
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം ഇല്ലാതാക്കി ഇന്ത്യാ മുന്നണിയുടെ പ്രസക്തിയാണ് കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയത്. ബിജെപിക്കെതിരായി രൂപംകൊണ്ട മതനിരപേക്ഷ കൂട്ടായ്മ ലോക്സഭയിലുണ്ടാക്കിയ മുന്നേറ്റം പിന്നീട് വന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഇല്ലാതാക്കി. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ നിന്നും കോണ്‍ഗ്രസ് മാറണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പായി കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റവും കൂട്ടായ്മയും ഇല്ലാതാക്കിയ കോണ്‍ഗ്രസിന്റെ ഏറ്റവും അവസാനത്തെ തോല്‍വിയായി മാത്രം ദില്ലി മാറുന്നു. ബിജെപിക്കെതിരായ വോട്ടുകളെ ഭിന്നിപ്പിച്ച് കോണ്‍ഗ്രസ് മതനിരപേക്ഷ പാര്‍ട്ടിയായ ആംആദ്മിയെയും പ്രതിപക്ഷത്തിരുത്തി. ഹരിയാനയില്‍ ആം ആദ്മിയെ കൂടെനിര്‍ത്താതെ അമിത ആത്മവിശ്വാസത്തില്‍ ഒറ്റയ്ക്ക് മത്സരിച്ചതോടെയാണ് ദില്ലിയിലെ സഖ്യസാധ്യത കോണ്‍ഗ്രസ് ഇല്ലാതാക്കിയത്.
Also Read : ജങ്പുരയില്‍ എഎപിയുടെ സ്ഥാനാര്‍ഥി മനീഷ് സിസോദിയ തോറ്റു
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ദില്ലിയിലെ സഖ്യം കൂടിയായിരുന്നു അന്ന് ഇല്ലാതാക്കിയത്. ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസുമായി ദില്ലിയില്‍ ബാന്ധവമില്ലെന്ന് ആം ആദ്മിയും പ്രഖ്യാപിച്ചു. ഇതോടെ ലോക്സഭയില്‍ ഒന്നിച്ച ഇരുപാര്‍ട്ടികളും നിയമസഭാ പോരാട്ടത്തില്‍ ബന്ധശത്രുക്കളായി. ഹരിയാനയിലെ തോല്‍വിയിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇന്ത്യാ സഖ്യത്തിന്റെ തിളക്കം ആദ്യം തന്നെ കോണ്‍ഗ്രസ് ഇല്ലാതാക്കി.
സഖ്യമുണ്ടാക്കിയ സംസ്ഥാനങ്ങളിലാകട്ടെ സീറ്റുകള്‍ക്കായി പിടിവാശി കാണിച്ച് ബിജെപിക്ക് ജയം സമ്മാനിച്ചു. മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളുമായി തല്ലുപിടിച്ച് 102 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് വെറും 19 സീറ്റില്‍. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും 29 സീറ്റുകള്‍ പിടിച്ചുവാങ്ങി ആറെണ്ണത്തില്‍ മാത്രം കരകയറി.
ജാര്‍ഖണ്ഡില്‍ 30 സീറ്റുകള്‍ പിടിച്ചുവാങ്ങിയ കോണ്‍ഗ്രസ് ജയിച്ചതാകട്ടെ പകുതിയില്‍ താഴെ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവന ഇതാണ്.
തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊളളാതെ ദില്ലിയിലും നിലപാട് ആവര്‍ത്തിച്ചു. അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മിയെയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഖ്യശത്രുവാക്കി മാറ്റി. ഇതോടെ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ നിന്നും കോണ്‍ഗ്രസ് ഒഴിയണമെന്ന ചര്‍ച്ച വീണ്ടും സജീവമാകുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here