കോൺഗ്രസേ, ആശാവർക്കർമാരെ ചതിച്ചവരല്ലേ നിങ്ങൾ; എന്തിനീ സമരനാടകം?

Congress

ഒരു വിഭാഗം ആശവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസിന് അൽപ്പമെങ്കിലും ഉളുപ്പുണ്ടോ? ആശാവർക്കർമാർ വെറും ആയിരം രൂപ മാത്രം മാസവേതനം വാങ്ങിയിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ഉമ്മൻചാണ്ടിയുടെ യു.ഡി.എഫ് സർക്കാർ ഭരിച്ചിരുന്നപ്പോഴാണ് ആശമാർ ഇത്തരത്തിൽ കടുത്ത നിരാശ നേരിട്ടത്. ഒരു ദിവസം എന്തെങ്കിലും അത്യാവശ്യമായിട്ട് റിവ്യൂ മീറ്റിങ്ങിൽ പങ്കെടുക്കാതിരുന്നാൽ ആ മാസത്തെ ഓണറേറിയം ലഭിക്കാത്ത അവസ്ഥയായിരുന്നു അക്കാലത്തുണ്ടായിരുന്നത്. യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് രാപകൽ സമരം നടത്തിയ ആശമാർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാതെ ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാറിന്‍റെ വീട്ടിൽ പുലർച്ചെ അഞ്ചുമണിക്ക് ഉപരോധസമരം നടത്തിയതൊക്കെ കോൺഗ്രസുകാർ ഓർക്കുന്നുണ്ടോ എന്തോ? അന്ന് പത്തുദിവസത്തെ സമരത്തിനൊടുവിൽ പ്രതിമാസ ഓണറേറിയം 5000 രൂപയാക്കാമെന്ന ഉറപ്പ് പാലിക്കാതെ കോൺഗ്രസും യുഡിഎഫും ആശമാരെ പറ്റിക്കുകയാണുണ്ടായത്.

ഇപ്പോഴത്തെ പ്രശ്നം ഉയർന്നുവന്നപ്പോൾ, 2015ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നടത്തിയ ഒരു പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ അദ്ദേഹം പറയുന്നത്, ആശാവർക്കർമാർക്ക് ആയിരം രൂപ മാത്രമെ നൽകാൻ തന്‍റെ സർക്കാരിന് കഴിഞ്ഞുള്ളുവെന്നും അതിൽ കൂടുതൽ നൽകണമെന്ന് ആഗ്രഹമുണ്ടെന്ന് പോലും. ഈ സോഷ്യൽ മീഡിയ കാലത്ത് എല്ലാ കാര്യങ്ങളും അത്ര പെട്ടെന്ന് മറച്ചുവെക്കാനാകില്ലല്ലോ, അന്ന് വേതനവർദ്ധനവ് ആവശ്യപ്പെട്ട് ആശാമാർ നടത്തിയ സമരത്തിന്‍റെ വീഡിയോയൊക്കെ ഇപ്പോൾ വൈറലാകുന്നുണ്ട്.

Also Read: മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ജയിലിലേക്ക്; കോടതി ജാമ്യം അനുവദിച്ചില്ല, റിമാൻഡ് ചെയ്തു

2014ൽ ഉമ്മൻചാണ്ടി ഭരണത്തിൽ നൽകിയിരുന്ന 500 രൂപ ആയിരമാക്കി വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് നടത്തിയ സമരത്തിൽ പങ്കെടുക്കാതെ കരിങ്കാലിപ്പണിയെടുത്ത് സമരം പൊളിക്കാൻ നടന്ന യുഡിഎഫ് അനുകൂല ആശാവർക്കർമാരാണ് പിണറായി സർക്കാർ നൽകുന്ന 13500 രൂപ പോരെന്ന് പറഞ്ഞ് ഇപ്പോൾ രാഷ്ട്രീയ സമരനാടകം നടത്തുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. 2023-24ൽ ആശാവർക്കർമാർക്ക് നൽകുന്ന വേതനത്തിൽ 100 കോടി രൂപയാണ് കേന്ദ്ര കുടിശിക. ഇതേക്കുറിച്ച് സമരത്തിന് കുടപിടിക്കുന്ന കോൺഗ്രസുകാർക്കോ പിന്തുണയ്ക്കുന്ന വലതുപക്ഷ മാധ്യമങ്ങൾക്കോ എന്തെങ്കിലും മൊഴിയാനുണ്ടോയെന്ന് ചോദിച്ചാൽ വായിൽ നാവില്ലെന്ന് തന്നെ പറയാം. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സിഐടിയു നേതൃത്വത്തിൽ ആശാവർക്കർ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ എൻഎച്ച്എം ഡയറക്ടറുടെ ഓഫീസിനു മുന്നിൽ എട്ടു മണിക്കൂർ സമരം നടത്തി. ദേശാഭിമാനിയും കൈകരളിയും ഒഴികെ ഒറ്റ മാധ്യമവും ഈ സമരത്തെ തിരിഞ്ഞു നോക്കിയില്ല. എന്നാൽ ഇപ്പോഴത്തെ സമരനാടകം കോൺഗ്രസിനൊപ്പം ഏറ്റെടുത്തിരിക്കുകയാണ് വലതുപക്ഷമാധ്യമങ്ങൾ. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് ആർക്കാണ് മനസിലാകാത്തത്?

