടി.വിക്കുവേണ്ടി റീജിയണൽ ഹെഡ് പി.വി കുട്ടന്‍റെ നേതൃത്വത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

വൈകിട്ട്  പുഷ്പന്‍റെ മൃതദേഹം ചൊക്ലി ഗ്രാമത്തിലെ മേനപ്രയിലുള്ള പുതുക്കുടി വീട്ടിലെത്തിച്ചു. ഏറെ വികാരഭരിതമായ അന്തരീക്ഷത്തിൽ കുടുംബാംഗങ്ങൾ പുഷ്പന് അന്ത്യാജ്ഞലി അർപ്പിച്ചു. ‘ഇല്ലായില്ല മരിക്കുന്നില്ല, സഖാവ് പുഷ്പേട്ടൻ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴങ്ങിയ അതിവൈകാരികമായ അന്തരീക്ഷത്തിലാണ് പുഷ്പന്‍റെ സംസ്ക്കാരം നടന്നത്.

ALSO READ: ‘അണയാത്ത വിപ്ലവ വീര്യത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകം’ ; സഖാവ് പുഷ്പന് ആദരാഞ്ജലികൾ അർപ്പിച്ച് പോളിറ്റ് ബ്യുറോ അംഗം എ. വിജയരാഘവൻ

പരിയാരം മെഡിക്കൽ കോളേജ് സ്വകാര്യട്രസ്റ്റിന് കീഴിലേക്ക് മാറ്റുന്നതിനായി കെ കരുണാകരൻ, സഹകരണവകുപ്പ് മന്ത്രി എം വി രാഘവൻ നീക്കം നടത്തി. ഇതിൽ പ്രതിഷേധിച്ച് 1994 നവംബർ 25ന് കൂത്തുപറമ്പിൽ എം വി രാഘവൻ പങ്കെടുത്ത പരിപാടിക്കിടെ കരിങ്കൊടിപ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി. പ്രതിഷേധസമരത്തിനുനേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൂത്തുപറമ്പിൽ രക്തസാക്ഷികളായി. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പുഷ്പൻ എന്ന ഇരുപത്തിനാലുകാരൻ അത്ഭുതകരമായാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ സുഷുമ്നനാഡി തകർന്നതോടെ മുപ്പത് വർഷത്തോളം ഒരേകിടപ്പ് കിടക്കേണ്ടിവന്നു. മാറിമാറി ആശുപത്രിയും വീടുമായി ആ സഹനജീവിതം മുന്നോട്ടുപോയി.

വെറുതെ തളർന്നുകിടക്കാൻ പുഷ്പന് കഴിയുമായിരുന്നില്ല. ആ കിടക്കയിൽ കിടന്നുകൊണ്ടു സമകാലിക കേരള രാഷ്ട്രീയവും സാമൂഹികമായ പ്രശ്നങ്ങളും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചു. കേരളത്തിലെ വലതുപക്ഷമാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കൂത്തുപറമ്പ് സംഭവത്തെ അധിക്ഷേപിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ശക്തമായ പ്രതിരോധം തീർത്ത് പുഷ്പൻ ഉറച്ചശബ്ദമായി രംഗത്തെത്തിയിരുന്നു. ഉശിരനായ കമ്മ്യൂണിസ്റ്റ് പോരാളിയുടെ ഇച്ഛാശക്തി ആ വാക്കുകളിൽ പ്രകടമായിരുന്നു.

മരണം വരെ സിപിഐഎം നോർത്ത് മേനപ്രം ബ്രാഞ്ച് അംഗമായിരുന്നു പുഷ്പൻ. ഇടയ്ക്കിടെ ആരോഗ്യപ്രശ്നങ്ങൾ പുഷ്പനെ അലട്ടി. തലശേരി സഹകരണ ആശുപത്രിയിലായിരുന്നു ചികിത്സ. ഏറ്റവുമൊടുവിൽ ഓഗസ്റ്റ് രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സെപ്റ്റംബർ 28ന് വൈകിട്ട് മൂന്നരയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു പുഷ്പന്‍റെ അന്ത്യം.

ഡിവൈഎഫ്ഐ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു പുഷ്പൻ താമസിച്ചത്. കർഷകത്തൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ- ശശി, രാജൻ, അജിത, ജാനു, പ്രകാശൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News