‘2000 രൂപ നോട്ടിന്റെ നിരോധനത്തിന് പിന്നില്‍ ചിപ്പ് ക്ഷാമമെന്ന് പറയരുത്; 2016 ലെ പ്രേതം വീണ്ടും വേട്ടയാടാനെത്തി’: പവന്‍ ഖേര

2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്ത്. നോട്ട് നിരോധനത്തിലൂടെ 2016 നവംബര്‍ എട്ടിന്റെ പ്രേതം വീണ്ടും രാജ്യത്തെ വേട്ടയാടാന്‍ തിരിച്ചെത്തിയിരിക്കുന്നതായി പവന്‍ ഖേര പറഞ്ഞു. കള്ളപ്പണം തടയാന്‍ 2000 രൂപ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന ബി.ജെ.പിയുടെ പൊള്ളയായ അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചു. ലോകം നേരിടുന്ന ചിപ്പ് ക്ഷാമം 2000 രൂപ നിരോധനത്തിന് കാരണമായി പറയില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു പവന്‍ ഖേരയുടെ പരിഹാസം.

ഏറെ കൊട്ടിഘോഷിച്ച 2016ലെ നോട്ട് അസാധുവാക്കല്‍ നടപടി വരുത്തിവെച്ച വിപത്ത് ഇപ്പോഴും രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ 2000 രൂപ നോട്ട് പുറത്തിറക്കിയപ്പോള്‍ അതിന്റെ ഗുണഗണങ്ങളെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ ബോധവത്കരിച്ചിരുന്നു. ഇന്ന് അച്ചടി നിര്‍ത്തിയപ്പോള്‍ ആ വാഗ്ദാനങ്ങള്‍ക്കെല്ലാം എന്ത് സംഭവിച്ചുവെന്നും പവന്‍ ഖേര ചോദിച്ചു. ഇത്തരമൊരു നടപടിയുടെ ഉദ്ദേശ്യം സര്‍ക്കാര്‍ വിശദീകരിക്കണം. ജനവിരുദ്ധ-ദരിദ്ര വിരുദ്ധ അജണ്ട സര്‍ക്കാര്‍ തുടരുകയാണ്. ഇത്രയും കടുത്ത നടപടിയെക്കുറിച്ച് മാധ്യമങ്ങള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകീട്ടോടെയാണ് രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന ആര്‍ബിഐയുടെ പ്രഖ്യാപനം വന്നത്. നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. 2000 നോട്ടുകള്‍ വിതരണം ചെയ്യുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും ഈ വരുന്ന സെപ്റ്റംബര്‍ 30 വരെ സമയം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News