2005ലാണ് അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് അഥവാ ആശ എന്ന സ്ലിം കേന്ദ്രസർക്കാരിൻ്റെ നാഷണൽ ഹെൽത്ത് മിഷൻ നേതൃത്വത്തിൽ ആരംഭിച്ചത്. ആശമാരെ തൊഴിലാളികളായല്ല, മറിച്ച് സന്നദ്ധപ്രവർത്തകരായാണ് കേന്ദ്രം നിർവചിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവർക്കുള്ള വേതനം ഓണറേറിയം ആയാണ് നൽകുന്നത്. ന്യായമായ ശമ്പളമോ മിനിമം വേതനമോ നൽകാതെ ഇത്തരമൊരു സ്കീം ആവിഷ്ക്കരിച്ചത് മൻമോഹൻ സിങ് പ്രധാനമന്ത്രിയായി ഇരിക്കുന്ന കാലത്താണെന്ന കാര്യവും കോൺഗ്രസുകാർ സൌകര്യപൂർവം മറക്കുന്നതാണോ?

Also Read: ആലപ്പുഴയിൽ 3000 പേർക്കാണ് തൊഴിൽ സാധ്യതയെങ്കിൽ തൃശൂരിന്റെ ലക്ഷ്യം 6000 – 7000 ആണ്: ഡോ. തോമസ് ഐസക്

ഇനി മറ്റൊന്ന് കൂടി കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കൊണ്ടുവന്ന ആശ പദ്ധതി നടപ്പാക്കാൻ അന്ന് കേരളം ഭരിച്ച യു.ഡി.എഫ് തയ്യാറായിരുന്നില്ല. 2006ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കിയത്. 2007ൽ ആദ്യഘട്ടം എന്ന നിലയിൽ 25.000 ആശമാരെ തെരഞ്ഞടുത്തു. ആദ്യം പഞ്ചായത്തുകളിൽ നിയമിച്ച ഇവർക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്. എന്നാൽ ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥർ ആശമാരെക്കൊണ്ട് കഠിനമായി ജോലി ചെയ്യിപ്പിച്ചു. ഇവർക്ക് ചെയ്യുന്ന ജോലിക്ക് ഇൻസെന്‍റീവ് ലഭിക്കുന്നതുപോലും ഒന്നരവർഷത്തിന് ശേഷമായിരുന്നു. അതും പാർലമെന്‍റിന് മുന്നിൽ കേന്ദ്രസർക്കാരിനെതിരെ നടത്തിയ സമരത്തിനുശേഷം.

2016ലെ ഒന്നാം പിണറായി സർക്കാർ ആശമാർക്കായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തി ഫിക്സഡ് ഇൻസെന്റീവായി 2000 രൂപയും പിന്നീട് ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കിയെന്ന കാര്യം സിഐടിയു നേതാവ് എളമരം കരീം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമായി പറയുന്നുണ്ട്. പിണറായി സർക്കാർ ഘട്ടംഘട്ടമായി ഓണറേറിയം 6000 രൂപയാക്കി. ഓണറേറിയവും ഇൻസെൻ്റീവും അക്കൗണ്ടുകളിലേ ക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. ഇതെല്ലാം നേടിയെടുത്തത് ആശാവർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണെന്നും എളമരം കരീം പറയുന്നു.

കേന്ദ്ര സർക്കാർ 461 കോടി രൂപ കുടിശിക വരുത്തിയിട്ടും സംസ്ഥാന ഖജനാവിൽനിന്ന് ആശമാരുടെ ഇൻസെന്‍റീവ് ഒരുവർഷത്തോളം മുടങ്ങാതെ രണ്ടാം പിണറായി സർക്കാർ നൽകി. അതിനിടെ ആശമാരുടെ ആശകിരണം എന്ന ഇൻഷുറൻസ് പദ്ധതി കേന്ദ്രം റദ്ദാക്കി. ഇതിനെതിരെ ശബ്ദമുയർത്താൻ സിഐടിയു അല്ലാതെ ഒരു സംഘടനയും ഉണ്ടായിരുന്നില്ല. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടപ്പോഴും ആശമാരുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. എന്നാൽ കോൺഗ്രസ് അനുകൂല ആശമാർ ആരോഗ്യമന്ത്രി വീണാ ജോർജിനെ അധിക്ഷേപിക്കാനാണ് ശ്രമിക്കുന്നത്. മന്ത്രിയെ കാണാനത്തിയപ്പോൾ ഭർത്താവ് ആട്ടിയോടിച്ചുവെന്ന എസ്.യു.സി.ഐ നേതാവിന്‍റെ നുണപ്രചരണവും പൊളിഞ്ഞുവീണിട്ടുണ്ട്. ശശി തരൂരിനെതിരെ മൽസരിച്ച, കടുത്ത സിപിഐഎം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഈ എസ്.യു.സി.ഐ നേതാവിനും ആശമാരോടും ഒരു ആത്മാർഥതയുമില്ലെന്ന് വ്യക്തമായി കഴിഞ്ഞു.

കോൺഗ്രസും ബിജെപിയും അവതരിപ്പിച്ച കഴിഞ്ഞ 16 കേന്ദ്ര ബജറ്റുകളിലും ആശമാരുടെ വേതനം വർദ്ധിപ്പിച്ചിട്ടില്ലെന്ന കാര്യം പ്രതിപക്ഷവും മാധ്യമങ്ങളും മറക്കുന്നതാണോ? ആശമാരുടെ ഓണറേറിയം 7000 രൂപയാക്കിയത് എൽഡിഎഫ് സർക്കാരാണെന്ന കാര്യവും ഇവർ മറച്ചുപിടിക്കുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് ഓണറേറിയം വർദ്ധിപ്പിക്കാനായി രണ്ടുതവണയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ സമരം നടത്തിയതെന്ന കാര്യവും സൌകര്യപൂർവം വിസ്മരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ സമരാഭാസം ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണെന്ന് ചോദിക്കേണ്ടിവരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News