
നോയിഡയിൽ തൊഴിലാളി സമരം ആളിപ്പടരുകയാണ്, അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി തൊഴിലാളികൾ തെരുവിലിറങ്ങുന്നു. അവരുടെ ആവശ്യങ്ങൾ ഭരണകൂടത്തിനോട് ഉറക്കെപ്പറയുന്നു. മുദ്രാവാക്യങ്ങൾ മുഴക്കുന്നു. എന്നാൽ അതിനെ അടിച്ചമർത്തുക മാത്രമാണ് യുപിയിലെ യോഗി സർക്കാർ ചെയ്യുന്നത്. മനുഷ്യത്വ രഹിതമായി തൊഴിലാളികളെ കൊല്ലാക്കൊല ചെയ്യുന്നു. ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ഇടതുപക്ഷ പാർട്ടികൾ രംഗത്ത് വന്നു സിപിഐഎം തൊഴിലാളികളെ ചേർത്ത് നിർത്തി. അവരുടെ ആവശ്യങ്ങൾ കേട്ടു. തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ സമരമുഖത്തെത്തി. എന്നാൽ രാജ്യത്തെ തൊഴിലാളികൾ അവരുടെ ജീവിതത്തിന് വേണ്ടി പോരടിക്കുമ്പോൾ കോൺഗ്രസിനെ നിങ്ങൾ എവിടെയെങ്കിലും കണ്ടോ? തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കാൻ, സമരത്തെപ്പറ്റി പറയാൻ കോൺഗ്രസ് നേതാക്കൾ എവിടെയെങ്കിലും തയ്യാറായോ?… ഇല്ല.
തൊഴിലാളികളെപ്പറ്റിപ്പറയാൻ അവർക്ക് കഴിയില്ല, ബിജെപി ഭരണകൂടത്തിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും അവർക്ക് സാധിക്കില്ല. അമിത വിധേയത്വം കൊണ്ട് അവർക്ക് നാവ് പൊങ്ങില്ല. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ, അല്ല. നാളുകൾ പിന്നോട്ട് സഞ്ചരിച്ചാൽ ഇന്ത്യയിൽ കോൺഗ്രസ് എടുത്തിട്ടുള്ള നിലപാടുകൾ നമുക്ക് കാണാം. അതൊക്കെ ആരെ പ്രീതിപ്പെടുത്താനുള്ളതായിരുന്നു എന്ന് നമുക്ക് കാണാം. രാജ്യം കണ്ട ഏറ്റവും വലിയ സമരമായ കർഷക സമരത്തോട് അവരുടെ നിലപാടെന്തായിരുന്നു. അത് നിശ്ബദത മാത്രമായിരുന്നു…
അന്ന് കർഷക സമരത്തിന് രാഷ്ട്രീയമായി നേതൃത്വം നൽകിയതിൽ പ്രധാന പങ്ക് വഹിച്ചത് അഖിലേന്ത്യാ കിസാൻ സഭയും സിപിഐഎം ഉം ആയിരുന്നു. ലേബർ കോഡുകൾക്കെതിരായി വ്യകതമായ നിലപാട് സ്വീകരിച്ചത് ഈ രാജ്യത്തെ ഇടതുപക്ഷമായിരുന്നു. അതിനെതിരെ സമരം നയിച്ചത് സിപിഐഎം തൊഴിലാളി സംഘടനകളായിരുന്നു. കേരളത്തിൽ ഈ പണിമുടക്കിൽ നിന്നും കോൺഗ്രസ് തൊഴിലാളി സംഘടനകളോട് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടവരായിരുന്നു കോൺഗ്രസ്. സുപ്രധാനമായ വിബിജി റാം ജി ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കുമ്പോൾ അന്ന് കോൺഗ്രസിൻ്റെ നേതാവ് രാഹുൽ ഗാന്ധി എവിടെയായിരുന്നു? ഈ ചോദ്യങ്ങളൊക്കെ പലയാവർത്തി ഈ നാട്ടിലെ ജനം ചോദിച്ചതാണ്. എന്നാൽ കോൺഗ്രസിന് അവിടെയൊന്നും മറുപടിയുണ്ടായില്ല.
കഴിഞ്ഞില്ല ഇനിയുമേറെയാണ് കോൺഗ്രസിൻ്റെ ബിജെപി വിധേയത്വത്തിൻ്റെ കഥകൾ. ഏറ്റവും വലിയ അഴിമതിയായ ഇലക്ട്രൽ ബോണ്ടിനെതിരെ നിയമപോരാട്ടം നടത്തിയത് ഈ രാജ്യത്തെ ഇടതുപക്ഷമാണ്, സിപിഐഎം ആണ്. എന്നാൽ പണം വാങ്ങുകയെന്നല്ലാതെ അവിടേയും കോൺഗ്രസ് ഒരു നിലപാടും സ്വീകരിച്ചില്ല. പരിശോധിച്ചാൽ ഇനിയുമേറെ… രാജ്യത്ത് ബിജെപിയുടെ ഒരു കൊള്ളരുതായ്മകളേയും, ജനവിരുദ്ധ നിലപാടുകളേയും എതിർക്കാത്ത, ചെറുവിരലനക്കാത്ത കോൺഗ്രിസിനെങ്ങനെ പ്രതിപക്ഷ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കാനാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

