
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ടുള്ള നേതാക്കളുടെ പോര് കടുക്കുന്നു. എഐസിസി നിയോഗിച്ച നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് കേരളത്തിലെത്തും. ഇവർ എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട് അഭിപ്രായം തേടും. കൂടാതെ ഘടകക്ഷി നേതാക്കളുടെയും എംപിമാരുടെയും അഭിപ്രായം തേടുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനുശേഷം നാളെ നിരീക്ഷകരുടെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി യോഗം ചേരും.
മുകുൾ വാസ്നിക്കും അജയ് മാക്കനും ദില്ലിയിൽ തിരിച്ചെത്തി എഐസിസിക്ക് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇതിനിടയിൽ സണ്ണി ജോസഫ്, വി ഡി സതീശൻ, കേരളത്തിൽ നിന്നുള്ള എഐസിസി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുമായി ഹൈക്കമാൻഡ് പ്രത്യേക ചർച്ചയും നടത്തും. ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാകും നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേരുന്ന പാർലമെൻററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.
also read: ഒമാനിൽ നിന്ന് ഒരു വോട്ട്… ടിവികെയ്ക്ക് അത്ഭുത വിജയം
അതേസമയം, മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ടുള്ള തർക്കം നിലനിൽക്കുകയാണെങ്കിൽ ഹൈക്കമാൻഡ്, നേതാക്കളെ ദില്ലിയിലേക്ക് വിളിക്കും. തുടർന്നുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും ആരെ മുഖ്യമന്ത്രി ആക്കണണെന്ന തീരുമാനം ഹൈക്കമാൻഡ് എടുക്കുക. അതിൽ തന്നെ രാഹുൽ ഗാന്ധി തീരുമാനിക്കും. അതിനുശേഷം നാട്ടിൽ വീണ്ടും പാർലമെൻ്ററി പാർട്ടി യോഗം ചേരും. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും. ഇതാണ് കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന രീതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

