
അസത്യങ്ങൾ മാത്രം പറയുന്ന കോൺഗ്രസ്, വസ്തുതകളിലൂടെ അത് കൃത്യമായി പൊളിച്ചടുക്കുന്ന ഇടതുപക്ഷം. പറഞ്ഞതെല്ലാം പൊള്ളാണെന്ന് ജനം തിരിച്ചറിയുമ്പോൾ അടുത്ത നുണ തേടി പോകുന്ന യുഡിഎഫ്. ഇതാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ചിത്രം. ഷൗക്കത്തിനെ ജയിപ്പിക്കാൻ വേണ്ടി നുണകൾ ആവർത്തിച്ചു പറയുന്ന ഗീബൽസിയൻ തന്ത്രവുമായി ഇറങ്ങിയ കോൺഗ്രസിന് പക്ഷെ അത് നടപ്പിലാക്കാൻ സാധിച്ചില്ല.
മലപ്പുറം ജില്ലയെ മതവത്കരിച്ച് ഇരവാദം പറഞ്ഞ് സിപിഐ എമ്മിനെ അക്രമിക്കാണ് ആദ്യം കോൺഗ്രസ് ശ്രമിച്ചത്. മലപ്പുറം ജില്ലയിലെ ജനങ്ങളെ ഇടതുപക്ഷം അപമാനിക്കുകയാണെന്ന് പറഞ്ഞ കോൺഗ്രസ്, പക്ഷെ ചരിത്രം മറക്കുകയാണ് ചെയ്തത്. എന്നാൽ മലപ്പുറം ജില്ലയെ അതിന്റെ രൂപീകരണത്തെപോലും എതിർത്തിരുന്നവർ കോൺഗ്രസായിരുന്നു. മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് കോഴിക്കോട് ഡിസിസി സെക്രട്ടറി ആയിരുന്ന ആര്യാടൻ മുഹമ്മദ് മലപ്പുറം എന്ന ജില്ല രൂപീകരിക്കപ്പെട്ടാൽ അതൊരു കുട്ടി പാകിസ്ഥാൻ ആകും എന്ന് നടത്തിയ പ്രസ്താവന ഉൾപ്പടെ ചരിത്ര സത്യങ്ങൾ പുറത്തെത്തിയപ്പോൾ, മലപ്പുറം ജില്ലയെ കുറിച്ചുള്ള അസത്യപ്രചരണത്തിന്റെ ഭാണ്ഡം പൂട്ടിക്കെട്ടുകയായിരുന്നു കോൺഗ്രസ്.
Also Read: പ്രതിരോധ- നിര്‍മാണ പ്രവര്‍ത്തനം: നിലമ്പൂരില്‍ മാത്രം വനംവകുപ്പ് ചെലവാക്കിയത് 6.21 കോടി രൂപ
പിന്നീട് വർഗീയതയുടെ വിഷ കാർഡാണ് കോൺഗ്രസ് മണ്ഡലത്തിലിറക്കിയത്. കേരളം ഉണ്ടായ കാലം തൊട്ട് മാസപ്പിറവിക്ക് അനുസരിച്ച് മാറ്റുന്ന പെരുന്നാൾ അവധി മാറ്റിയതിലാണ് വിഷം കലർത്താൻ കോൺഗ്രസ് ശ്രമിച്ചത്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചാൽ അത് കേരളത്തിന്റെ മതേതര മനസ്സ് അംഗീകരിക്കില്ലെന്ന് പക്ഷെ കോൺഗ്രസിന്റെ കനഗോലുമാർക്ക് തിരിച്ചറിയാൻ സാധിച്ചില്ല.
