ഒക്കച്ചങ്ങായിമാരുടെ പാഴായ പരീക്ഷണം; ആർഎസ്എസുമായി കൂട്ടുകൂടിയത് എന്നും കോൺഗ്രസും ലീഗും!

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ്, ആർഎസ്എസുമായി സഖ്യമുണ്ടാക്കുന്നത് ആര് എന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നത്. നേരത്തെ ഹൈക്കോടതിയിൽ ആർഎസ്എസുകാരനായ അഭിഭാഷകൻ കൃഷ്ണരാജിനെ സ്റ്റാൻഡിങ് കോൺസലാക്കിയ, ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇപ്പോഴിതാ, ആർഎസ്എസുമായി സഖ്യമുണ്ടാക്കിയത് ആര് എന്ന ചോദ്യം രാഷ്ട്രീയകേരളം വീണ്ടും ഉയർത്തുന്നു. നിലമ്പൂരിന് മാത്രം അറിയേണ്ട ഉത്തരമല്ല അത്.

അഞ്ച് തെരഞ്ഞെടുപ്പുകൾ

വിമോചന സമരം കഴിഞ്ഞുള്ള ആദ്യ തെരഞ്ഞെടുപ്പ്. പട്ടാമ്പി ഉൾപ്പടെ നാലിടത്താണ് 1960 തെരഞ്ഞെടുപ്പ്. പട്ടാമ്പിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നത് സാക്ഷാൽ ഇഎംഎസ്. കോൺഗ്രസിനുവേണ്ടി എ രാഘവൻ നായർ. ഒപ്പം ത്രികോണ മത്സരത്തിന് കളമൊരുക്കി, ജനസംഘം സ്ഥാനാർഥിയായി വി മാധവമേനോൻ. ദീൻ ദയാൽ ഉപാധ്യായയാണ് ജനസംഘം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എന്നാൽ ഏറെ നാടകീയമായി ജനസംഘം സ്ഥാനാർഥിയായ മാധവമേനോൻ മത്സരത്തിൽനിന്ന് പിൻവാങ്ങുകയാണെന്നും കോൺഗ്രസിനെ പിന്തുണയ്ക്കുകയാണെന്നും അറിയിക്കുന്നു. സംസ്ഥാനത്ത് കോൺഗ്രസും സംഘപരിവാരവും ആദ്യമായി സഖ്യത്തിൽവരുന്ന തിരഞ്ഞെടുപ്പ് ഇതാണ്. എന്നാൽ ഫലം വന്നപ്പോൾ വ്യക്തമായ ഭൂരിപക്ഷത്തിൽ ഇഎംഎസ് വിജയിച്ചു. ഇ.എം.എസിന് 58.02 ശതമാനത്താൽ 26,478 വോട്ട് ലഭിച്ചു. എന്നാൽ കോൺഗ്രസ്-ജനസംഘം സ്ഥാനാർഥിയായ എ രാഘവൻനായർ നേടിയത് ആകട്ടെ 19,156 വോട്ട് മാത്രം.

ALSO READ: സ്കൂളിലെ പുതിയ ഭക്ഷണമെനുവിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് കോൺഗ്രസ് അധ്യാപക സംഘടന നേതാവ്

പട്ടാമ്പി തിരഞ്ഞെടുപ്പ് പിന്നിട്ട് 11 വർഷം കഴിഞ്ഞ് നടന്ന പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ അത്തരമൊരു രാഷ്ട്രീയ പരീക്ഷണത്തിന് കേരളം വേദിയായി. എന്നാൽ അനിഷേധ്യനായ കമ്മ്യൂണിസ്റ്റ് എ കെ ജി വ്യക്തമായ ഭൂരിപക്ഷത്തോടെ, കോൺഗ്രസ്-ജനസംഘം സ്ഥാനാർഥിയായ ടി സി ഗോവിന്ദനെ പരാജയപ്പെടുത്തി. 1980ൽ കാസർഗോഡും ഇത്തരമൊരു അവിശുദ്ധ രാഷ്ട്രീയസഖ്യത്തിന് കേരളം വേദിയായി. അവിടെ കോൺഗ്രസുമായി സഖ്യം ചേർന്ന ഒ രാജഗോപാൽ എന്ന ജനതാപാർട്ടി സ്ഥാനാർഥി സിപിഐഎമ്മിലെ എം രാമണ്ണ റായിയോട് പരാജയപ്പെട്ടു. ജനസംഘവുമായും ജനതാപാർട്ടിയുമായും ചേർന്ന് മത്സരിച്ച പരീക്ഷണങ്ങളെല്ലാം അമ്പേ പാളിയിട്ടും വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായില്ല. 1980ൽ പെരിങ്ങളത്ത് കോൺഗ്രസ് യു സ്ഥാനാർഥിയായ എ കെ ശശീന്ദ്രനെ എതിരിടാൻ എത്തിയതാകട്ടെ ജനതാ പാർട്ടിയുടെ കേരളത്തിലെ കരുത്തനായ കെ ജി മാരാർ. എന്നാൽ ഒരിക്കൽക്കൂടി ആ സഖ്യത്തിന് തോൽവി രുചിക്കേണ്ടിവന്നു. അയ്യായിരത്തിലേറെ വോട്ടുകൾക്കാണ് അന്ന് ശശീന്ദ്രൻ വെന്നിക്കൊടി പാറിച്ചത്.

