
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ മാസ്സ് കാണിക്കാൻ കുറെ കോൺഗ്രസ്സ് ന്യൂജെൻ നേതാക്കന്മാർ ഇറങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നേരിടാൻ, ക്ഷമിക്കണം നിലമ്പൂരുകാരുടെ കണ്ണിൽ പൊടിയിടാൻ ഓരോ ദിവസവും ഓരോ ഷോയുമായി വരികയാണ് കോൺഗ്രസ് . എന്നാൽ നിമിഷ നേരം കൊണ്ടാണ് ഈ വാദങ്ങളെ പൊതുജനം പൊളിച്ചടുക്കുന്നത്.
ഇപ്പോഴിതാ ‘ഷോ’ഫിയും കൂട്ടരുടെയും ലേറ്റസ്റ്റ് ഐറ്റം ഇറങ്ങിയിട്ടുണ്ട്. അതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മെക്കിട്ട്. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഫ്‌ളൈയിങ് സ്‌ക്വാഡുകൾ പരിശോധന നടത്തുന്നത് സർവ്വ സാധാരണമായ കാര്യമാണ്. ഇതിന്റെ ഭാഗമായി രാഷ്ട്രീയക്കാരുടെയും കാറുകൾ പരിശോധിക്കാറുണ്ട്. അതും പറഞ്ഞുകൊണ്ടാണ് ഇവരുടെ പുതിയ നാടകം.
ALSO READ: മതസ്പർധ, വ്യാജപ്രചാരണം യുഡിഎഫിന്റെ ആവനാഴിയിലെ തെരഞ്ഞെടുപ്പ് പ്രചാരണായുധങ്ങൾ
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി മതിയായ രേഖകളില്ലാതെ പണം കൈവശം വച്ചാലോ മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, നിയമാനുസൃതമല്ലാതെ മദ്യം തുടങ്ങിയവ കൈവശം വച്ചാലോ കർശന നടപടികൾ ഇലക്ഷൻ കമ്മീഷൻ ഫ്ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവ രൂപീകരിച്ച് കൈക്കൊള്ളാറുള്ളതാണ്. ഈ കാര്യമൊക്കെ ജനപ്രധിനിധികളായ ഷാഫിക്കും മാങ്കൂട്ടത്തിനും പറഞ്ഞു നൽകേണ്ട ആവശ്യം ഇല്ലല്ലോ. എന്നിട്ടും പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് നേരെ എന്തിനാണ് ആക്രോശവുമായി വന്നത്. തങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ലെന്ന് ഷാഫി പറയുന്നത് വിഡിയോയിൽ കാണാം. “നിനക്ക് പാരിതോഷികം തരാം, ഓർത്തു വെച്ചോ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. ഒന്നും ഒളിച്ചുവെക്കാനില്ലാത്തവർ എന്തിനാണിങ്ങനെ തികച്ചും സാധാരണമായ ഒരു പരിശോധനയിൽ പ്രകോപിതരാകുന്നത്. എന്താണ് ഷാഫിക്കാ നിങ്ങൾക്കിത്ര വെപ്രാളം .
ALSO READ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പരിശോധനകളുമായി സഹകരിക്കണം: ജില്ലാ കളക്ടര്‍
നിലമ്പൂരിലേക്ക് കടക്കുന്ന മറ്റ് എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങളും പരിശോധിക്കാറുണ്ട്. എന്നാൽ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തെ രാഷ്ട്രീയ വത്കരിക്കാനാണ് ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും ശ്രമിച്ചത്. ഏതായാലും പാതിരാ നാടകം സോഷ്യൽ മീഡിയ തന്നെ നല്ല വെടിപ്പായി പൊളിച്ച് കയ്യിൽ കൊടുത്തിട്ടുണ്ട്. വഴിക്കടവ് ആനമറിയിൽ വച്ച് മന്ത്രി വി. അബ്ദുറഹിമാൻ്റെ വാഹനം പോലീസും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും ചേർന്ന് പരിശോധിക്കുന്ന ദൃശ്യവും കെ രാധാകൃഷ്ണൻ എം പി യുടെ വാഹനം പരിശോധിക്കുന്നതും കോണ്‍ഗ്രസ് നേതാവായ എം ലിജു, ലീഗ് നേതാവ് അബ്ദുള്‍വഹാബ് എന്നിവരുടെ വാഹനം പരിശോധിക്കുന്നതും പുറത്തുവന്നതോടെ ആവേശക്കമ്മറ്റിയുടെ അടുത്ത അടവും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. യുഡിഎഫ് നേതാക്കളെ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നുള്ളു എന്ന ഷാഫിയുടെയും രാഹുൽ മാങ്കൂട്ടത്തിന്റെയും വാദത്തിനും പൊതുജനം റീത്ത് വച്ചു. പാലക്കാട്ട് ചെയ്തതുപോലെ ഒരു ഷോ ഇറക്കി നോക്കിയതാണ് പക്ഷെ നിലമ്പൂരിലെ ജനങ്ങൾ ഇത്രവേഗത്തിൽ കണ്ടം വഴി ഓടിച്ചു കളയുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കന്മാർ സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല. ചോരത്തിളപ്പ് കാട്ടാനും ലൈം ലൈറ്റിൽ നിക്കാനുമുള്ള ഓരോരോ തത്രപ്പാട്. കൊള്ളാം കോൺഗ്രസ്സേ കൊള്ളാം. കനഗോലുവിന്റെ ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇത്ര കോമഡിയായിരിക്കുമെന്ന് കരുതിയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here