വർഗീയതയും വിഷ പ്രചരണവും കഴിഞ്ഞ് സാധാരണക്കാരനെ കൈക്കൂലിക്കാരനായി ചിത്രീകരിക്കുകയായിരുന്നു കോൺഗ്രസ് ചെയ്തത്. കേരളത്തിൽ ക്ഷേമപെൻഷൻ വാങ്ങുന്ന 62 ലക്ഷം പേരും കൈക്കൂലിക്കാരാണെന്ന പരാമർശമായിരുന്നു കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ നടത്തിയത്. സാധാരണക്കാരന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത കോൺഗ്രസ്, അത് കൈവിട്ടുപോയെന്ന് അറിഞ്ഞപ്പോൾ അടുത്ത കള്ളപ്രചരണവുമായി രംഗത്തെത്തി. യു ഡിഎഫ് ഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശിക വന്നിട്ടില്ലെന്ന പ്രചരണമാണ് അടുത്തതായി ഇറക്കിയത്. എന്നാൽ ഉമ്മൻചാണ്ടി സർക്കാർ വരുത്തിവെച്ച 18 മാസത്തെ കുടിശ്ശിക പിന്നീടെത്തിയ ഇടുപക്ഷ സർക്കാരാണ് തീർത്തതെന്നും. 600 രൂപയിൽ നിന്ന് ക്ഷേമപെൻഷൻ 1600 രൂപയാക്കിയതും എൽ ഡി എഫ് ഗവർമെന്റ് ആണെന്നുള്ള വസ്തുത നുണ പറയുന്നതിന് മുമ്പ് കോൺഗ്രസ് വിസ്മരിച്ചുപോയിരുന്നു.
അങ്ങനെ പറഞ്ഞ കള്ളങ്ങളെല്ലാം പാളി എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നപ്പോഴാണ് ഒരു ദാരുണ സംഭവം മണ്ഡലത്തിലുണ്ടായത്. കോൺഗ്രസിനുള്ളിലെ കഴുകന്മാർ ഉണർന്നു. മരണത്തെ കൊത്തി വലിച്ച് വോട്ടാക്കാനുള്ള വ്യഗ്രതയിൽ അവർ തെരുവിലേക്കിറങ്ങി. കോൺഗ്രസ് പ്രവർത്തകൻ അനധികൃതമയി വെച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചു വയസുകാരൻ മരണമടഞ്ഞിതിനെ അവർ ആഘോഷമാക്കി. ഹോസ്പിറ്റലിലേക്കുള്ള റോഡ് പ്രതിഷേധം എന്ന നിലയിൽ ഉപരോധിച്ചു. സമര നാടകത്തിനിടക്ക് ആഘോഷപൂർവം ഫോട്ടോ എടുത്ത് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കല സാമൂഹിക മാധ്യമങ്ങളിലും ഇട്ടു. മരണത്തേയും വോട്ടാക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമത്തിനെതിരെ ജനരോഷം ഉയർന്നതോടെ ഉയർന്നു വന്ന വിഷ പത്തി താഴ്ത്താൻ കോൺഗ്രസ് നിർബന്ധിതമായി.
Also Read: അനന്തുവിന്‍റെ മരണം വോട്ടാക്കാന്‍ നോക്കിയ കോണ്‍ഗ്രസ്: കഴുകന്‍റെ മനസ്സുള്ളവരെ ജനം തിരുത്തും
ഈസി വാക്ക് ആയിരിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ജയം എന്ന് വിചാരിച്ചിരുന്ന കോൺഗ്രസിന്റെ അത്യാഗ്രഹങ്ങൾക്കേറ്റ അടിയായിരുന്നു എം സ്വരാജിന്റെ സ്ഥാനാർഥിത്വം. അതോടെ സമനില തെറ്റിയ കോൺഗ്രസ് നേതൃത്വം പ്രചരണത്തിനായി നുണകളുടെ ഭാണ്ഡക്കെട്ട് അഴിച്ചു. ആവർത്തിച്ചാവർത്തിച്ച് നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗീബൽസിയൻ തന്ത്രമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പ്രയോഗിക്കുന്നത്. അസത്യ പ്രചരണങ്ങളുടെ അപ്പോസ്തലന്മാരായി മാറിയ കോൺഗ്രസിന്റെ കഴുകൻ ബുദ്ധിയിൽ ഇനിയും വിരിയും അല്പത്തരങ്ങൾ. എന്നാൽ എത്രയോ ദുരന്തങ്ങളെ അതിജീവിച്ച, വിദ്വേഷ പ്രചരണങ്ങൾ പൊരിതി തോൽപ്പിച്ച കേരളത്തിലെ ജനത ഈ ദുരന്തവും അതിജീവിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