കുപ്രസിദ്ധവും രഹസ്യവുമായ കോലീബി

എന്നാൽ അതുവരെ കണ്ടതൊന്നുമല്ല രാഷ്ട്രീയ കേരളം കാണാനിരുന്നത്. 1991ൽ കോലീബി എന്ന കുപ്രസിദ്ധവും രഹസ്യവുമായ രാഷ്ട്രീയ സഖ്യം പിറവിയെടുത്തു. ബേപ്പൂരിലും വടകരയിലുമായിരുന്നു പൊതുസ്വതന്ത്രർ എന്ന ഈ രാഷ്ട്രീയ പരീക്ഷണം. എന്നാൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസും ലീഗും ബി.ജെ.പിയും ചേർന്ന് നിർത്തിയ ഡോ.മാധവൻകുട്ടി, ടി കെ ഹംസയോട് തോറ്റു. വടകരയിലാകട്ടെ കോലീബി സ്ഥാനാർഥി രത്നസിങ് തോറ്റു.

കോലിബീ പരീക്ഷണം രഹസ്യമായിരുന്നു. എന്നാൽ ബിജെപി നേതാവ് കെ ജി മാരാരുടെ ജീവചരിത്രത്തിലൂടെ ഈ സഖ്യം പുറംലോകമറിഞ്ഞു. ജീവചരിത്രത്തിലെ പാഴായ പരീക്ഷണം എന്ന അധ്യായത്തിലാണ് യുഡിഎഫ്-ബിജെപി രഹസ്യധാരണ മറനീക്കി പുറത്തുവന്നത്. മഞ്ചേശ്വരത്ത് കെ ജി മാരാർക്കെതിരെ യു ഡി എഫ് ദുർബല സ്ഥാനാർഥിയെ നിർത്തിയതു വലിയ ചർച്ചയായി മാറിയിരുന്നു. വോട്ട് മറിച്ചുനൽകി മാരാരെ വിജയിപ്പിക്കാനായിരുന്നു യു.ഡി.എഫ് ശ്രമം.

ഇന്ദിരയ്ക്കും സംഘിനോട് അടുപ്പം

ഇടതുപക്ഷത്തെ തോൽപ്പിക്കാൻ വേണ്ടി കേരളത്തിൽ എല്ലാക്കാലത്തും കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണയുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യങ്ങളൊക്കെ ഇന്നത്തെ വാർത്താസമ്മേളനത്തിൽ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ആർഎസ്എസ് ശാഖയ്ക്ക് കാവൽനിന്നിട്ടുണ്ടെന്ന കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്‍റെ പ്രസ്താവന ഉൾപ്പടെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധം കേരളത്തിൽ മാത്രമല്ലെന്നും, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മുത്തശ്ശിയായ ഇന്ദിരാഗാന്ധി ആർഎസ്എസുമായി പുലർത്തിയിരുന്ന അടുപ്പം വരച്ചുകാട്ടുന്ന, നീരജ് ചൌധരിയുടെ ഹൌ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസയേഴ്സ് എന്ന പുസ്തകം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉയർത്തിക്കാട്ടിയാണ് ചൂണ്ടിക്കാട്ടിയത്. ആർഎസ്എസുമായുള്ള കോൺഗ്രസ് അടുപ്പത്തെക്കുറിച്ച് മുഖ്യമന്ത്രി അക്കമിട്ടാണ് പറഞ്ഞത്. കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിച്ച് രാഷ്ട്രീയലാഭത്തിനായി നിലകൊള്ളുകയാണ് എക്കാലവും കോൺഗ്രസും ലീഗും നിലകൊണ്ടിട്ടുള്ളത്. കേരള രാഷ്ട്രീയത്തിലെ ഒക്കച്ചങ്ങായിമാരുടെ വോട്ടുകച്ചവടം നിലമ്പൂരിലെ വോട്ടർമാർക്കിടയിലും ഇതിനോടകം ചർച്ചയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News