
കേന്ദ്രത്തിനെതിരായ പ്രതിഷേധമെന്ന പേരില്‍ കോണ്‍ഗ്രസ്സ് കൊച്ചി ഇ ഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പ്രഹസനമായി. ഇ ഡി ക്കെതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ്സിന് ഇരട്ടത്താപ്പെന്ന വിമര്‍ശനം ശക്തമായിരിക്കെയായിരുന്നു മാര്‍ച്ച്. എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയാണ് മാര്‍ച്ച് സംഘടിപ്പിച്ചതെങ്കിലും ഡി സി സി പ്രസിഡന്‍റ് ഉള്‍പ്പടെ മാര്‍ച്ചില്‍ പങ്കെടുത്തില്ല.
വിചാരിച്ച പോലെ പ്രവര്‍ത്തകരെത്താത്തതുകൊണ്ടോ എന്തോ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് കോണ്‍ഗ്രസ്സിന്‍റെ ഇ ഡി ഓഫീസ് മാര്‍ച്ച് തുടങ്ങിയത്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ചെങ്കിലും ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ അസാന്നിധ്യത്തില്‍ നടന്ന മാര്‍ച്ച് ഒടുവില്‍ ഇ ഡി ഓഫീസിനു സമീപത്ത് പോലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുന്നിലെത്തി. കൂട്ടത്തിലൊരാള്‍ ബാരിക്കേഡ് തള്ളാന്‍ ശ്രമിച്ചു മറ്റാരോ പിന്‍തിരിപ്പിച്ചു.
പിന്നീട് ടി ജെ വിനോദ് എം എല്‍ എയുടെ ഉദ്ഘാടന പ്രസംഗം. ശേഷം ഒന്നു രണ്ടുപേര്‍കൂടി സംസാരിച്ചു ചടങ്ങ് തീര്‍ന്നു. ജലപീരങ്കി ഉള്‍പ്പടെ സ്ഥലത്തുണ്ടായിട്ടും ബാരിക്കേഡ് തള്ളാതെ എങ്ങനെ മടങ്ങുമെന്നായി ചിലരുടെ ചിന്ത. മറ്റു ചിലര്‍ പൊലീസിനെ പ്രകോപിപ്പിക്കാന്‍ ആവുന്നതും നോക്കി. ഒരാള്‍ പതിയെ ബാരിക്കേഡിനു മുകളില്‍ കയറി. പിന്നാലെ ഒന്നു രണ്ടുപേര്‍കൂടി കയറി. ജലപീരങ്കി അനങ്ങുന്നില്ല. കഴിയാവുന്ന രീതിയില്‍ ബാരിക്കേഡുന്താന്‍ തുടങ്ങി.
ഒടുവില്‍ ജലപീരങ്കി ചീറ്റി. ഇതോടെ ബാരിക്കേഡിനു മുന്‍വശം ശൂന്യം. തൂവെള്ള ഷര്‍ട്ടും മുണ്ടും നനയ്ക്കാന്‍ താല്‍പ്പര്യമില്ലാതെ മാറി നിന്നവരെ മുന്നിലേക്കെത്തിക്കാന്‍ പ്രാദേശിക നേതാവിന്‍റെ ശ്രമം. പക്ഷേ അത് വിജയിച്ചില്ല. അതേ സമയം ബാരിക്കേഡിനിടയിലൂടെ നുഴഞ്ഞുകയറിയ ചിലര്‍ പൊലീസിനു നേരെ തട്ടിക്കയറി അറസ്റ്റ് വരിച്ചു. ജലപീരങ്കിക്കു മുന്നിലുണ്ടായിരുന്നവര്‍ വെള്ളം ചീറ്റാത്ത നേരം നോക്കി മുദ്രാവാക്യം വിളിച്ച് മടങ്ങി. അങ്ങനെ, പേരിനെങ്കിലും ഇ ഡിക്കെതിരെ സംഘടിപ്പിച്ച മാര്‍ച്ചും കോണ്‍ഗ്രസ്സ് പ്രഹസനമാക്കി മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here