കര്‍ണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്; പരസ്യ പ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്

കര്‍ണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്. പരസ്യ പ്രതികരണം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.എസി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല നിര്‍ദേശം നല്‍കി. കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് പരസ്യ പ്രതികരണം വിലക്കി ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് നാല് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെ അനുനയിപ്പിക്കാനാകാതെ കുഴയുകയാണ് ഹൈക്കമാന്‍ഡ്. ഡി.കെ ശിവകുമാറുമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മറ്റൊരു പദവിയും വേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡി.കെ ശിവകുമാര്‍. വീതംവെച്ചുള്ള മുഖ്യമന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും വേണ്ടെന്ന് ശിവകുമാര്‍ വ്യക്തമാക്കി. ഇതോടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here