
ഇഡിയുടെ കൂട്ടിലായ സോണിയ ഗാന്ധിക്കും രാഹുലിനും റോബർട്ട് വാദ്രക്കും എങ്ങനെ സംരക്ഷണം ഒരുക്കണമെന്ന് അറിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കോൺഗ്രസ്. മറ്റു രാഷ്ട്രീയ പാർട്ടികൾക്കെതിരെ തത്വദീക്ഷയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിന് സംരക്ഷണം ഒരുക്കാൻ ഇന്ത്യ മുന്നണിയിലെ കക്ഷികൾ ഒന്ന് പോലും രംഗത്ത് വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ആം ആദ്മി പാർട്ടി നേതാക്കൾ ജയിലിൽ പോയപ്പോൾ കയ്യടിചാർത്ത് ചിരിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ നിലവിളിയാണ്. തങ്ങൾക്കെതിരെ ഇഡി രാഷ്ട്രീയ വൈരാഗത്തോടെ പെരുമാറുന്നു എന്നാണ് കോൺഗ്രസിന്റെ വിലാപം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കേരളത്തിൽ വന്ന രാഹുൽ ഗാന്ധി ചോദിച്ചത് എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നാണ്. അത്ര വിശ്വാസമാണ് രാഹുൽഗാന്ധി ഇഡിയിൽ പ്രകടിപ്പിച്ചത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളും സിപിഐഎമ്മിനെതിരെ ഉള്ള ഇ ഡി നീക്കങ്ങളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. എസ്എഫ്ഐഒ തട്ടിക്കൂട്ട് കേസുമായി വന്നപ്പോൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഒട്ടും അമാന്തിച്ചില്ല രമേശ് ചെന്നിത്തലയും വി ഡി സതീശനും കെസി വേണുഗോപാലും. അതേ കെ സി വേണുഗോപാൽ ഇപ്പോൾ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും വേണ്ടി നിലവിളിക്കുന്നു.
സ്വന്തം പാർട്ടിയെ പറ്റിച്ച് സ്വത്തുക്കൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വന്തം പേരിൽ ആക്കിയെന്നാണ് നാഷണൽ ഹെറാൾഡ് കേസിൻ്റ രത്ന ചുരുക്കം. സോണിയാ ഗാന്ധിക്കു രാഹുൽഗാന്ധിക്ക് എതിരെയുള്ള കുറ്റപത്രത്തിൽ ഒരക്ഷരം പ്രതികരിക്കാൻ ഇന്ത്യ കക്ഷികൾ പോലും തയ്യാറായിട്ടില്ല. എന്തിന് പ്രമുഖ കോൺഗ്രസ് നേതാക്കൾ പോലും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
ദില്ലിയിൽ ആപ്പ് സർക്കാരിനെ തകർക്കാൻ മുന്നിട്ടിറങ്ങിയ ബിജെപിക്ക് എല്ലാ പിന്തുണയും നൽകി പ്രോത്സാഹിപ്പിച്ചത് ഇതേ കോൺഗ്രസ് ആണ്. ദില്ലിയിലെ ആം ആദ്മി സർക്കാർ തകർന്നപ്പോൾ ഏറ്റവും ആഹ്ലാദിച്ചതും കോൺഗ്രസ് നേതൃത്വം ആയിരുന്നു. കോൺഗ്രസിനെ തള്ളിക്കളഞ്ഞു സമാജ് വാദി പാർട്ടിയും നാഷണൽ കോൺഫറൻസ് അടക്കമുള്ള ഇന്ത്യ കക്ഷികൾ ദില്ലിയിൽ ആം ആദ്മി പാർട്ടിക്കാണ് പിന്തുണ നൽകിയത് എന്നതും ഓർക്കേണ്ടതാണ്.
ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ് കോൺഗ്രസിന് വ്യക്തമായ ഒരു നിലപാടും കേന്ദ്രന്വേഷണ ഏജൻസികളെ കുറിച്ച് പറയാൻ കോൺഗ്രസിന് കഴിയുന്നില്ല. ദേശീയതലത്തിൽ തന്നെ കോൺഗ്രസിന്റെ അവസരവാദ നിലപാട് അവരുടെ തന്നെ വിശ്വാസിയുടെയാണ് തകർത്തുകളഞ്ഞത്.
170 കോടി രൂപ ബിജെപിയുടെ ഇലക്ട്രിക്കൽ ഫണ്ടിലേക്ക് നൽകിയ റോബർട്ട് വാദ്രയും രണ്ടുദിവസമായി ഇഡി ഓഫീസിന്റെ പടികൾ കയറിയിറങ്ങുന്നു. റോബർട്ട് വാദ്രക്കൊപ്പം പ്രിയങ്കാ ഗാന്ധിയും ഇഡി ഓഫീസിലെത്തി. ചുരുക്കത്തിൽ ദേശീയതലത്തിൽ തന്നെ കോൺഗ്രസ് എന്ന പാർട്ടിയുടെ വിശ്വാസത പൂർണ്ണമായും തകർന്നു തുടങ്ങിയിരിക്കുന്നു.
വരുന്ന ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ അടക്കം രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും റോബർട്ട് വാദ്രക്കു എതിരായ ആരോപണങ്ങൾ ഇന്ത്യാ സഖ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here