
കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ, പതിവുപോലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കണ്ണുപൊത്തിക്കളിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇലക്ഷൻ കമ്മീഷൻ തീയതി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം തന്നെ എൽഡിഎഫ് തങ്ങളുടെ പടയാളികളെ കളത്തിലിറക്കിയപ്പോൾ, യുഡിഎഫ് ക്യാമ്പിൽ ഇപ്പോഴും ‘സീറ്റ് തർക്കത്തിന്റെ’ പുകിലുകൾ അവസാനിച്ചിട്ടില്ല. ഇതുവരെയും ആരൊക്കെ എവിടെ നിൽക്കും എന്ന് പോലും തീരുമാനിക്കാത്ത പാർട്ടികളും കേരളത്തിലുണ്ട്. സീറ്റിന്റെ പേരിലുള്ള തമ്മിലടി കഴിഞ്ഞാൽ അല്ലേ ഇതിനൊക്കെ നേരം കാണൂ ? സത്യം അതാണെന്ന് നാട്ടുകാർക്ക് നല്ല ബോധ്യം ഉണ്ടെങ്കിലും നേതാക്കന്മാർ ഇപ്പോൾ പറയുന്നത് തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതാണ് എല്ലാത്തിനും കാരണം എന്നാണ്. അതിപ്പോൾ യുഡിഎഫിന് പ്രശ്നം ഓണവും തെരഞ്ഞെടുപ്പും നേരത്തെ എത്തുന്നത് ആണല്ലോ !
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്ര നേരത്തെ തീയതി പ്രഖ്യാപിച്ചത് വലിയൊരു ‘ദുരൂഹത’ ആണെന്നാണ് കെ സി വേണുഗോപാലിന്റെ കണ്ടെത്തൽ. എന്നാൽ ഇതിലും കഷ്ടമാണ് കെ മുരളീധരന്റെ അവസ്ഥ. പാവം, പുതുയുഗ യാത്രയ്ക്കൊക്കെ പോയി വന്ന് ഒന്ന് വിശ്രമിച്ച്, പതുക്കെ സീറ്റ് ചർച്ചകൾ തുടങ്ങാം എന്ന് കരുതിയിരുന്ന അദ്ദേഹത്തിന്റെ ഉറക്കം കമ്മീഷൻ കെടുത്തിക്കളഞ്ഞു. തീയതി പ്രഖ്യാപനം നേരത്തെയായത് കൊണ്ടാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ വൈകുന്നതെന്ന മുരളീധരന്റെ വാദം കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ആളുകൾ.
ALSO READ: ലീഗിൽ വെട്ടിനിരത്തൽ; എം.കെ. മുനീർ ഉൾപ്പെടെയുള്ള എട്ട് സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല
സീറ്റിന് വേണ്ടിയുള്ള തമ്മിലടി ഇപ്പോൾ തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. സ്ഥാനാർത്ഥി പട്ടിക വരുന്നതിനേക്കാൾ മുൻപേ അങ്ങാടികളിൽ അടിയും ചുമരുകളിൽ പോസ്റ്റർ യുദ്ധം തുടങ്ങി കഴിഞ്ഞു. നേതാക്കൾ കൂടിയിരുന്ന് ‘ആരൊക്കെ എവിടെയൊക്കെ’ എന്ന് തല്ലിത്തീർക്കുമ്പോഴേക്കും പോളിംഗ് തീയതി കഴിയുമോ എന്ന ആശങ്കയിലാണ് അണികൾ പോലും. ഓണവും തെരഞ്ഞെടുപ്പും നേരത്തെ എത്തുന്നതാണ് ഇപ്പോൾ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് സാരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

